Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കലക്കി സംഗീതാ ഫോഗട്ട്; ചേച്ചിയുടെ നിഴൽ എന്ന് നിന്നെ ആരും ഇനി വിളിക്കില്ല

sangeetha-phogat

മല്‍സരം പുരോഗമിച്ചപ്പോള്‍ ഒരു നിമിഷം അവര്‍ അമ്പരപ്പിലായി. ആരെ പിന്തുണയ്ക്കണം: സ്വന്തം ടീമില്‍ ഉള്‍പ്പെട്ട ആളെയോ സ്വന്തം സഹോദരിയേയോ? ഒരു നിമിഷം ഒന്നറച്ചുനിന്നെങ്കിലും പിന്നെയവര്‍ ആവേശത്തോടെ കയ്യടിച്ചു. സഹോദരിക്കുവേണ്ടി. ആഗ്രഹിച്ചതുപോലെ സഹോദരി വിജയവും നേടി. വിജയിച്ചത് ഒരു കുടുംബത്തിലെ ഒരാളാണെങ്കിലും സന്തോഷം അവരുടെ എല്ലാവരുടേതുമാണ്. ആ സഹോദരിമാരുടെയെല്ലാം. 

ദംഗല്‍ ഹീറോയിന്‍സ് ഫോഗട്ട് സഹോദരിമാരുടെ കാര്യമാണു പറയുന്നത്. ഇതുവരെയും ഗീത ഉള്‍പ്പെടെയുള്ള സഹോദരിമാരുടെ നിഴലില്‍ ഒതുങ്ങിനില്‍ക്കുകയായിരുന്നു സംഗീത. ഇപ്പോഴിതാ എല്ലാ കണക്കും തീര്‍ത്ത് ഒരു വിജയം. അതു സംഗീതയുടെ മേധാവിത്വം അരക്കിട്ടുറപ്പിക്കുന്നു. ഇനി ഗീതയുടെ സഹോദരി എന്നായിരിക്കില്ല സംഗീത അറിയപ്പെടുന്നത്. മറിച്ച് സ്വന്തം പേരില്‍തന്നെ. 

19 വയസ്സേയുള്ളൂ സംഗീതയ്ക്ക്. ഫോഗട്ട് സഹോദരിമാരില്‍ ഏറ്റവും ഇളയവള്‍. അഞ്ച് സഹോദരിമാരില്‍ മൂന്നുപേര്‍ ഒളിംപ്യന്‍മാര്‍. ഒരുമിച്ച് അവര്‍ നേടിയിട്ടുണ്ട് രണ്ടു ലോക ചാംമ്പ്യന്‍ഷിപ്പുകള്‍. ഒന്‍പത് ഏഷ്യന്‍ ചാംമ്പ്യന്‍ഷിപ് മെഡലുകളും. സംഗീത ഒഴികെ എല്ലാവരും ദേശീയ ചാംപ്യന്‍മാരും. കഴിഞ്ഞവര്‍ഷം നേടിയ വെള്ളിമെഡലാണ് ഇതുവരെയുള്ള സംഗീതയുടെ ഏറ്റവും വലിയ നേട്ടം. 

തിങ്കളാഴ്ച വൈകിട്ട് പക്ഷേ ചരിത്രം സംഗീതയ്ക്കു മുന്നില്‍ വഴിമാറി. പ്രോ റസ്‍ലിങ് ലീഗില്‍ എല്ലാവരെയും അത്ഭുതപ്പെടുത്തിയ ഒരു വിജയം. ഡല്‍ഹി സുല്‍ത്താന്‍ ടീമിനുവേണ്ടി. യുപി ദംഗലിനെ പ്രതിനിധീകരിച്ചെത്തിയ ലോക ചാംപ്യന്‍ വനേസ കലാഡിന്‍സ്ക്യയെയാണ് സംഗീത അടിയറവു പറയിച്ചത്. 7-4 എന്ന സ്കോറിന്. 

പരാജയപ്പെട്ടെങ്കിലും ന്യായീകരണങ്ങള്‍ നിരത്തുന്നുണ്ട് വനേസ. ലോകചാംപ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ വിഭാഗത്തിലായിരുന്നില്ല മല്‍സരം എന്നും മറ്റും. പക്ഷേ തോല്‍വി തോല്‍വി തന്നെയാണ്. വിജയം വിജയവും. സംഗീതയുടെ സഹോദരിമാരായ വിനേഷും ഗീതയും സംഗീതയുടെ എതിര്‍ ടീം അംഗങ്ങളാണ്. പക്ഷേ അവരില്‍നിന്നാണ് സംഗീതയ്ക്ക് ഏറ്റവുമധികം കയ്യടികള്‍ ലഭിച്ചതും. 

വിജയം സഹോദരിമാര്‍ ഉള്‍പ്പെടെ എല്ലാവരെയും അത്ഭുതപ്പെടുത്തിയെങ്കിലും സംഗീത ഇത് തന്റെ കഠിനാധ്വാനത്തിന്റെ ഫലമാണെന്നു പറയുന്നു. നീണ്ട കാത്തിരിപ്പിന്റെ അവസാനവും. കഴിവിന്റെ നൂറു ശതമാനവും ഞാന്‍ വിനിയോഗിച്ചു. ലോകചാംമ്പ്യനെതിരായ പോരാട്ടം കടുപ്പമാകുമെന്നും എനിക്കറിയാമായിരുന്നു.

പക്ഷേ തോല്‍പ്പിക്കാമെന്ന ആത്മവിശ്വാസവും ഉണ്ടായിരുന്നു. കഴിഞ്ഞ മല്‍സരത്തില്‍ വനേസയെ ഞാന്‍ നന്നായി നിരീക്ഷിച്ചിരുന്നു. ലോകചാംപ്യനെതിരായ വിജയം ജീവിതത്തില്‍ ഇതാദ്യമാണ്. ഏഷ്യന്‍ ഗെയിംസില്‍ ഈ വിജയം എനിക്ക് ഉത്തേജനമാകും: സംഗീത പറയുന്നു. കനത്ത പോരാട്ടം തന്നെ നടത്തേണ്ടിവന്നു സംഗീതയ്ക്ക്. 0-4 ആയിരുന്നു ആദ്യഘട്ടത്തിലെ സ്കോര്‍. അവിടെനിന്നായിരുന്നു പിടിച്ചുകയറിയതും വിജയം സ്വന്തമാക്കിയതും.