എങ്ങനെ നടക്കണം. എങ്ങനെ ചിരിക്കണം. സംസാരിക്കണം. എവിടെയൊക്കെ പോകാം. എവിടെയെല്ലാം പോകരുത്. കുട്ടിക്കാലം മുതലേ ഇവയെല്ലാം പെണ്‍കുട്ടികളെ പഠിപ്പിക്കുന്നു. കൃത്യമായ പെരുമാറ്റ മര്യാദകള്‍.
സ്വാഭാവ രീതികള്‍. കോഡ് ഓഫ് കോണ്‍ഡക്റ്റ് എന്നുതന്നെ പറയാം. അതനുസരിച്ചു വളരുന്ന കുട്ടികള്‍ നല്ല സ്വഭാവമുള്ളവരായി വളരുന്നു. പരിശുദ്ധകള്‍, പതിവ്രതകള്‍, എല്ലാവരും ഇഷ്ടപ്പെടുന്നവര്‍, വീട്ടിലെയും സമൂഹത്തിലെയും െഎശ്വര്യം. നല്ലതുതന്നെ. പക്ഷേ, ആണ്‍കുട്ടികളെ ആരെങ്കിലും എന്തെങ്കിലും പഠിപ്പിക്കാറുണ്ടോ. എങ്ങനെ പെരുമാറണമെന്ന്, ജീവിക്കണമെന്ന് എന്തു ചെയ്യാമെന്നും എന്തു ചെയ്യരുതെന്നും. ഇല്ല, അങ്ങനെയൊരു കാര്യമേ ആരും കേട്ടിട്ടില്ല. പിന്നെയെങ്ങനെ ആണ്‍കുട്ടികള്‍ നല്ല സ്വഭാവക്കാരായി വളരും ?
വനിതകളാരുമല്ല ഈ ചോദ്യങ്ങള്‍ ചോദിക്കുന്നത്. ഒരു പുരുഷന്‍. അതും പാക്കിസ്ഥാനില്‍നിന്ന്. ഏഴുവയസ്സുകാരി സൈനബിന്റെ നിഷ്ഠൂരമായ കൊലപാതകത്തില്‍ വിറങ്ങലിച്ചുനില്‍ക്കുകയാണ് ഇപ്പോഴും പാക്കിസ്ഥാന്‍. രാജ്യമെങ്ങും പ്രതിഷേധം കത്തിപ്പടരുന്നു.നവമാധ്യമങ്ങളിലും ധാര്‍മികരോഷത്തോടെയുള്ള പോസ്റ്റുകള്‍ വ്യാപിക്കുന്നു.
തട്ടിയെടുക്കപ്പെട്ട ആ പെണ്‍കുട്ടി മാനഭംഗത്തിനും ഇരയായി ഒടുവില്‍ ചവറ്റുകുട്ടയില്‍ നിന്നു മൃതദേഹമായി ലഭിക്കുകയായിരുന്നു. പാക്കിസ്ഥാനെ മാത്രമല്ല ലോകത്തിന്റെ മനഃസാക്ഷിയെത്തന്നെ ഞെട്ടിച്ച സംഭവം. ഇതിനെത്തുടര്‍ന്ന് ചര്‍ച്ചകള്‍ പടര്‍ന്നുപിടിക്കുകയാണ് നവമാധ്യമങ്ങളില്‍. പലരുംവീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നുമുണ്ട്. ഇതിന്റെ ഭാഗമായി വന്ന ഒരു വിഡിയോയിലാണ് ഒരു പുരുഷന്‍ ആണ്‍കുട്ടികളെ പെരുമാറ്റ മര്യാദകള്‍ പഠിപ്പിക്കേണ്ടതിന്റെ ആവശ്യകതയിലേക്കു വിരല്‍ചൂണ്ടുന്നത്.
വീഡിയോയില്‍നിന്ന്:
കഴിഞ്ഞദിവസം ഞാന്‍ ഒരു പെണ്‍കുട്ടിയുടെ ഫെയ്സ്ബുക് പോസ്റ്റ് കണ്ടു. ആ കുട്ടി പുറത്തുപോയപ്പോള്‍ ആക്രമിക്കപ്പെട്ടു. അതിക്രൂരമായി. ആണ്‍കുട്ടികളാണ് ആക്രമിച്ചത്. അതും കുടുംബത്തിന്റെ മുന്നില്‍വച്ച്. പക്ഷേ, ചോദ്യങ്ങളെല്ലാം പെണ്‍കുട്ടിയോട്. എന്തിന് പുറത്തുപോയി എന്നാണു ആ പെണ്‍കുട്ടി നേരിട്ട ചോദ്യം. ആക്രമിച്ച കുട്ടിയോട് അതേ ചോദ്യം ആരും ചോദിക്കുന്നുമില്ല. ആണ്‍കുട്ടികള്‍ക്ക് എപ്പോഴും എവിടെയും പോകാം. പക്ഷേ ഇതേ നീതി പെണ്‍കുട്ടികള്‍ക്കു ലഭിക്കുന്നുമില്ല. അവര്‍ എന്നും എവിടെയും ഇരകളാണ്. വീട്ടിലായാലും പുറത്തുപോയാലുമെല്ലാം. ഇതെന്തു നീതി ?
ഇപ്പോഴിതാ സൈനബിന്റെ ദുരന്തം രാജ്യത്തെ പിടിച്ചുകുലുക്കിയിരിക്കുന്നു. ഒരു സംഭവം ഉണ്ടാകുമ്പോള്‍ പെട്ടെന്ന് എല്ലാവരും ഉണരും. രാഷ്ട്രീയക്കാരും ഭരണകക്ഷികളും പറയുന്നു അവര്‍ ഉടന്‍ നടപടിയെടുക്കുമെന്ന്, പ്രതിപക്ഷം പറയുന്നു അവര്‍ പ്രതിഷേധിക്കുമെന്ന്. മാധ്യമങ്ങള്‍ ക്യാമറയുമായി ഇരയുടെ വീട്ടിലേക്കോടുന്നു. ക്രമേണ ആവേശം കുറയും. ആരവം അടങ്ങും. കുറേനാള്‍ കഴിയുമ്പോള്‍ ഈ പ്രശ്നങ്ങളൊക്കെ വീണ്ടും സംഭവിക്കുന്നു. അപ്പോള്‍ വീണ്ടും ബഹളം.
ഇരയായ പെണ്‍കുട്ടിയുടെ ബന്ധുക്കളെ ആശ്വസിപ്പിക്കാന്‍ പലരും കൈ നീട്ടുന്നു. ആ കൈകള്‍ അക്രമിയുടെ കഴുത്തിനു നേരെയാണ് ഉയരേണ്ടത്: മൂന്നു മിനിറ്റ് ദൈര്‍ഘ്യമുള്ള മൊസികി എന്ന പേരില്‍ പോസ്റ്റ് ചെയ്ത വീഡിയോ ക്ലിപ്പിൽ അഫ്സല്‍ എന്നയാളാണ് സൈനബിന്റെ കൊലപാതകത്തിന്റെ ഭാഗമായ പ്രതിഷേധത്തില്‍ പങ്കുചേര്‍ന്ന് തന്റെ അഭിപ്രായങ്ങള്‍ ശക്തമായി അവതരിപ്പിക്കുന്നത്. അവഗണിക്കേണ്ടവയല്ല അഫ്സലിന്റെ അഭിപ്രായങ്ങള്‍. ദേഷ്യത്തിനും സങ്കടത്തിനും ആവേശത്തിനുമെല്ലാമപ്പുറം യുക്തിയുണ്ട് അയാള്‍ പറയുന്നതില്‍. സമൂഹം തീര്‍ച്ചയായും പരിഗണിക്കേണ്ട ആശയങ്ങള്‍.