Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെട്ടിടത്തിനു മുകളിൽ നിന്നു വീണയാളെ രക്ഷിച്ചത് അഡ്വ. രഞ്ജിനി രാമാനന്ദ്

renjini

കൊച്ചിയുടെ തിരക്കിൽ ഒരു മനുഷ്യൻ ചോരയിൽക്കുളിച്ചു കിടന്നിട്ടും കാഴ്ചക്കാരായി നിന്ന പുരുഷ സമൂഹത്തെ ചോദ്യം ചെയ്തുകൊണ്ട് അപകടത്തിൽപ്പെട്ടയാളെ ആശുപത്രിയിലെത്തിക്കാൻ മനസ്സുകാണിച്ച യുവതിയെ കണ്ടെത്തി.

എറണാകുളം സ്വദേശിയായ അഡ്വ. രഞ്ജിനിയാണ് കെട്ടിടത്തിനു മുകളിൽ നിന്നുവീണു പരുക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചത്. ഒരാൾ അപകടത്തിൽപ്പെട്ടു കിടന്നിട്ടും മനസ്സാക്ഷിയില്ലാതെ ആ ദൃശ്യങ്ങൾ നോക്കിനിന്ന പുരുഷന്മാരെ അവഗണിച്ചാണ് ഒരു മനുഷ്യ ജീവൻ രക്ഷിക്കാൻ  അവർ മനസ്സുകാട്ടിയത്.

അടുത്തുള്ള ആശുപത്രിയിൽ വിവരമറിയിച്ചെങ്കിലും അവിടെ ആ സമയത്ത് ആംബുലൻസ് സൗകര്യം ലഭ്യമല്ലാതിരുന്നതിനാൽ റോഡിൽക്കൂടി പോയ നിരവധി വാഹനങ്ങൾക്ക് ഇവർ കൈ കാണിച്ചു. എന്നാൽ ആരും അപകടത്തിൽപ്പെട്ടയാളെ വാഹനത്തിൽ കയറ്റാൻ തയാറായില്ല. ഒടുവിൽ അഡ്വ. രഞ്ജിനി തന്നെ മുൻകൈയെടുത്ത് ഒരു കാർ തടഞ്ഞു നിർത്തി യുവാവിനെ ആശുപത്രിയിലേക്കയച്ചു. 

വാർത്തയറിഞ്ഞ് നിരവധിപേരാണ് അഡ്വക്കേറ്റിനെ അഭിനന്ദനമറിയിക്കുന്നത്. തൃശ്ശൂർ സ്വദേശിയായ സജി ആന്റോയാണ് അപകടത്തിൽപ്പെട്ടത്. ഇക്കഴിഞ്ഞ 12 മുതൽ കൊച്ചി പത്മ ജംഗ്ഷനിലെ ലോഡ്ജിൽ താമസിച്ചിരുന്ന സജി ശനിയാഴ്ച വൈകിട്ട് ആറരയോടെയാണ് ലോഡ്ജിന്റെ മൂന്നാം നിലയിൽ നിന്ന് തലകറങ്ങി താഴേക്ക് വീണത്. എറണാകുളം ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും പരുക്കുകൾ ഗുരുതരമായതിനാൽ കോട്ടയം മെഡിക്ൽ കൊളേജിലേക്ക് മാറ്റി.