Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെട്ടിപ്പിടിത്ത വിവാദം: പൂർവ വിദ്യാർഥി പറയുന്നു– ‘അവരെന്റെ സ്കൂൾ ജീവിതം ഒരു ദുഃസ്വപ്നമാക്കി മാറ്റി’

boy_Girl പ്രതീകാത്മകചിത്രം.

രണ്ട് സ്കൂൾ കുട്ടികൾ കെട്ടിപ്പിടിക്കുമ്പോൾ അവർക്കിടയിൽ സൗഹൃദം മാത്രമേയുണ്ടായിരുന്നുള്ളൂ. പക്ഷേ കണ്ടുനിന്ന ടീച്ചർക്ക് അതിൽ അസ്വാഭാവികത കൂടി തോന്നി. അവർ പരാതിപ്പെട്ടു. അതിനെത്തുടർന്ന് ആ കുട്ടികൾക്ക് അനുഭവിക്കേണ്ടി വന്നത് ദുരിതപർവത്തിന്റെ നാളുകൾ.

2017 ജൂലൈയിൽ സസ്പെൻഡ് ചെയ്യപ്പെട്ടു. പിന്നാലെ പുറത്താക്കപ്പെട്ടു. തിരുവനന്തപുരത്തെ മുക്കോലയ്ക്കൽ സെന്റ് തോമസ് സെൻട്രൽ സ്കൂളിലായിരുന്നു സംഭവം. ഇതിനെ ചോദ്യം ചെയ്തതിനെത്തുടർന്ന് വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ അവസരം നൽകുന്നതിനെപ്പറ്റി ചർച്ച ചെയ്യാൻ സ്കൂൾ അധികൃതർ ഒരു കൂടിക്കാഴ്ചയ്ക്കു തയാറായിട്ടുണ്ട്. മാത്രവുമല്ല രണ്ടായിരത്തോളം പൂർവവിദ്യാർഥികൾ ഒപ്പിട്ട ഒരു നിവേദനം സ്കൂളിനു മുന്നിലുണ്ട്. എന്നാൽ, വിവിധയിടങ്ങളിൽ നിന്ന് സ്കൂളിനെതിരെ രോഷം പുകയുമ്പോൾ പൂർവവിദ്യാർഥികളിൽ ഒരാൾത്തന്നെ തനിക്കുണ്ടായ മോശം അനുഭവത്തെപ്പറ്റി വിവരിച്ച് രംഗത്തെത്തി. 

തിരുവനന്തപുരം സ്വദേശി റീയ എലിസബത്ത് ജോർജ് ആണ് എൻഡിടിവി ന്യൂസ് വെബ്സൈറ്റ് ബ്ലോഗിൽ തന്റെ അനുഭവം വിവരിച്ചത്. ഒരു അധ്യാപക ദിനത്തിൽ തങ്ങളെ ഇന്നത്തെ നിലയിലെത്തിച്ച അധ്യാപകരെ പ്രകീർത്തിച്ചു കൊണ്ട് സുഹൃത്തുക്കൾ പോസ്റ്റ് ചെയ്ത കാര്യങ്ങളിലേക്ക് ശ്രദ്ധ ക്ഷണിച്ചു കൊണ്ടാണ് റീയയുടെ കുറിപ്പിന്റെ തുടക്കം. തനിക്ക് അത്തരത്തിലുള്ള വികാരപ്രകടനങ്ങളോട് യാതൊരു താത്പര്യവും തോന്നിയിരുന്നില്ലെന്ന് റീയ പറയുന്നു. കാരണവുമുണ്ട്.

തന്നോട് വളരെ അപൂർവമായി മാത്രമേ ഏതെങ്കിലും ഒരു ടീച്ചര്‍ അനുകമ്പയോടെ എന്തെങ്കിലും പറയുകയോ, അല്ലെങ്കിൽ എന്റെ ജീവിതത്തെ എന്നന്നേക്കുമായി മാറ്റാവുന്ന തരത്തിൽ ഒരു കാര്യത്തെപ്പറ്റി പറയുകയും ചെയ്തിട്ടുള്ളൂ. അതിനാൽത്തന്നെ ഏതാനും അധ്യാപകരിൽ നിന്നു തനിക്കു നേരെയുണ്ടായ ഉപദ്രവത്തെയും അവരുടെ ദേഷ്യത്തിനു മുന്നിൽ താൻ ഇരയാക്കപ്പെട്ടതിനെപ്പറ്റിയും എഴുതാൻ തീരുമാനിച്ചു. അതിനു ശേഷം നാലു വർഷം കഴിഞ്ഞു. ഇപ്പോൾ താൻ പഠിച്ച അതേ സ്കൂൾ കെട്ടിപ്പിടിത്തത്തിന്റെ പേരിൽ രണ്ട് കുട്ടികളെ പുറത്താക്കിയ വാർത്തയെത്തിയിരിക്കുന്നു. എന്നാൽ ആ കുട്ടികൾ മാതാപിതാക്കളുടെ പിന്തുണയോടെ ഈ അനീതിക്കെതിരെ പോരാടാനുറച്ചിരിക്കുന്നു. 

റീയയുടെ വാക്കുകൾ തുടരുകയാണ്– ‘ 2006ലാണ് ഞാൻ ഈ സ്കൂൾ വിടുന്നത്. ഇന്നും കുട്ടികൾക്കു നേരെയുള്ള ചിലരുടെ ഉപദ്രവം അവിടെ തുടരുന്നു. ഇക്കാര്യത്തിൽ സ്കൂൾ മാനേജ്മെന്റിന്റെയും അധികൃതരുടെയും ഇടപെടൽ അത്യാവശ്യമാണ്. ഇപ്പോഴുള്ള അധ്യാപകരുടെയും പുതിയതായി എത്തിയവരുടെയും ഇനി വരാനിരിക്കുന്നവരുടെയും കാര്യത്തിലെല്ലാം ശ്രദ്ധ വേണം. മാതാ അമൃതാനന്ദമയിയുടെ ആശ്രമത്തിൽ നിന്ന് അധികം ദൂരെയല്ല ഈ സ്കൂള്‍ എന്നത് വിരോധാഭാസമായി തോന്നാം.

ആലിംഗനത്തോടെ സ്നേഹം പകരുന്ന ‘അമ്മ’യുടെ ആശ്രമമാണ് അതെന്നും ഓർക്കണം. ഇപ്പോൾത്തന്നെ ലോകത്തിൽ സ്നേഹവും സമാധാനവും കുറവാണ്. ബാക്കിനിൽക്കുന്നതും കൂടി കുടിച്ചു വറ്റിക്കരുത് ആരും. സമൂഹമാധ്യമങ്ങളിൽ സ്കൂളിനെപ്പറ്റി പല കാര്യങ്ങളും വരുന്നുണ്ട്. എന്നാൽ ഇതൊരു സ്കൂൾ കേന്ദ്രീകൃത സംഭവമല്ല. മറിച്ചൊരു അധ്യാപക കേന്ദ്രീകൃത സംഭവമാണ്. സ്കൂളിനെ കുറ്റപ്പെടുത്തി നാം സംസാരിക്കുമ്പോഴെല്ലാം യഥാർഥ പ്രതി രക്ഷപ്പെടുകയാണെന്നാണ് എന്റെ അഭിപ്രായം. പലരും പറഞ്ഞു കേട്ടു, ഈ സംഭവത്തിൽ ഉൾപ്പെട്ട പെൺകുട്ടി ഒരു പൊതുചർച്ചയ്ക്കും വരാനാകാത്ത വിധം ആഘാതത്തിലാണെന്ന്. ആ കുട്ടി ഇതെല്ലാം എങ്ങനെ നേരിടുന്നുവെന്നു പോലും ചിന്തിക്കാനാകുന്നില്ല. അവൾക്ക് എല്ലാ പിന്തുണയും ലഭിക്കുമെന്നു തന്നെയാണു വിശ്വാസം. 

പക്ഷേ ഇതിനിടെ ഒരാളെ നമ്മൾ വിട്ടു കളയുന്നില്ലേ? ആ ടീച്ചറിനെ? കുട്ടികളും അവരുടെ മാതാപിതാക്കളും മാപ്പു പറഞ്ഞിട്ടും സംഭവം വിട്ടുകളയാതിരുന്ന ആ വ്യക്തി; കുട്ടികളെ പുറത്താക്കുന്നതിനു വേണ്ടി ഏതറ്റം വരെയും പോകാൻ തയാറായ ആ ടീച്ചർ. അവരിപ്പോഴും താൻ ചെയ്തത് ശരിയായ കാര്യമാണെന്നു ചിന്തിക്കുകയാണെങ്കില്‍ അവർക്ക് എവിടെ വന്നു വേണമെങ്കിലും തന്റെ അഭിപ്രായം പറയാൻ പ്രശ്നമൊന്നുമുണ്ടാകില്ല.  അഭിപ്രായം പറയുമ്പോൾ സ്വകാര്യത പ്രശ്നമാണെങ്കിൽ അവർക്ക് അതിനനുസരിച്ച് സംസാരിക്കുകയും ചെയ്യാം...’ റീയ കുറിക്കുന്നു. 

തന്നെ പഠിപ്പിച്ച ചില അധ്യാപകരെ കുറിച്ച് ആലോചിക്കുമ്പോൾ ബഹുമാനക്കുറവല്ലാതെ മറ്റൊന്നും തോന്നാറില്ലെന്നും റീയ പറയുന്നു. ഇതിനു കാരണമായി സെന്റ് തോമസ് സ്കൂളിൽ വച്ചുണ്ടായ അനുഭവവും റീയ വ്യക്തമാക്കി– ‘എല്ലാ വർഷവും സ്കൂൾ മാനേജ്മെന്റിന്റെ ഒരു പ്രതിനിധി ഇൻസ്പെക്‌ഷനു വരുന്ന പതിവുണ്ട്. ക്ലാസ് കഴിഞ്ഞ്, അധ്യാപകരുടെ അഭാവത്തിൽ അദ്ദേഹം ഞങ്ങളോട് ചിലരുടെ അധ്യാപനം ഗുണകരമാണോയെന്ന ചോദ്യം ഉന്നയിക്കും. ഒരു ടീച്ചറെപ്പറ്റിയും അങ്ങനെ ചോദിച്ചു. ഞാനെഴുന്നേറ്റു നിന്ന് എല്ലാക്കാര്യങ്ങളും പറയാമെന്നറിയിച്ചു. പക്ഷേ അക്കാര്യം തികച്ചും രഹസ്യമായി സൂക്ഷിക്കുകയാണെങ്കിൽ മാത്രം.  ഇന്‍സ്പെക്ടർ പെട്ടെന്നു തന്നെ സമ്മതിച്ചു.

തുടർന്ന് അധ്യാപനത്തിലെ പ്രശ്നങ്ങളെപ്പറ്റി ഞാൻ പറയുകയും ചെയ്തു. ചില കൂട്ടുകാർ അതു പിന്താങ്ങി. ഇക്കാര്യം വൈകാതെ തന്നെ അദ്ദേഹം പ്രിൽസിപ്പാളിനെയും അറിയിച്ചു. എന്നാൽ ഇൻസ്പെക്‌ഷന്റെ എല്ലാ രഹസ്യസ്വഭാവവും കാറ്റിൽപ്പറത്തി പ്രിന്‍സിപ്പാൾ ഇക്കാര്യം ബന്ധപ്പെട്ട ടീച്ചറെയും മറ്റ് അധ്യാപകരെയും അറിയിച്ചു. അതിനു ശേഷം സ്കൂൾ ജീവിതം തീരും വരെ എന്റെ ഓരോ ദിനവും ദുഃസ്വപ്നങ്ങളായി മാറും വിധമുള്ള പ്രവർത്തനങ്ങളായിരുന്നു അധ്യാപകരുടെ ഭാഗത്തു നിന്നുണ്ടായത്.  ടീച്ചർമാരുടെ ‘ബാഡ്ബുക്കിൽ’ കയറിയാൽ സ്വാഭാവികമായും നമ്മുടെ സുഹൃത്തുക്കളും ശത്രുക്കളായി മാറുന്ന പതിവും ഇവിടെ തുടർന്നു...’ റീയ വ്യക്തമാക്കുന്നു. 

സംഭവത്തിൽ ഉൾപ്പെട്ട ആൺകുട്ടിയെയും മാതാപിതാക്കളെയും ജനുവരി മൂന്നിന് കൂടിക്കാഴ്ചയ്ക്കു ക്ഷണിച്ചിട്ടുണ്ട് സ്കൂൾ. എന്നാൽ പെൺകുട്ടിയുടെ കാര്യത്തിൽ, അവളുടെ ഭാവി എന്തായിരിക്കുമെന്ന് ആരും പറയുന്നില്ല. അവൾ സ്കൂളിലേക്ക് തിരികെ വരുമോ? സാധാരണ പോലെ സ്കൂൾജീവിതം അവൾക്കിനി സാധ്യമാകുമോ? സ്കൂളിലെ അധ്യയന വർഷം പൂർത്തിയാക്കാനെങ്കിലും എന്ത് സഹായമായിരിക്കും അവർ പെൺകുട്ടിക്ക് നൽകുക? അവളുടെ നഷ്ടപ്പെട്ട ക്ലാസുകളോ? അധ്യാപകർ അവൾക്ക് എക്സ്ട്രാ ക്ലാസുകൾ എടുത്തുകൊടുക്കുമോ?’ നിലവിലെ സംഭവം ഒട്ടേറെ സത്യങ്ങളിലേക്കാണ് വിരൽചൂണ്ടുന്നത്. ഒരു ടീച്ചർക്ക് വിദ്യാർഥിയെ എളുപ്പത്തിൽ വളർത്തിയെടുക്കാനും ഒന്നുമല്ലാതാക്കാനും സാധിക്കും. അരക്ഷിതാവസ്ഥ, ആശങ്ക, ഡിപ്രഷൻ തുടങ്ങിയ അവസ്ഥകളിലൂടെ എല്ലാവരും കടന്നു പോകുന്ന ഈ ലോകത്ത് അധ്യാപകർ വിദ്യാർഥികളുടെ കാര്യത്തിൽ പ്രത്യേകം കരുതൽ കൊടുക്കേണ്ടതുണ്ട്. പ്രത്യേകിച്ച് ടീനേജുകാരുടെ കാര്യത്തിൽ. 

ഒട്ടേറെ വൈകാരിക തലങ്ങളിലൂടെ കടന്നുപോകുന്നതിനൊപ്പം തന്നെ ഒരു നല്ല സർവകലാശാലയിൽ അഡ്മിഷനു വേണ്ടിയുള്ള ടെൻഷനുമുണ്ടാകും അവരുടെ മനസ്സിൽ. ഈ കുട്ടികളെ ഒരുപാട് സ്നേഹം കൊണ്ടും കരുതൽ കൊണ്ടും കൃത്യസമയത്തു ശരിയായ മാർഗനിർദേശങ്ങളും നൽകി വേണം കൈകാര്യം ചെയ്യാൻ. സ്കൂളുകളിൽ ഉപദ്രവിക്കപ്പെടുകയോ ഇരകളാക്കപ്പെടുകയോ ചെയ്താൽ കുട്ടികൾക്കു വേണ്ടി സംസാരിക്കാൻ മാതാപിതാക്കളും മുന്നോട്ടു വരണം.  അധ്യാപകരോടും പറയാനുണ്ട്– ‘നിങ്ങൾ ബഹുമാനം അർഹിക്കുന്ന വിധത്തിൽ പ്രവർത്തിച്ചാൽ മാത്രമേ അത് തിരികെ ലഭിക്കുകയുളളൂ’. കുട്ടികളോട് പറയാനുള്ളത് ഇതാണ്– ‘നിങ്ങൾക്കു നേരെ വരുന്ന പക ഒരു തരത്തിലും നിങ്ങളെ തകരാൻ അനുവദിക്കരുത്. മറിച്ച് കരുത്തരാകുന്നതിനുള്ള ഊർജമാക്കി മാറ്റുക...’ റീയ പറഞ്ഞു നിർത്തുന്നു.