എന്റെ ഫെമിനിസം തുടങ്ങുന്നത് ഒരു മീൻ വറുത്തതിൽ നിന്നാണെന്ന് നടി റിമ കല്ലിങ്കിൽ പറഞ്ഞതുമുതൽ ട്രോളന്മാർ വിശ്രമമില്ലാതെ പണിയെടുത്തുകൊണ്ടിരിക്കുകയാണ്. തിരുവനന്തപുരത്തു നടന്ന ടെഡ്എക്സിൽ സിനിമയിലെ ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് തുറന്നു സംസാരിച്ച റിമയുടെ പ്രസംഗത്തിലെ ചിലവരികൾ മാത്രമെടുത്താണ് ആളുകൾ അവരെ പരിഹസിച്ചത്.
കാര്യഗൗരവമുള്ള പല കാര്യങ്ങളും അന്നവർ സംസാരിച്ചിരുന്നുവെങ്കിലും അവരുടെ പ്രസംഗത്തിലെ വറുത്ത മീൻ പരാമർശത്തെ മാത്രം ഫോക്കസ് ചെയ്ത് ട്രോളന്മാരും വിമർശകരും അവരെ പരിഹസിച്ചു.
ഇപ്പോഴിതാ റിമയെ പിന്തുണച്ചുകൊണ്ട് ഒരു ഡോക്ടറെഴുതിയ ഫെയ്സ്ബുക്ക് കുറിപ്പ് ഹൃദയങ്ങൾ കീഴടക്കി മുന്നേറുകയാണ്. ആയുർവേദ ആശുപത്രിയിലെ ഡോക്ടറായ ഡോ. നജ്മ എഴുതിയ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. മറ്റൊരു വീട്ടിൽപ്പോയി കഴിയേണ്ടവളെന്ന ധാരണയോടുകൂടിയാണ് എല്ലാ വീട്ടിലും പെൺകുട്ടികളെ വളർത്തുന്നതെന്നും. പാരമ്പരാഗതമായി പിന്തുടരുന്ന അത്തരം ശീലങ്ങളെ ചോദ്യം ചെയ്യുന്നവർ എങ്ങനെ അഹങ്കാരികളും ധിക്കാരികളും ആകുന്നുവെന്നും വളരെ വ്യക്തമായി കുറിപ്പിൽ പറയുന്നു.
നജ്മയുടെ കുറിപ്പ് വായിക്കാം;-
''ഒരൽപ്പം കൂടി മുന്‍പേ എഴുതിയിരുന്നെങ്കില്‍ ഒരുപാട് പേരുടെ പേരോടെ ഞാന്‍ എഴുതി പോകുമായിരുന്നു എന്ന ഭയത്താല്‍ മാത്രം വൈകിപ്പിച്ച പോസ്റ്റാണ്..
പേന പിടിപ്പിക്കുന്നതിനോടൊപ്പം കയ്യില്‍ ചൂല് കൂടെ പിടിപ്പിച്ചു തന്നെയാണ് എന്‍റെ ഉമ്മ എന്നെ വളര്‍ത്തിയത്.....
അരികും മൂലയും ചേര്‍ത്ത് തൂത്തു വാരാനാണ് ആദ്യം പഠിപ്പിച്ചത് .....
ശേഷം അലക്കാനും ദോശ ചുടാനും തേങ്ങ ചിരവാനും അങ്ങനെ അങ്ങനെ....
മറ്റൊരു വീട്ടില്‍ പോകേണ്ടാവളാണ് എന്ന ഭീഷണിയുടെ നിഴലില്‍ സ്കൂള്‍ സിലബസ്സിനൊപ്പം മറ്റൊരു അടിച്ചമര്‍ത്തല്‍ കോഴ്സ് കൂടെ പഠിപ്പിച്ചു ...
ഒന്നനങ്ങി നടക്കുമ്പോള്‍ പെണ്‍കുട്ടികള്‍ ഒതുങ്ങി നടക്കണമെന്ന് ,
ശബ്ദമുയര്‍ത്തി സംസാരിക്കുമ്പോല്‍ പെണ്ണിന്‍റെ ഒച്ച പൊങ്ങരുതെന്ന്,
കാലിനു മുകളില്‍ കാലു കയറ്റി വെക്കുമ്പോള്‍ കാലകത്തി വെക്കുമ്പോള്‍ ഇന്ന് വരെ മനസ്സിലായിട്ടില്ലാത്ത പ്രത്യാഘാതങ്ങള്‍ ഉണ്ടാവുമെന്ന്,
പകലൊരല്പം ഉറങ്ങുമ്പോള്‍ പകല്‍ പെണ്ണുങ്ങള്‍ വീട്ടില്‍ കിടന്നുറങ്ങുന്നത് വീടിനു മോശമെന്ന്,
വൈകി എണീക്കുമ്പോള്‍ പുലര്‍ച്ചെ എഴുന്നേറ്റു അടുക്കളയില്‍ കയറണമെന്നു,
ഇഷ്ടമില്ലാത്ത ഭക്ഷണം ഒഴിവാക്കുമ്പോള്‍ പെണ്‍കുട്ടികള്‍ എല്ലാം കഴിച്ചു ശീലിക്കണമെന്ന്,
വയസ്സറിയിച്ചയിടയ്ക് ഒരല്‍പം വണ്ണം വച്ചതിനു ‘പടച്ചോനെ ചെക്കനെ കിട്ടുമോന്നു’
ഒരല്പം നിറം മങ്ങി പോയതിനു സ്ത്രീധനം ഒരുപാട് കൊടുക്കേണ്ടി വരോന്നു
അങ്ങനെയങ്ങനെ
ഭാവിയില്‍ എന്നെ അളന്നു മുറിച്ച് മാത്രം സ്വീകരിക്കുന്ന ഭര്‍ത്താവിനും ‘സൊ കോള്‍ഡ് ക്രൂരയായ’ അമ്മായി അമ്മയ്ക്കും പാകമാക്കി ഒരു ‘പെണ്‍ഉരുപ്പിടിയെ’ പാകപ്പെടുത്തി എടുക്കും മട്ടില്‍ തന്നെയാണ് ഞാനടക്കം എന്‍റെ നാട്ടിലെ മിക്കവാറും പെണ്‍കുട്ടികള്‍ വളര്‍ത്തപെട്ടത്
ഈ ഉമിത്തീയില്‍ വെന്തു അസഹനീയമാം വിധം പൊള്ളാന്‍ തുടങ്ങിയപ്പോഴാണ്
തന്റേടി, തന്നിഷ്ടക്കാരി, അഹങ്കാരി വീട്ടുകാരെ വക വെക്കാത്തവള്‍ അനുസരയില്ലാത്തവള്‍, ദുര്‍ന്നടപ്പുകാരി എന്നിങ്ങനെ ഉള്ള നിരവധി പേരുകള്‍ സ്വയം സ്വീകരിച്ച് തീര്‍ത്തും പുതിയ രൂപം പ്രാപിച്ചത്
അതില്‍ പിന്നെ എനിക്ക് എന്‍റെതായ ശരികളും ശരിയില്ലായ്മയും വന്നു
എന്റേതായ സമയവും അസമയവും വന്നു
എന്റേതായ സഭ്യതയും അസഭ്യതയും വന്നു
എന്റേതായ വിശ്വാസവും അവിശ്വാസവും വന്നു
പലപ്പോഴും പലരും പരിഹസിക്കും പോലെ സമൂഹത്തെയും നാട്ടുകാരുടെ വിശ്വ വിഖ്യാതമായ നാവിനെയും ഭയമില്ലാതെയായി
അങ്ങനെ അങ്ങനെ എല്ലാ ഭാരങ്ങളും ഉമ്മയുടെ ചുമലില്‍ വച്ച് ഞാന്‍ ഏറെ കുറേ രൂപാന്തരം പ്രാപിച്ചു..
അനുസരണയില്ലാത്ത മകളെ വളര്‍ത്തിയതിന്,
എന്‍റെ ഇഷ്ടങ്ങള്‍ വകവച്ചു തരുന്നതിനു
എനിക്ക് മൂക്ക് കയറിടാത്തതിനു,
ദിവസേനെയെന്നോണം ഉമ്മ മാനസികമായി പീഡിപ്പിക്കപ്പെടുന്നത് കണ്ടിട്ടും അതിനെയെല്ലാം നിസ്സംഗമായി നേരിട്ട ഞാന്‍ വീണ്ടും കല്ലുള്ള ഹൃദയത്തിനുടമയായി,
ഇതെന്‍റെ നാട്ടിലെ മാത്രം കഥയാണോ എന്നറിയില്ല.... എങ്കിലും ഇവിടെ, ഈ നാട്ടില്‍ എനിക്കിപ്പോഴും ഒരു ആയിരം പെണ്‍കുട്ടികളെയെങ്കിലും നിങ്ങള്‍ക്ക് ചൂണ്ടി കാണിച്ചു തരാനാവും
മേല്‍ പറഞ്ഞ അച്ചടക്ക കൂട്ടില്‍ വളര്‍ന്നു ഇന്നും മോചിതരാവാതെ
അടുപ്പിനുള്ളില്‍ സന്തോഷം പുകയ്ക്കുന്നവരെ
വീടിനു പുറത്തിറങ്ങാന്‍ പുരുഷ അകമ്പടി നിര്‍ബന്ധമാക്കപ്പെട്ടവരെ
ഒരു പ്ലാവില കമിഴ്ത്തിയിടാന്‍ പോലും ഭര്‍ത്താവിനെ സമ്മതിക്കില്ല എന്ന് വാശി പിടിക്കുന്നവരെ
ഒരു ദിവസമെങ്കിലും ഒരല്പം വെളുക്കുവോളം ഉറങ്ങാന്‍ കൊതിക്കുന്നവരെ
ഒരു ദിവസം വീട് അടിച്ചു വാരിയില്ലെങ്കില്‍ ഉറക്കം നഷ്ടപ്പെടുന്നവരെ
പകലന്തിയോളം വിയര്‍പ്പൊഴുക്കി കാല്‍മുട്ടും നടുവും ഒക്കെ ഒരുപോലെ വേദനിച്ചാലും കിടപ്പറയില്‍ ഒരു ആസ്വാദന ഉപകരണമായി സ്വയം പ്രത്യക്ഷപ്പെടണമെന്ന് വാശിയുള്ളവരെ
മേല്‍വസ്ത്രം ഒരല്പം മാറിടത്ത് മാറി നിന്ന് മാറിയതിനു മുഖമടച്ചു തല്ലു കിട്ടിയവരെ
ഭർത്താവിനിഷ്ടമില്ലാത്തത് കൊണ്ട് മാത്രം മുടി മുറിക്കാത്ത, ഇഷ്ട വസ്ത്രം ധരിക്കാതെ, സിനിമ കാണാതെ , സ്വന്തം വീട്ടില്‍ പോവാത്ത സ്വന്തം വ്യക്തിത്വത്തെ എവിടെയും അടയാളപ്പെടുത്താതെ ജീവിക്കുന്നവര്‍
ഭര്‍ത്താവ് ഗള്‍ഫില്‍ നിന്ന് വരുന്ന ദിവസം ആര്‍ത്തവിച്ചിരിക്കുന്നത് മോശമാണ് എന്നതിനാല്‍ ആര്‍ത്തവം നീട്ടി വെക്കാന്‍ ആയുര്‍വേദ പരിഹാമുണ്ടോ എന്നെന്നെ ഇന്നലെ വിളിച്ചന്വേഷിച്ച കസിന്‍ വരെ
അടുത്ത മാസം ഭര്‍ത്താവിന്‍റെ അടുത്ത് പോകുന്നതിനു മുമ്പ് ഒരു മാസമെങ്കിലും വെയില്‍ കൊള്ളുന്നത് നിര്‍ത്തി ശരീരം നന്നാക്കണമെന്ന് ഉപദേശിച്ച അടുത്ത ബന്ധു വരെ
ഒരുപാട് പേരുണ്ട് ...
ഇവരില്‍ എന്നോടടുത്ത പലരെയും എനിക്ക് തിരുത്താന്‍ സാധിച്ചിട്ടുണ്ട്...
രാത്രി പുറത്തിറങ്ങാന്‍ മടിച്ചിരുന്ന ഉമ്മയെ,നമുക്ക് രാത്രി പുറത്ത് പോയി ഭക്ഷണം കഴിക്കാം എന്ന് തിരിച്ചെന്നെ നിര്‍ബന്ധിക്കും മട്ടില്‍ മാറ്റി എടുത്തിട്ടുണ്ട്
സിനിമാ തീയറ്ററില്‍ പോവാന്‍ അടങ്ങാത്ത ആഗ്രഹമുള്ള കസിന്‍സിനെ ഒറ്റയ്ക്ക് സിനിമയ്ക്ക് പോയി പ്രകോപിച്ചിട്ടുണ്ട്
സ്ത്രീ പുരുഷ ഭേദമില്ലാതെ നല്ല സൌഹൃദങ്ങള്‍ സൂക്ഷിച്ചിട്ടുണ്ട്
ഫേസ്ബുക്കില്‍ സ്വന്തം ഫോട്ടോ ഇടുന്നത് കടുത്ത അപരാധമായി കണ്ടിരുന്ന ചിലരെയെങ്കിലും മറിച്ചു ചിന്തിപ്പിച്ചിട്ടുണ്ട്
പറയാനുള്ളത് നല്ല അന്തസായി മുഖത്ത് നോക്കി പറഞ്ഞു നിര്‍വൃതി നേടിയിട്ടുണ്ട്
എനിക്കാവുന്നത് പോലെ ഒക്കെ എന്നെ രേഖപെടുതാന്‍ ശ്രമിച്ചിട്ടുണ്ട്
പലപ്പോഴും ദയനീയമായി തോറ്റ് പോയിട്ടുണ്ടെങ്കിലും
‘അവള്‍ ശരിയല്ല’ എന്ന അപഖ്യാതി ഏറ്റു വാങ്ങിയിട്ടുണ്ടെങ്കിലും
എഴുതിയും പറഞ്ഞും പലരെയും തിരുത്തിയിട്ടുമുണ്ട്
അത് കൊണ്ട് പ്രിയ റിമ..........
ഇതിലും ഇതിലധികവും കേള്‍ക്കേണ്ടി വരുമെങ്കിലും
ഒരാളെ , ഒരാളെ തിരുത്താനാവുമെങ്കില്‍
ഒരു പുതിയ ചിന്ത കൊളുത്താനാവുമെങ്കില്‍
താങ്കള്‍ വലിയ ശരിയാണ്
വലിയ വലിയ ശരി
എല്ലാ പിന്തുണയും