ജനസംഖ്യയിൽ 50 ശതമാനവും വനിതകൾ. പക്ഷേ പൊലീസ് സേനയിൽ ജോലി ചെയ്യുന്നത് അഞ്ചു ശതമാനം മാത്രം. ഇതെങ്ങനെ നീതീകരിക്കാനാകും?. ചോദിക്കുന്നത് സ്വാതി ലക്ര. ഹൈദരാബാദിൽ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന പൊലീസ് സേനാ വിഭാഗത്തിലെ അഡീഷണൽ കമ്മിഷ്ണർ. 1995 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥ.
പൊലീസ് സേനയിലെ സ്ത്രീകളുടെ കുറഞ്ഞ പങ്കാളിത്തം എന്ന വിവേചനം അവസാനിപ്പിക്കാനും സമൂഹത്തിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കുറയ്ക്കാനുമായി 33ശതമാനം സംവരണത്തിന് ഒരുങ്ങുകയാണ് തെലങ്കാന സർക്കാർ.പ്രേരണയായത് സ്വാതിയുടെ പ്രവർത്തനങ്ങൾ.
പൊലീസ് സേനയിലിരുന്നുകൊണ്ടു നടത്തിയ ജനക്ഷേമകരമായ പ്രവർത്തനങ്ങളുടെ പേരിലും കുറ്റകൃത്യങ്ങൾ അമർച്ചചെയ്യാൻ കാട്ടിയ മിടുക്കിന്റെ പേരിലും സ്വാതിക്ക് വലിയൊരു ബഹുമതിയും ലഭിച്ചു. പ്രശസ്തമായ ഹംഫ്രി ലീഡർഷിപ്പ് പുരസ്ക്കാരം. അമേരിക്കയിൽ നിന്ന്. പുരസ്ക്കാരത്തിന്റെ ഭാഗമായി മൂന്നാഴ്ച്ച നീണ്ടു നിന്ന പരിശീലന പരിപാടിയിലും സ്വാതി പങ്കെടുത്തു.
യുഎസ് സർക്കാരിന്റെ പ്രവർത്തന രീതിയിലും പ്രത്യേകിച്ച് പൊലീസ് വിഭാഗത്തിന്റെ പ്രവർത്തനങ്ങളും നേരിട്ടു മനസ്സിലാക്കാൻ കഴിഞ്ഞതിന്റെ ആവേശത്തിലാണ് ഈ ഉന്നത പൊലീസ് ഉദ്യോഗസ്ഥ. അമേരിക്കയിൽ പരിശീലനത്തിന് സ്വാതിയുടെ പേര് നിർദേശിച്ചത് യുഎസ് കോൺസുലേറ്റ്. ഇന്ത്യയിൽ നിന്നുള്ള രണ്ടു പേരിൽ ഒരാൾ.
സ്ത്രീകൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങൾ അമർച്ച ചെയ്യാൻ തെലങ്കാന സർക്കാർ രൂപീകരിച്ച '' ഷീ '' ടീമിന്റെ തലപ്പത്തുണ്ട് സ്വാതി. ഹൈദരബാദിനെ സ്ത്രീ സുരക്ഷിത നഗരമാക്കുകയാണ് സ്വാതിയുടെ ലക്ഷ്യം. മികച്ച പ്രവർത്തനങ്ങളിലൂടെ ലക്ഷ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ് ''ഷീ'' ടീം.
2016 ൽ സ്വാതിയുടെ നേതൃത്വത്തിൽ, ചൂഷണത്തിനിരയാകുന്ന വനിതകൾക്കും പെൺകുട്ടികൾക്കും വേണ്ടി ഒരു സഹായ കേന്ദ്രവും സ്ഥാപിച്ചു. : ബറോബ. ആരോഗ്യ പരിരക്ഷയ്ക്കു പുറമേ, വനിതകൾക്ക് സാമ്പത്തിക, നിയമസഹായവും ലഭ്യമാക്കുന്ന കേന്ദ്രമാണിത്. ഇതുവരെ രണ്ടായിരത്തി അഞ്ഞൂറോളം പേർക്ക് സഹായമെത്തിക്കാൻ കഴിഞ്ഞു സ്വാതിയുടെ നേതൃത്വത്തിലുള്ള ടീമിന്. 2017 ഡിസംബറിൽ ഈ സഹായ കേന്ദ്രത്തോടനുബന്ധിച്ച് ഒരു ശിശുസൗഹൃദ കോടതിയും സ്ഥാപിതമായി. പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരായ കേസുകളാണ് കോടതി കൈകാര്യം ചെയ്യുന്നത്.
''തിന്മ ചെയ്യുന്ന കുറ്റവാളികളല്ല നമ്മുടെ ലോകത്തെ നശിപ്പിക്കുന്നത്. മറിച്ച് അക്രമവും അനീതിയും കണ്ടിട്ടും നിസ്സംഗരായി ഇരിക്കുന്നവർ''- ആൽബർട്ട് ഐൻസ്റ്റീന്റെ ഈ വാചകങ്ങളിലുണ്ട് സ്വാതി ലക്ര എന്ന പൊലീസ് ഉദ്യോഗസ്ഥയുടെ ജീവിതവും സന്ദേശവും.
ഹൈദരാബാദിനെ സ്ത്രീ സൗഹൃദമാക്കുന്നതിനൊപ്പം കൂടുതൽ സ്ത്രീകൾക്ക് പൊലീസ് സേനയിൽ അവസരം നേടിക്കൊടുക്കാൻ പ്രയത്നിച്ചും വിവേചനമില്ലാത്ത നല്ല നാളേയിലേക്കാണ് സ്വാതി നടക്കുന്നത്. ആ മഹത്തായ പ്രവർത്തന വഴിയിൽ ലഭിച്ച അംഗീകാരമാണ് അമേരിക്കയിൽ നിന്നു ലഭിച്ച പുരസ്കാരം.