Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൂജയെ കണ്ടാൽ എല്ലാവരും ഇംഗ്ലീഷിൽ മാത്രമേ സംസാരിക്കൂ; പക്ഷേ സത്യമറിയുമ്പോൾ അവർ അന്തംവിടും

pooja

മുംബൈയിലെയെന്നല്ല ഇന്ത്യയിലെ ഏതു ടൂറിസ്റ്റ് കേന്ദ്രത്തിൽ പോയാലും പൂജ ഗണത്രയോട് ഗൈഡുകളും കച്ചവടക്കാരും ഇംഗ്ലിഷിലേ സംസാരിക്കൂ. ടാക്സിയിൽ കയറിയാലും ഇംഗ്ലിഷിലായിരിക്കും ഡ്രൈവറുടെ സംസാരം. പക്ഷേ പൂജ നല്ല ‘കൂളായി’ ഹിന്ദി പറയും.

പൂജയോട് ഇംഗ്ലിഷ് പറയുന്നവരെല്ലാം അതുകേട്ട് അന്തംവിട്ടിരിക്കുകയും ചെയ്യും. പൂജ ഇന്ത്യക്കാരിയാണെന്നും മുംബൈയിലാണു ജനിച്ചു വളർന്നതെന്നും പറഞ്ഞാൽ ഒരാളു പോലും വിശ്വസിക്കില്ല. കാരണം, കാഴ്ചയിൽ വിദേശികളുടേതിനു സമാനമായ ‘ലുക്ക്’ ആണ് പൂജയ്ക്ക്. വെളുത്ത ശരീരം, ചെമ്പൻ തലമുടി, പൂച്ചക്കണ്ണ്, പിന്നെ വിദേശികളുടെ ദേഹത്തു കാണുന്ന തരം തവിട്ടു പുള്ളിക്കുത്തുകളും.

മുഖത്തും നിറയെ ഇത്തരത്തിലുള്ള അടയാളങ്ങളാണ്. ഒറ്റക്കാഴ്ചയിൽ അമേരിക്കയിൽ നിന്നോ ബ്രിട്ടണിൽ നിന്നോ വന്ന ടൂറിസ്റ്റല്ലെന്ന് ആരും തന്നെ പറയില്ല. അതു തന്നെയാണു ഈ ഇരുപത്തിനാലുകാരിയുടെ പ്രശ്നവും. 

ജനിച്ച നാൾ മുതൽ അനുഭവിക്കുന്നതാണ് നിറത്തിന്റെ പ്രശ്നം. പൂജയുടെ അച്ഛൻ, അൻപത്തിയൊന്നുകാരനായ രാജേഷിന് ഇരുണ്ട നിറമാണ്. കാഴ്ചയിൽ ഒരിന്ത്യക്കാരന്‍ തന്നെ. അമ്മ ഹേമാക്ഷിയാകട്ടെ ഇരുനിറക്കാരിയും. ദേഹത്ത് ഏതാനും പുള്ളിക്കുത്തുകളുമുണ്ട്. പക്ഷേ പൂജയുടേതു പോലെ മുഖത്ത് പാടുകളൊന്നുമില്ല.

ബന്ധുക്കളിലുമുള്ള ഇത്തരത്തിൽ പ്രശ്നമുള്ളവർ. പൂജ ജനിച്ചപ്പോൾ രാജേഷും ഹേമാക്ഷിയും ആദ്യം കരുതിയത് കുട്ടിക്ക് എന്തോ അസുഖമാണെന്നാണ്. ഭാവിയിൽ അവളുടെ ചികിത്സയ്ക്കു വേണ്ടി സമയം മാറ്റിവയ്ക്കാൻ മറ്റൊരു കുട്ടി വേണ്ടെന്നു വരെ അവർ തീരുമാനിച്ചു. പക്ഷേ പൂജയ്്ക്ക് ഒരു കുഴപ്പവുമുണ്ടായില്ല. തികച്ചും ആരോഗ്യവതിയായി അവൾ വളർന്നു. 

പക്ഷേ കുട്ടിയായിരിക്കെ സ്കൂളിലും പിന്നീട് മുതിർന്നപ്പോൾ കോളജിലും ഒട്ടേറെപ്പേരുടെ കളിയാക്കലിനു വിധേയയായിരുന്നു പൂജ. കോളജിൽ സ്ലീവ്‌ലസ് വസ്ത്രം ധരിച്ചു വരല്ലേയെന്നു വരെ പറഞ്ഞു. വെളുത്ത നിറം കൂടുതൽ  പ്രകടമാകുന്നതായിരുന്നു പ്രശ്നം. മുഖത്തെ പാടിനെയും വിദേശികളുടേതിനു സമാനമായ മുഖവുമൊക്കെപ്പറഞ്ഞ് ഒപ്പം പഠിക്കുന്നവർ വരെ കളിയാക്കി. തനിക്കൊരു ബോയ് ഫ്രണ്ട് ഉണ്ടാകുമോയെന്നു പോലും പേടിച്ചിരുന്നതായി പൂജ പറയുന്നു.

മുഖത്തെ പാടുകളാണെങ്കിൽ ചൂടേറ്റാൽ കൂ‍ടുതൽ തെളിയും. മുംബൈയിലെ ചൂട് പ്രശ്നത്തെ പിന്നെയും രൂക്ഷമാക്കി. അതിനിടെ പലതരം സൗന്ദര്യവർധകവസ്തുക്കളും പ്രയോഗിച്ചു. ഒന്നും വിലപ്പോയില്ല. ലേസർ ചികിത്സയോ കോസ്മറ്റിക് സർജറിയോ ചെയ്താൽ പ്രശ്നങ്ങള്‍ മാറുമെന്നു ചിലർ പറഞ്ഞെങ്കിലും അതിന്റെ ആവശ്യമില്ലെന്നു പറഞ്ഞ് പൂജ തന്നെ ഒഴിവാക്കുകയായിരുന്നു. 

ഇന്ന് ഒരു വസ്ത്രനിർമാണ കമ്പനിയുടെ ഉടമയാണ് പൂജ. തന്റെ നിറം ഇപ്പോഴൊരു പ്രശ്നമായിട്ടേ തോന്നാറില്ലെന്നു പറയുന്നു ഈ പെൺകുട്ടി. അടുത്തിടെ ഒരു യൂറോപ്യൻ യാത്ര നടത്തിയിരുന്നു. അവിടെ എല്ലാവരും പൂജയെപ്പോലെയായതിനാൽ യാതൊരു പ്രശ്നവുമില്ല. എന്നാൽ വിമാനത്താവളത്തിൽ കസ്റ്റംസ് ഓഫിസർ പാസ്പോർട്ടിൽ നോക്കി താൻ വിദേശിയല്ലെന്നറിഞ്ഞ് അന്തംവിട്ടിരിന്നിട്ടുണ്ടെന്നും പൂജയുടെ വാക്കുകൾ.

ഇതിനിടയ്ക്ക് വിദഗ്ധ ഡോക്ടർമാരെയും കണ്ടു. ‘ആറ്റവിസം’ എന്ന ശാരീരികാവസ്ഥയാകാനാണു സാധ്യതയെന്ന് അവർ പറയുന്നു. ജനിതകപരമായി കൈമാറ്റം ചെയ്യപ്പെടുന്ന പൂർവികരുടെ ഒരു സ്വഭാവവിശേഷം വർഷങ്ങളോളം പുറത്തുവരാതെ ‘മൂടിക്കിടന്ന്’ പെട്ടെന്നൊരുനാൾ ഏതെങ്കിലും ഒരു തലമുറയിൽ പ്രകടമാകുന്നതാണ് ആറ്റവിസം. 

ബ്രിട്ടൺ അധിനിവേശം നടത്തിയ രാജ്യമാണ് ഇന്ത്യ. പൂജയുടെ പൂർവികർ അതിനാൽത്തന്നെ ബ്രിട്ടിഷുകാരായിരിക്കാം. അവർ തലമുറ കൈമാറി വന്ന നിറവും പൂച്ചക്കണ്ണും ചെമ്പൻ തലമുടിയുമെല്ലാം ഇടയ്ക്ക് നിന്നിട്ടുണ്ടാകും. വർഷങ്ങൾക്കപ്പുറം അത് പൂജയിൽ അപ്രതീക്ഷിതമായി പ്രകടമാകുകയും ചെയ്തു. ഇതാണ് ഡോക്ടർമാർ നൽകുന്ന വിശദീകരണം. പൂജയുടെ കുടുംബത്തിലെ ഏറ്റവും മുതിർന്ന അംഗമായിരുന്ന അച്ഛന്റെ അമ്മ നേരത്തേ മരിച്ചതിനാൽ ആരാണ് തങ്ങളുടെ പൂർവികർ എന്നു ചോദിച്ചു മനസ്സിലാക്കാനായില്ല.

ഈ സാഹചര്യത്തിൽ തന്റെ പൂർവികരെ കണ്ടെത്താൻ ഒരുനാൾ ഡിഎൻഎ ടെസ്റ്റു തന്നെ നടത്താനാണു പൂജയുടെ തീരുമാനം.  ഒട്ടേറെ സൗന്ദര്യവർധക ക്രീമുകളും പൗഡറുമെല്ലാമുണ്ട് വിപണിയിൽ. പക്ഷേ താൻ ഇപ്പോഴെങ്ങനെയാണോ അതേപോലെത്തന്നെ ഇനിയുള്ള നാളുകളിലും മുഖത്തെ പുള്ളിക്കുത്തും പൂച്ചക്കണ്ണുമെല്ലാമായി ജീവിതം തുടരാനാണു തീരുമാനം. അതിലാണ് പൂജയുടെ അഭിമാനവും.