പ്രതികൂല സാഹചര്യങ്ങളെ നേരിട്ട് പുരുഷകേന്ദ്രീകൃത ലോകത്തില്‍ സ്വന്തം പേര് എഴുതിച്ചേര്‍ത്ത വനിതകളുണ്ട്. വ്യാപരിച്ച മേഖലകളില്‍ ഉയരങ്ങള്‍ സ്വന്തമാക്കിയതിനൊപ്പം ആയിരങ്ങള്‍ക്കു പ്രചോദനമായവര്‍. ഓരോ മേഖലകളിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഈ ‘ ഫസ്റ്റ് ലേഡീസിനെ’ രാഷ്ട്രപതി റാം നാഥ് കോവിന്ദ് ശനിയാഴ്ച ആദരിച്ചു. ഇതിനകം വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചവരുണ്ട്. അറിയപ്പെടാത്തവരുമുണ്ട്. അവരില്‍ ചിലരുടെ നേട്ടത്തിന്റെ വഴികളിലേക്ക്:
1. മഞ്ജു യാദവ്
രാജസ്ഥാനില്‍ ജയ്പൂരിലെ സുന്ദര്‍പുര ഗ്രാമവാസി. മുന്നു മക്കളുള്ള കുടുംബത്തിന്റെ അത്താണിയായിരുന്നു ഭര്‍ത്താവ്. റെയില്‍വേ സ്റ്റേഷനിലെ പോർട്ടർ. ഭര്‍ത്താവിന്റെ ആക്മസ്കിക വിയോഗത്തെത്തുടര്‍ന്നു തകര്‍ന്നുപോയി മഞ്ജുവും മൂന്നു കുട്ടികളും. ഒരു നിമിഷം പകച്ചുനിന്നെങ്കിലും ഭര്‍ത്താവിന്റെ വഴി പിന്തുടരാന്‍ തീരുമാനിച്ചു മഞ്ജു. ജയ്പൂര്‍ റെയില്‍വേ സ്റ്റേഷനിലെ പോര്‍ട്ടറാകുക. കുടുംബം തീരുമാനത്തെ എതിര്‍ത്തു. മഞ്ജു തന്റെ തീരുമാനത്തില്‍ ഉറച്ചുനിന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം രാജ്യത്തെ എണ്ണമറ്റ സ്ത്രീകള്‍ക്കു മാതൃകയായി മഞ്ജു പോര്‍ട്ടര്‍ ജോലിയിലൂടെ കുടുംബം പുലര്‍ത്തുന്നു. സന്തോഷത്തോടെ ജീവിക്കുന്നു. വടക്കു പടിഞ്ഞാറന്‍ റെയില്‍വേയിലെ ആദ്യത്തെ പോര്‍ട്ടർ.
2. ഡോ.ഭാരതി ലവേകര്‍
ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ സാനിറ്ററി പാഡ് ബാങ്ക് സ്ഥാപിക്കുന്നതു ഡോ. ഭാരതിയാണ്. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ആരോഗ്യപരിരക്ഷാ രംഗത്തെ വലിയൊരു കുതിച്ചുചാട്ടം. ഇക്കഴിഞ്ഞ വര്‍ഷം മേയ് 28നായിരുന്നു ഉദ്ഘാടനം.സ്കൂളുകളിലും പൊതുശുചിമുറികളിലും സാനിറ്ററി നാപ്കിന്‍ വെന്‍ഡിങ്, ഡിസ്പോസബിള്‍ മെഷീനുകള്‍ സ്ഥാപിക്കാന്‍ മുന്‍കയ്യെടുത്തു നടത്തിയ പ്രവര്‍ത്തനങ്ങളും ഡോ. ഭാരതിയെ ശ്രദ്ധേയയാക്കി.
3. ചാവി രജ്‍വത്
സ്വദേശം രാജസ്ഥാനിലെ സോഡ. 2010-ല്‍ കോര്‍പറേറ്റ് കമ്പനിയിലെ ജോലി ഉപേക്ഷിച്ചതാണു ചാവിയുടെ ജീവിതത്തിലെ വഴിത്തിരിവ്. നഗരത്തിലെ സൗകര്യങ്ങള്‍ ഉപേക്ഷിച്ചു ഗ്രാമത്തിലേക്കു പോയ ചാവി അടിസ്ഥാന സൗകര്യങ്ങള്‍ എത്തിക്കുന്ന പ്രവര്‍ത്തനങ്ങളിലും വികസനപ്രവര്‍ത്തനങ്ങളിലും നിര്‍ണായക പങ്കുവഹിച്ചു. ശുദ്ധജലം, മികച്ച ഗതാഗത സംവിധാനം, സൗരോര്‍ജം എന്നിവ ഗ്രാമത്തില്‍ എത്തിച്ചതിനുപുറമെ ആദ്യത്തെ ബാങ്ക് എത്തിയതും ചാവിയുടെ ശ്രമഫലമായാണ്. ഗ്രാമങ്ങളില്‍ വൃത്തിയുള്ള പൊതുശുചിമുറികളും ചാവിയുടെ ശ്രമഫലമായി സ്ഥാപിതമായി.
4. വ്യോമസേനയിലെ ആദ്യത്തെ വനിതാ പൈലറ്റുമാര്‍
വ്യോമസേനയിലെ യുദ്ധവിമാനങ്ങളില്‍ പൈലറ്റുമാരായി വനിതകളെ നിയമിക്കുക എന്നതൊരു പരീക്ഷണമായിരുന്നു. വിജയിക്കുമോ എന്നു പലരും സംശയിച്ചത്. ആദ്യത്തെ ബാച്ചുകാരായ ആവണി ചതുര്‍വേദി, ഭാവന കാന്ത്, മോഹന സിങ് എന്നിവര്‍ ആദ്യ അവസരത്തില്‍ തന്നെ പരീക്ഷണം വിജയകരമാക്കി എല്ലാ പരിക്ഷകളും പരിശീലനവും പൂര്‍ത്തിയാക്കി 2016 ജൂലൈയില്‍ ഫ്ലൈയിങ് ഓഫിസര്‍മാരായി. രാജ്യത്തെ പുതുതലമുറയ്ക്ക് ആശയും ആവേശവും നല്‍കിയ നേട്ടമാണ് ഈ മൂന്നു പെണ്‍കുട്ടികള്‍ സ്വന്തമാക്കിയത്. അതുവഴി വ്യോമസേനയുടെ ചരിത്രവും തിരുത്തി.
5. ഇറ സിംഗാള്‍
യുപിഎസ്‍സി പരീക്ഷ എന്ന കടമ്പ വിജയകരമായി കടന്നിട്ടും അവഗണിച്ച അധികൃതരെ തന്റെ കഴിവുകള്‍ ബോധ്യപ്പെടുത്തി മുന്നിലെത്തിയ ആദ്യത്തെ ഭിന്നശേഷിക്കാരി. നട്ടെല്ലിനുണ്ടാകുന്ന സ്കൊളിയോസിസ് എന്ന രോഗമായിരുന്നു ഇറയ്ക്ക്. കൈകള്‍ മറ്റുള്ളവരെപ്പോലെ ചലിപ്പിക്കാനാവില്ല. ഈ ശാരീരിക പരിമിതി മൂലം ഇന്ത്യന്‍ റവന്യൂ സര്‍വീസില്‍ ഓഫിസറോ, ക്ലര്‍ക്കോ, തൂപ്പുകാരിയോ പോലും ആകാന്‍ യോഗ്യതയില്ല ഇറയ്ക്ക് എന്നായിരുന്നു അധികൃതരുടെ വാദം. 31-ാം വയസ്സില്‍ നാലാമതു തവണയും ഇറ യുപിഎസ്‍സിയുടെ കാരുണ്യത്തിനു കേണു. 2010ല്‍ പരീക്ഷ ജയിച്ചിരുന്നു. പക്ഷേ, ശാരീരിക പരിമിതിയുടെ പേരില്‍ നിയമനം നിഷേധിക്കപ്പെട്ടു. ഇറ സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു. 2014-ല്‍ ഇറയ്ക്ക് അനുകൂലമായി കേസ് വിധി വന്നു. ഫുട്ബോള്‍ ഇഷ്ടപ്പെടുന്ന, ബാര്‍സലോനയുടെ ആരാധികയായ ഇറ ലോകമെങ്ങുമുള്ള ഭിന്നശേഷിക്കാര്‍ക്ക് മാതൃകയാണ്.
6. പ്രവീണ സോളമന്‍
ഇംഗ്ലീഷ് സാഹിത്യ ബിരുദം നേടിയിട്ടുള്ള പ്രവീണ സ്കൂളിലോ കോളജിലോ അല്ല ജോലി ചെയ്യുന്നത്. പകരം ചെന്നൈയിലെ ഏറ്റവും പഴക്കം ചെന്നതും തിരക്കേറിയതുമായ ശ്മശാനത്തിലെ മാനേജര്‍. ശ്മശാനം എന്ന പേരു കേള്‍ക്കുമ്പോഴേ പേടിക്കുന്ന വനിതകളില്‍ നിന്ന് വ്യത്യസ്തയാണു പ്രവീണ. ഏതു ജോലിയും ആര്‍ക്കും ചെയ്യാമെന്നു വിശ്വസിക്കുന്ന, ജീവിതത്തിലൂടെ തെളിയിച്ച യുവതി.
7. പുനീത അറോറ
ഇന്ത്യന്‍ സേനയിലെ ആദ്യത്തെ ലഫ്റ്റനന്റ് ജനറല്‍. ഇന്ത്യന്‍ നാവികസേനയിലെ ആദ്യത്തെ വനിതാ വൈസ് അഡ്മിറലും. 2004-ല്‍ പുണെ മെഡിക്കല്‍ കോളജില്‍ സൈനിക വിഭാഗത്തിന്റെ കമന്‍ഡാന്റ് ആയി നിയമിതയായി. ഈ പദവിയിലെത്തുന്ന ആദ്യത്തെ വനിത.
8. പ്രിയ ജിംഖാന്‍
ഇന്ത്യന്‍ സേനയിലെ ആദ്യത്തെ വനിതാ കേഡറ്റ്. ഒരു പൊലീസുകാരിയുടെ മകളായ പ്രിയ കുട്ടിക്കാലം മുതലേ രാജ്യത്തെ സേവിക്കണമെന്ന് ആഗ്രഹിച്ചു. 25 വനിതകള്‍ക്കൊപ്പം 1992-ല്‍ സൈന്യത്തില്‍ ചേരുമ്പോള്‍ പ്രിയയുടെ സ്വപ്നം സഫലമായി. 1993-ല്‍ ജഡ്ജ് അഡ്വക്കേറ്റ് ജനറലിലേക്ക് കമ്മിഷന്‍ ലഭിച്ചു, 2002ല്‍ മേജര്‍ പദവിയില്‍ വിരമിച്ചു. 2013-ല്‍ സനവാറിലെ ലോറന്‍സ് സ്കൂളില്‍ ഇംഗ്ലീഷ് അധ്യാപികയായി ചേര്‍ന്ന പ്രിയയുടെ ജീവിതം നിരന്തര പഠനത്തിന്റെയും പോരാട്ടത്തിന്റെയും വിജയങ്ങളുടെയും ആകെത്തുകയാണ്.
9. രാധിക മേനോന്‍
ഇന്ത്യന്‍ മര്‍ച്ചന്റ് നേവിയില്‍ ഒരു കപ്പലിന്റെ ക്യാപ്റ്റനാകുന്ന ആദ്യത്തെ വനിതയായ രാധിക, കേരളത്തില്‍ കൊടുങ്ങല്ലൂര്‍ സ്വദേശിയാണ്. 2015-ല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ അപടകത്തില്‍പെട്ട ബോട്ടില്‍നിന്ന് ഏഴ് മുക്കുവരെ രക്ഷപ്പെടുത്തിയ സംഭവത്തിന്റെ പേരില്‍ രാജ്യാന്തര മാരിടൈം ഓര്‍ഗനൈസേഷന്റെ പുരസ്കാരത്തിനും അര്‍ഹയായി.
10. ഹര്‍ഷിനി കനേക്കര്‍
നാഗ്പൂര്‍ നാഷനല്‍ ഫയര്‍ സര്‍വീസ് കൊളജില്‍നിന്നു ബിരുദം നേടിയ ഹര്‍ഷിനി അഗ്നിശമന സേനയിലെത്തുന്ന ആദ്യത്തെ വനിതയാണ്. വനിതകള്‍ പൊതുവെ വിമുഖത കാട്ടുന്ന ഒരു മേഖലയില്‍ കടന്നുചെന്ന് ഉന്നതസ്ഥാനം കരസ്ഥമാക്കിയ ഹര്‍ഷിനി ചരിത്രം തിരുത്തിയെഴുതി.
11. മസ്കന്‍ സേത്തി
പ്രഫഷണല്‍ രംഗത്തു കഴിവു തെളിയിച്ച ഇന്ത്യയിലെ ആദ്യത്തെ പോക്കര്‍ കളിക്കാരിയാണ് മസ്കന്‍ സേത്തി. ഗ്ലോബൽ പോക്കര്‍ ലീഗ് ‘ ഉയര്‍ന്നുവരുന്ന താരം’ എന്നംഗീകരിച്ച് പുരസ്കാരവും നല്‍കി. പോക്കറ്റ് ഫൈവില്‍ ഇന്ത്യയില്‍നിന്ന് 28-ാം റാങ്ക് നേടുന്ന മസ്കാന്‍ ലക്ഷങ്ങള്‍ വാരുന്ന പോക്കര്‍ കളിയില്‍ കഴിവു തെളിയിച്ച് ഇന്ത്യന്‍ വനിതാശക്തിക്ക് വ്യത്യസ്തവും സമ്പന്നവുമായ ഒരു മേഖല കാട്ടിക്കൊടുത്തു.
12. ശത്ബി ബാസു
ഇന്ത്യയിലെ ആദ്യത്തെ വനിതാ ബാര്‍ടെന്‍ഡര്‍ എന്നറിയപ്പെടുന്നു. പൊതുവെ മദ്യവ്യവസായം വനിതകള്‍ തിരഞ്ഞെടുക്കാറില്ല. സ്വന്തമായി ബാര്‍ ടെന്‍ഡിങ് അക്കാദമി നടത്തുന്ന ശത്ബി ഈ രംഗത്തെ എണ്ണപ്പെടുന്ന-അറിയപ്പെടുന്ന പേരുകളിലൊന്നാണ്. ടെലിവിഷന്‍ ഷോയിലെ അവതാരക കൂടിയായ ശത്ബി സ്ത്രീകളെ ചില പ്രത്യേക മേഖലകളില്‍നിന്നു മാറ്റിനിര്‍ത്തുന്നതിനെ സ്വന്തം ജീവിതം കൊണ്ട് ചോദ്യം ചെയ്ത് കരുത്തു കാട്ടിയ സ്ത്രീയാണ്.
13. അദിതി പന്ത്
പര്യവേഷണ സംഘത്തിലെ അംഗമായി അന്റാര്‍ട്ടികയിലെത്തുന്ന ആദ്യത്തെ ഇന്ത്യന്‍ വനിതയാണ് അദിതി പന്ത്. കടുത്ത തണുപ്പ് അതിജീവിക്കുക പുരുഷന്‍മാര്‍ക്കുതന്നെ വലിയ വെല്ലുവിളിയാണ്. തികച്ചും സാഹസികവും. അദിതി വെല്ലുവിളികളെ അതിജീവിച്ചു.
14. സീമ റാവു
ഇന്ത്യയിലെ ആദ്യത്തെ കമാന്‍ഡോ പരിശീലകയാണ് ബ്ലാക് ബെല്‍റ്റില്‍ ഏഴു ഗ്രേഡുകള്‍ സ്വന്തമാക്കിയിട്ടുള്ള സീമ. രണ്ടു പതിറ്റാണ്ടുകളായി ഇന്ത്യന്‍ സേനയ്ക്ക് പ്രതിഫലം വാങ്ങിക്കാതെ കമാന്‍ഡോ പരിശീലനം നല്‍കുന്ന സീമ തൊട്ടടുത്തുനിന്നു നടത്തുന്ന ആക്രമണങ്ങളില്‍ വിദഗ്ധയുമാണ്.
15. സുനാലിനി മേനോന്‍
കോഫി ടേസ്റ്റിങ് വ്യവസായത്തിലെ ഏഷ്യയിലെ തന്നെ ആദ്യത്തെ വനിതയാണ് സുനാലിനി. 1972-ല്‍ ഇന്ത്യന്‍ കോഫി ബോര്‍ഡില്‍ ചേര്‍ന്നു. 24 വര്‍ഷത്തെ സേവനത്തിനുശേഷം സ്വയം വിരമിച്ചു. ബെംഗലൂരുവില്‍ കോഫിലാബ് ലിമിറ്റഡ് എന്ന സ്വന്തം സ്ഥാപനം തുടങ്ങി.