സന്തോഷിക്കാന്‍ ആഗ്രഹിക്കാത്തവരായി ആരുമുണ്ടെന്ന് തോന്നുന്നില്ല. എന്നാല്‍ എന്താണ് നമ്മുടെ സന്തോഷങ്ങളുടെ കാരണങ്ങള്‍? സന്തോഷങ്ങള്‍ക്കും ഒരു ശാസ്ത്രമുണ്ട്. ആ ശാസ്ത്രം കണ്ടെത്താനാണ് സോള്‍ പാന്‍ കേക്ക് (soulpancake) അടുത്തയിടെ ഒരു സര്‍വ്വേ നടത്തിയത്.
ലോകത്തിലെ അറിയപ്പെടുന്ന ഏറ്റവും ക്രിയാത്മകവും പ്രചോദനാത്മകവുമായ മീഡിയ എന്റര്‍ടെയ്ന്‍മെന്റ് കമ്പനിയാണ് ഇത്. ഈ സർവേയില്‍ പലരും പങ്കെടുത്തുവെങ്കിലും മറ്റെല്ലാവരെയും അതിശയിപ്പിച്ചുകൊണ്ട് ഒന്നാമതെത്തിയത് ഒരു സ്ത്രീയാണ്. ലോകത്തിലെ ഏറ്റവും സന്തോഷമുള്ള സ്ത്രീയായി അവരെയാണ് തിരഞ്ഞെടുത്തതും. അവരുടെ സന്തോഷത്തിന്റെ കാരണങ്ങള്‍ എന്താണെന്ന് അറിയാമോ?
അനുദിന ജീവിതത്തില്‍ താന്‍ സന്തോഷം കണ്ടെത്തുന്ന മൂന്നു വഴികളെക്കുറിച്ച് ആ സ്ത്രീ പങ്കുവച്ചത് ഇങ്ങനെയാണ്.
നന്ദിയുള്ള മനസ്സുണ്ടായിരിക്കുക
ഓരോ ദിവസവും ഉണര്‍ന്നെഴുന്നേൽക്കുമ്പോൾ ദൈവത്തിന് നന്ദി പറയുക. ഉണരാന്‍ കഴിഞ്ഞതിനും മറ്റൊരു ദിവസം കൂടി ലഭിച്ചതിനും. പിന്നീട് വെള്ളത്തിന് നന്ദി പറയുക, സോപ്പിന് നന്ദി പറയുക, ടൂത്ത് പേസ്റ്റിന് നന്ദി പറയുക, ഭക്ഷണത്തിന് നന്ദി പറയുക ഓരോ ദിവസവും അനുഗ്രഹിക്കപ്പെട്ടതാണ്. ഓരോ ദിവസത്തിനും അതിന്റേതായ ചില പ്രശ്‌നങ്ങളുണ്ടായിരിക്കാം. പക്ഷേ ആ പ്രശ്‌നങ്ങള്‍ക്ക് അപ്പുറം അതില്‍ അനുഗ്രഹവുമുണ്ടെന്ന് തിരിച്ചറിയുക.
സഹായിക്കാനും സേവിക്കാനും സന്നദ്ധരായിരിക്കുക
മറ്റുള്ളവരെ സേവിക്കാനും സഹായിക്കാനും അവസരം കണ്ടെത്തുക. മനുഷ്യരെ സേവിക്കുന്നത് ദൈവത്തെ സേവിക്കാന്‍ അവസരം കിട്ടുന്നതിന് തുല്യമാണ്. മാനവ സേവ മാധവ സേവ എന്നാണല്ലോ ഭാരതീയ സങ്കൽപ്പവും. ആരെയൊക്കെ ഇന്നേ ദിവസം സഹായിക്കാന്‍ കഴിയും എന്ന് ആലോചിക്കുക. കഴിയുന്നത്രവിധത്തില്‍ അവരെ സഹായിക്കുക. ഇങ്ങനെ സഹായിക്കുന്നത് സന്തോഷത്തിന്റെ മറ്റൊരു കാരണമാണ്.
നിഷ്‌ക്കളങ്കരായിരിക്കുക
നിഷ്‌ക്കളങ്കതയെ ശിശുസഹജമായ പ്രവണതകളായിട്ടാണ് ഇവിടെ വിലയിരുത്തിയിരിക്കുന്നത്. കൊച്ചുകുട്ടികളുടെ പ്രത്യേകത നമുക്കറിയാം. അവര്‍ക്ക് സ്ഥായിയായ വിദ്വേഷമില്ല, പകയില്ല, പിണക്കങ്ങളില്ല. അവരുടെ മനസ്സ് വളരെ ശാന്തമാണ്. തീരെ ചെറിയ കാര്യങ്ങളിലും സന്തോഷം കണ്ടെത്താന്‍ അവര്‍ക്കു കഴിയും. എളിമ നിറഞ്ഞ മനസ്സായിരിക്കും അവരുടേത്. ഇത്തരമൊരു മനോഭാവം സന്തോഷത്തിലേക്കുള്ള വഴികാട്ടി തന്നെയാണ്. എന്താ സന്തോഷിക്കാന്‍ നമുക്കും ഈ വഴി ഒന്ന് ശ്രമിച്ചുനോക്കിയാലോ?