Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

27–ാം വയസ്സിൽ മരണമെത്തി; മരണശേഷം വൈറലായി അവളുടെ കുറിപ്പ്

x-default

ഇരുപത്തിയേഴു വയസ്സ് ഒരാള്‍ക്ക് മരിക്കാവുന്ന പ്രായമായി ആരും പറയില്ല. അത്തരം മരണങ്ങളെ അകാലമരണമെന്ന്  വിശേഷിപ്പിച്ച് നെടുവീര്‍പ്പെടാറുണ്ട്. ചിലരുടെ ഇത്തരത്തിലുള്ള വേര്‍പിരിയലുകള്‍ നമ്മെ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിക്കുന്നുണ്ട്. ജീവിതത്തിന്റെ അര്‍ത്ഥവും ജീവിച്ചിരിക്കുന്നതിന്റെ ആനന്ദവും എങ്ങനെയാണ് ജീവിക്കേണ്ടതെന്ന തിരിച്ചറിവും എല്ലാം ആ മരണങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. 

അങ്ങനെയൊരു മരണവും മരണത്തിന് മുമ്പ് ആളെഴുതിയ കുറിപ്പും ഇപ്പോള്‍ പതിനായിരങ്ങളുടെ ഹൃദയങ്ങളില്‍ നോവുണര്‍ത്തി  സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമാകുന്നുണ്ട്. 

ഓസ്ട്രേലിയൻ സ്വദേശിയായ ഹോളി ബച്ചർ‍( holly butcher) എന്ന 27 വയസ്സുകാരിയുടെ മരണവും അവള്‍ എഴുതിയ കുറിപ്പുമാണ് അത്. അർബുദം ബാധിച്ച് മരിച്ച  ഹോളി മരണത്തിന് മുമ്പ് എഴുതിയ കുറിപ്പ് അവളുടെ മരണശേഷം കഴിഞ്ഞ വ്യാഴാഴ്ചയാണ് ബന്ധുക്കള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

ഓരോ ദിവസവും നമ്മുടെ അവകാശമല്ല. അത് ഒരു സമ്മാനമാണ്. വിലപിടിപ്പുള്ളതും മുന്‍കൂട്ടി നിശ്ചയിക്കാന്‍ കഴിയാത്തതും സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടതുമായ സമ്മാനം. സ്‌നേഹം കൊണ്ട് ജീവിതം കെട്ടിപ്പടുക്കുവാനാണ് ഞാന്‍ ആഗ്രഹിച്ചത്. എന്നാല്‍ ഞാനൊരിക്കലും മരിക്കാന്‍ ആഗ്രഹിക്കുന്നില്ല.

കുറിപ്പിന്റെ മറ്റൊരു ഭാഗത്ത് ജീവിതത്തെക്കുറിച്ചുള്ള ഉപദേശം അവള്‍ പങ്കുവയ്ക്കുന്നത് ഇങ്ങനെയാണ്. നിസ്സാരവും അര്‍ത്ഥരഹിതവുമായ അനേകം കാര്യങ്ങളെയോര്‍ത്ത് ആളുകള്‍ ഉത്കണ്ഠാകുലരാകുന്നത് അവസാനിപ്പിക്കണം. ഉത്കണ്ഠാകുലരാകുന്നതു കൊണ്ട് യാതൊരു പ്രയോജനവും ജീവിതത്തില്‍ ലഭിക്കുന്നില്ല. നിങ്ങളുടെ സമയം അര്‍ഥവത്തും മഹത്തായതുമായ കാര്യങ്ങള്‍ക്ക് വേണ്ടി വിനിയോഗിക്കുക. 

ഓരോരുത്തരും ആത്മീയവും മാനസികവുമായ ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ കൊടുക്കണമെന്നും ഹോളി ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഓരോ വ്യക്തികളും നിത്യവും ചെയ്യേണ്ടതായ കാര്യങ്ങളെക്കുറിച്ച്  അക്കമിട്ട് അവള്‍ പറയുന്നത് ഇവയാണ്.

ഓരോ ദിവസവും നേരത്തെ എഴുന്നേൽക്കുക, കിളികളുടെ സംഗീതം ശ്രവിക്കുക, ഉദയസൂര്യന്റെ മനോഹരവര്‍ണ്ണങ്ങളെ നോക്കിനില്ക്കുക, പാട്ടുകേള്‍ക്കുക, മറക്കരുത് പാട്ട് ഒരു തെറാപ്പികൂടിയാണ്. പഴയ പാട്ടുകളാണ് നല്ലത്.

വളര്‍ത്തുമൃഗവുമായി കളിക്കുക

 

സുഹൃത്തുക്കളുമായി സംസാരിക്കുക.

 

യാത്രകള്‍ ചെയ്യുക

 

ജീവിക്കാന്‍വേണ്ടി ജോലി ചെയ്യുക.. ജോലി ചെയ്യാന്‍ വേണ്ടി ജീവിക്കരുത്

 

നിങ്ങളുടെ ഹൃദയം എപ്പോഴും സന്തോഷത്തോടെ കാത്തുസൂക്ഷിക്കുക

 

നിങ്ങള്‍ക്ക് ആവശ്യമില്ലാത്ത കാര്യങ്ങളോട് നോ പറയുക.

മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ രക്തദാനം നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും കുറിപ്പില്‍ ഓര്‍മ്മപ്പെടുത്തലുണ്ട്. മനുഷ്യരാശിക്ക് ചെയ്യുന്ന ഏറ്റവും നല്ലപ്രവൃത്തിയാണ് അതെന്നും അവള്‍ അഭിപ്രായപ്പെടുന്നു.

തന്റെ പ്രിയപ്പെട്ട വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും നായ്ക്കുട്ടിക്കുമൊപ്പം ജീവിക്കാന്‍ അവസരം കിട്ടിയതിന് നന്ദി പറഞ്ഞുകൊണ്ടാണ് ഹോളി കുറിപ്പ് അവസാനിപ്പിക്കുന്നത്. 

ആളുകള്‍ തന്റെ ഉപദേശം ഗൗനിച്ചില്ലെങ്കിലും സാരമില്ല പക്ഷേ അത് പങ്കുവയ്ക്കാന്‍ മറക്കരുതെന്നും ഹോളി പറയുന്നു.

ഹോളിയുടെ ഈ കുറിപ്പിന് സോഷ്യല്‍ മീഡിയായില്‍ വലിയ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 27 വര്‍ഷം കൊണ്ട് നീ പഠിച്ചവ 70 വര്‍ഷം കൊണ്ടാണ് ഞാന്‍ പഠിച്ചത് എന്നാണ് അതിലൊരു പ്രതികരണം.

ഹോളിയുടെ മരണം വളരെ ശാന്തവും സമാധാനപൂര്‍വ്വവുമായിരുന്നു എന്നാണ് ബന്ധുക്കള്‍ സാക്ഷ്യപ്പെടുത്തിയത്.