Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'എന്നോടുമാത്രം നോ പറയുന്ന നീ ബാക്കിയെല്ലാവരോടും യേസ് പറയുന്നുണ്ടല്ലോ'?

women-saying-no

പെൺകുട്ടികൾ ഉറക്കെ ഒരു നോ പറഞ്ഞാൽ തീരുന്ന പ്രശ്നമേ സമൂഹത്തിലുള്ളൂ എന്നു കരുതുന്നവർ ഈ വിഡിയോ തീർച്ചയായും കാണണം. കാരണം ജീവിതത്തിൽ ഒരിക്കലെങ്കിലും ശക്തമായ ഭാഷയിൽ നോ പറഞ്ഞിട്ടുള്ള പെൺകുട്ടികളെ സമൂഹം എത്രമോശമായ രീതിയിലാണ് ട്രീറ്റ് ചെയ്തതെന്ന് ഈ വിഡിയോ കാട്ടിത്തരും. കൊമേഡിയനായ ആയുഷിയാണ് ഫെയ്സ്ബുക്ക് പേജിൽ വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

പുതിയ ആളുകളെ പരിചയപ്പെടാൻ അവസരമൊരുക്കുന്ന ടിന്റർ ഡേറ്റിനെ ഹാസ്യാത്മകമായി അവതരിപ്പിക്കുന്ന വിഡിയോ കുറഞ്ഞദിവസങ്ങൾക്കകം പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. നേരിട്ടായാലും ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെടുമ്പോഴായാലും പുരുഷന്മാർ ആദ്യം പരാമർശിക്കുന്നത് സ്ത്രീ ശരീരത്തെക്കുറിച്ചാണെന്നും വിഡിയോ പറഞ്ഞുവയ്ക്കുന്നു. കേവലം നാലരമിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിലൂടെയാണ് പുരുഷന്മാരോടു നോ പറയുന്ന സ്ത്രീകൾ അനുഭവിക്കേണ്ടി വരുന്ന മോശംഅനുഭവങ്ങളെ ആയുഷി തുറന്നവതരിപ്പിച്ചത്.

തടിച്ചിയാണെങ്കിലും സുന്ദരിയാണെന്നു പറഞ്ഞുകൊണ്ടാണ് ടിന്റർ ഡേറ്റിലൂടെ പരിചയപ്പെട്ട ഒരു ചെറുപ്പക്കാരൻ ആയുഷിയോടു സംസാരിച്ചു തുടങ്ങുന്നതു തന്നെ. എത്രനാളായി ടിന്ററിലുണ്ട് എന്ന ചോദ്യത്തിന് വളരെ കുറച്ചു കാലം എന്നാണ് യുവാവിന്റെ മറുപടി. തന്റെ പെൺസുഹൃത്തുക്കളെ കംഫർട്ടബിൾ ആക്കിനിർത്താൻ പറ്റുന്ന എല്ലാക്കാര്യങ്ങളും താൻ ചെയ്യുമെന്നും അക്കാര്യത്തിൽ താനൊരു ഫെമിനിസ്റ്റാണെന്നുമൊക്കെ അയാൾ വീമ്പു പറയുന്നുണ്ട്.

യുവാവിന്റെ പല പ്രസ്താവനകളും യുവതിക്ക് രസിക്കുന്നില്ല. അവർ അതിനെ പ്രതിരോധിക്കുകയും കുറച്ചുകൂടി വ്യക്തമായ വിശദീകരണങ്ങൾ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. താൻ കുറേ നാളായി ടിന്ററിലുണ്ടെന്നും ഒരുപാടു പുതിയ ആളുകളെ പരിചയപ്പെട്ടിട്ടുണ്ടെന്നും യുവതി പറയുമ്പോൾ അതൊക്കെ മറ്റൊരു അർഥത്തിലെടുത്താണ് യുവാവ് മറുപടി പറയുന്നത്. സംസാരത്തിനു ശേഷം യുവതിക്കൊപ്പം വീട്ടിലേക്ക് ചെല്ലാൻ ആഗ്രഹം പ്രകടിപ്പിച്ച യുവാവിനെ യുവതി വിലക്കുന്നതോടെ യുവാവിന്റെ തനി സ്വഭാവം പുറത്തു വരുന്നു.

'നീ കത്ര‌ീന കൈഫൊന്നും അല്ലല്ലോ, തടിച്ചിയായിട്ടും നീ സുന്ദരിയാണെന്നു ഞാൻ പറഞ്ഞില്ലേ'യെന്നൊക്കെ ചോദിച്ച് യുവതിയെ അധിക്ഷേപിക്കാൻ തുടങ്ങി. 'ബാക്കിയെല്ലാവരോടും യേസ് പറയുന്ന നീ എന്നോടു മാത്രമെന്താ നോ പറയുന്ന'തെന്ന ചോദ്യം കൂടികേട്ടതോടെ ക്ഷമനശിച്ച യുവതി ടേബിളിലിരുന്ന വെള്ളമെടുത്ത് യുവാവിന്റെ മുഖത്തേക്കൊഴിച്ച ശേഷം അവിടെ നിന്ന് എഴുന്നേറ്റു പോകുന്നു.