Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗംഭീരം ഓപ്ര വിൻഫ്രി; നിങ്ങൾ അമേരിക്കയുടെ പ്രസിഡന്റ് ആയിക്കൂടെ?

oprah-winfrey ചിത്രത്തിന് കടപ്പാട്: ഫെയ്സ്ബുക്ക്.

ഒരു പുതിയ പ്രഭാതത്തിന്റെ വരവിനെക്കുറിച്ചായിരുന്നു ആ വാക്കുകൾ. അപമാനഭാരത്താൽ പെൺകുട്ടികൾക്കു തലതാഴ്്ത്തി നടക്കേണ്ടതില്ലാത്ത പ്രഭാതം. അധികാരത്തിന്റെ മുഖത്തുനോക്കി പേടിക്കാതെ സത്യം പറയാൻ സ്ത്രീകൾക്കു കഴിയുന്ന പ്രഭാതം.

കറുത്ത വസ്ത്രത്തിൽ 63 വയസ്സുകാരിയായ കറുത്തവർഗക്കാരിയുടെ വാക്കുകൾ കേട്ടപ്പോൾ കയ്യടിച്ചതു ലോകം മുഴുവൻ. 75–ാം ഗോൾഡൻ ഗ്ലോബ് പുരസ്കാര ചടങ്ങ് അക്ഷരാർഥത്തിൽ ഒരു 'ഓപ്ര വിൻഫ്രി ഷോ' ആയി മാറുകയായിരുന്നു. പ്രസംഗം കഴിഞ്ഞ് ഒരു ദിവസം കഴിഞ്ഞിട്ടും ലോകം ചർച്ച ചെയ്യുന്നു; ആത്മാർഥതയും സത്യസന്ധതയും നിറം ചാർത്തിയ നിർഭയയായ ഓഫ്രയുടെ വാക്കുകൾ.

സമഗ്ര സംഭാവനയ്ക്കുള്ള സെസിൽ ബിഡെമിൻ പുരസ്ക്കാരം ലഭിക്കുന്ന ആദ്യ കറുത്ത വർഗക്കാരിയാണ് അവതാരക ഓപ്ര വിൻഫ്രി. പുരസ്കാരം സ്വീകരിച്ചുകൊണ്ടു നടത്തിയ പ്രസംഗത്തിൽ ഓപ്ര വിൻഫ്രി കൊടുങ്കാറ്റായി ആഞ്ഞടിച്ചു; ലൈംഗിക ചൂഷകർക്കെതിരെ സത്യം തുറന്നു പറഞ്ഞു മുന്നോട്ടുവന്ന എല്ലാ വനിതകളോടും ഐക്യദാർഡ്യവും പ്രകടിപ്പിച്ചു.

ജനുവരി 7 നായിരുന്നു ഗോൾഡൻഗ്ലോബ് പുരസ്ക്കാരച്ചടങ്ങ്. ഓപ്ര വിൻഫ്രിയോടൊപ്പം ചടങ്ങിനെത്തിയ അനേകം പ്രശസ്തരും ധരിച്ചത് കറുത്തവേഷം. ഉന്നതരുടെ ലൈംഗികാക്രമണങ്ങളോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു കറുപ്പ്. നിക്കോൾ കിഡ്മാൻ ഉൾപ്പടെയുള്ളവർ സ്ത്രീകൾക്കുവേണ്ടി സംസാരിച്ചെങ്കിലും ഏറ്റവും കൂടുതൽ കൈയടി ലഭിച്ചത് ഓപ്ര വിൻഫ്രിയ്ക്ക്. പുരസ്ക്കാരച്ചടങ്ങിനെത്തിയവരും ടെലിവിഷനിൽ ചടങ്ങു കണ്ടുകൊണ്ടിരുന്നവരും ഇപ്പോഴും ആ വാക്കുകളുടെ മാസ്മരിക പ്രഭാവലയത്തിൽത്തന്നെ.

''നമുക്കു ലഭിച്ച ഏറ്റവും ശക്തമായ ആയുധമാണ് സത്യം പറയാനുള്ള കഴിവ്. എത്രയൊക്കെ നീചമായ അനുഭവങ്ങൾ ഉണ്ടായാലും നിശ്ശബ്ദരായിരിരിക്കുന്നതായിരുന്നു ഇതുവരെ സ്ത്രീകളുടെ പതിവ്. ഇപ്പോൾ അതിന് ഒരു അവസാനമായിരിക്കുന്നു. അനുഭവിക്കേണ്ടി വന്ന പീഡനങ്ങൾ തുറന്നു പറഞ്ഞു. നമ്മളെ ചൂഷണം ചെയ്തവർ നാണിച്ചു തല താഴ്ത്തട്ടെ. ഇനി വരുന്നതു സത്യത്തിന്റെ പ്രഭാതം; നമ്മുടെ പ്രഭാതം. ഞാനും ഇരയാണെന്നു പറയേണ്ടി വരാത്ത പ്രഭാതം.''

ഓപ്ര വിൻഫ്രിയുടെ പ്രസംഗം കേട്ടതോടെ 2020 ൽ നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അവർ മത്സരിക്കണമെന്ന് ആഗ്രഹിക്കുന്നവരുടെ എണ്ണവും കൂടി. ''രണ്ടു തവണ ജോർജ്ബുഷിനു ഞാൻ വോട്ടു ചെയ്തിട്ടുണ്ട്. ഓപ്ര വിൻഫ്രി മൽസരിക്കുകയാണെങ്കിൽ അവർക്കായിരിക്കും എന്റെ വോട്ട്''. ഒരാൾ ട്വിറ്ററിൽ കുറിച്ചു. ഇത് ഒരാളുടെ മാത്രം വികാരമല്ല. ഇങ്ങനെ ചിന്തിക്കുന്ന അനേകംപേർ അമേരിക്കയിലുണ്ട്.

ഹാസ്യതാരം നിക്ക് ജാക്ക് പഫ്ലാസ് എഴുതുന്നു– '' ഇങ്ങനെ പ്രസംഗിക്കുന്ന ഒരാളെ പ്രസിഡന്റായി ലഭിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.'' ഓപ്ര വിൻഫ്രിയുടെ പ്രസംഗം ഇതിലും ഗംഭീരമായേനേം. പ്രസംഗത്തിന്റെ അവസാനം അവസാനം അവർ പ്രസിഡന്റ് സ്ഥാനാർഥിത്വം കൂടി പ്രഖ്യാപിച്ചിരുന്നെങ്കിൽ''– എന്നാണ് ഒരാൾ എഴുതിയത്. ഇതാണ് അവസരം ഏറ്റവും ഉചിതമായ സമയം. ഓപ്ര വിൻഫ്രി വരൂ... ഇങ്ങനെ പോകുന്നു അഭിപ്രായങ്ങൾ.