തിരശ്ശീലയിൽ ഏറ്റവും കൂടുതൽ കയ്യടി നേടുന്നവരാണ് പൊലീസ് ഉദ്യോഗസ്ഥർ. യഥാർഥ ജീവിതത്തിൽ അത്തരം വീരനായകരെ കാണാൻ കിട്ടാത്തപ്പോൾ ജനം നിരാശരാകുന്നു. ഈ പതിവിന് അവസാനം കുറിക്കുന്ന ഒരു പൊലീസ് ഓഫിസറെ പരിചയപ്പെടാം. ഒരു വനിത. ഗുജറാത്ത് പൊലീസിലെ അസിസ്റ്റന്റ് കമ്മിഷ്ണർ മഞ്ജിത വൻസാര.
പൊലീസ് ഉദ്യോഗസ്ഥയാകുക എന്ന ലക്ഷ്യത്തോടെയായിരുന്നില്ല മഞ്ജിതയുടെ പഠനം മുന്നോട്ടു പോയത്. പേരുകേട്ട കൊളേജുകളിൽ നിന്ന് എൻജിനീയറിങ്, ഫാഷൻ ഡിസൈനിങ് എന്നിവയിൽ ബിരുദം നേടിയ ശേഷമാണ് മഞ്ജിത പൊലീസിൽ എത്തുന്നത്.
ഐപിഎസ് നേടി ജനങ്ങളെ സേവിക്കുന്നത് ജോലിയായല്ല കടമയായാണ് മഞ്ജിത സ്വീകരിച്ചത്. സമ്പന്ന കുടുംബത്തിലായിരുന്നു മഞ്ജിതയുടെ ജനനം. ബന്ധുക്കളിൽ പലരും സർക്കാർ ഉദ്യോഗസ്ഥർ. പക്ഷേ മഞ്ജിത വളർന്നത് സാധാരണക്കാരിയായി. അതുകൊണ്ടു തന്നെ സാധാരണക്കാരുടെ ജീവിതരീതികൾ ചെറുപ്പത്തിലേ പഠിച്ചു.
12–ാം ക്ലാസിനു ശേഷം എൻജിനീയറിങ് പഠനം. ഇക്കാലത്താണ് ഫാഷൻ ഡിസൈനിങിൽ കൗതുകം തോന്നുന്നത്. ബിടെക് ബിരുദം നേടിയതിനു ശേഷം പ്രവേശന പരീക്ഷ വിജയിച്ച് ഫാഷൻ പഠനത്തിലേക്ക്. ചില പ്രശസ്ത ബ്രാൻഡുകൾക്കൊപ്പം ജോലി ചെയ്തെങ്കിലും ബിരുദാനന്തര ബിരുദത്തിന് ' വിദ്യാഭ്യാസം' തിരഞ്ഞെടുത്തു. ഇക്കാലത്ത് ഗാന്ധിനഗറിലെ ഒരു ബിഎഡ് കൊളേജിൽ അധ്യാപികയായും ജോലി ചെയ്തു. ജോലിക്കിടെ സിവിൽ സർവീസ് പഠനവും ആരംഭിച്ചു. 2013 ൽ സ്വപ്നം സഫലമായി. മഞ്ജിതയ്ക്ക് അസിസ്റ്റന്റ് കമ്മീഷ്ണർ പദവി ലഭിച്ചു.
ജീവിതത്തിൽ മഞ്ജിതയ്ക്ക് ഏറ്റവും കൂടുതൽ പ്രചോദനം നൽകിയത് അമ്മയാണ്. പ്രതികൂലസാഹചര്യങ്ങളെത്തുടർന്ന് പഠനം പാതിവഴിയിൽ നിർത്തിയ അമ്മ എന്നും മകളുടെ സ്വപ്നങ്ങൾക്ക് താങ്ങും തണലുമായി. ഇന്ന് അറിയപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥയാണ് മഞ്ജിത.സത്യസന്ധതയ്ക്കു പേരുകേട്ട, അഴിമതിയുടെ കറപുരളാത്ത വ്യക്തിത്വം. കുറ്റവാളികളെ വലയിലാക്കാൻ ചില പുതിയ രീതികൾ മഞ്ജിത പരീക്ഷിക്കാറുണ്ട്. അതിൽ മിക്കവയും വിജയിക്കാറുമുണ്ട്. മദ്യവ്യാപാരത്തിന്റെ പേരിൽ കുപ്രസിദ്ധമായ ഒരു കോളനിയെ അതിൽ നിന്ന് മുക്തമാക്കിയത് മഞ്ജിതയുടെ പ്രവർത്തനങ്ങളാണ്.
മദ്യവ്യാപാരത്തിന്റെ ഭാഗമായ പലസ്ത്രീകളും ഇന്ന് നേർവഴിയിലൂടെ സഞ്ചരിച്ച് മുഖ്യധാരാ സമൂഹത്തിലിറങ്ങി പ്രവർത്തിക്കുന്നുണ്ട്. വേഷംമാറി നടന്ന് ചൂതുകളി സംഘത്തെയും പെൺവാണിഭക്കാരെയും മഞ്ജിത വലയിലാക്കാറുണ്ട്. ഊർജ്ജസ്വലയായ പൊലീസുകാരി ആയിരിക്കുമ്പോൾത്തന്നെ ഒരു നർത്തകി കൂടിയാണ് മഞ്ജിത. ഭരതനാട്യവും കുച്ചിപ്പുടിയും വഴങ്ങുന്ന നർത്തകി. എൻജിനീയറിങും ഫാഷൻ ഡിസൈനിങും പഠിച്ച കൂട്ടുകാരൊക്കെ മാസം 10 ലക്ഷത്തിനുമുകളിൽ ശമ്പളം വാങ്ങുന്നുണ്ടെന്ന് മഞ്ജിതയ്ക്കറിയാം. പക്ഷേ വലിയ ശമ്പളത്തേക്കാൾ മഞ്ജിത പ്രാധാന്യം കൽപ്പിക്കുന്നത് ജീവിത മൂല്യങ്ങൾക്കാണ്.
നീതി നിഷേധിക്കപ്പെടുന്ന സാധാരണക്കാരന് നീതി ലഭിക്കുമ്പോൾ അവരുടെ മുഖത്തു തെളിയുന്ന പുഞ്ചിരിയാണ് തനിക്കു ലഭിക്കുന്ന അംഗീകാരമെന്ന് അവർ വിശ്വസിക്കുന്നു.
സിനിമകളിൽ മാത്രമല്ല ജനങ്ങളുടെ ഹൃദയം കീഴടക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുള്ളത്. ജീവിതത്തിലുമുണ്ട് മഞ്ജിതയെപ്പോലെ.