വലിയൊരു മാറ്റമാണിത്. പലരും തുറന്നുപറയാന്‍ തുടങ്ങിയിരിക്കുന്നു. ലോകത്തിലെ ഏതെങ്കിലും ഒരു ഭാഗത്തേക്കോ ഒരു വ്യവസായത്തിലേക്കോ മാത്രമായി ഈ മുന്നേറ്റം ഒതുക്കരുതെന്നാണ് എന്റെ അഭിപ്രായം: ലോകമെങ്ങുമുള്ള സ്ത്രീകളില്‍ ഉണര്‍വു സൃഷ്ടിച്ചുകൊണ്ടും ചൂഷണവും പീഡനവും മുഖമുദ്രയാക്കിയവര്‍ക്കു മുന്നറിയിപ്പായും തുടങ്ങിയ മീ ടൂ പ്രചാരണത്തെക്കുറിച്ച് ഇന്ത്യയുടെ സൗന്ദര്യ ചക്രവര്‍ത്തിനി െഎശ്വര്യറായിക്കു പൂര്‍ണ യോജിപ്പ്.
ലോക സുന്ദരിയായി തിരഞ്ഞെടുക്കപ്പെടുകയും പിന്നീടു ബോളിവുഡിന്റെ താരറാണിയായി വാഴുകയും ചെയ്ത െഎശ്വര്യ റായി ഇതാദ്യമായാണ് സ്ത്രീകളുടെ മുന്നേറ്റത്തെക്കുറിച്ചു മനസ്സുതുറക്കുന്നതും പിന്തുണ അറിയിക്കുന്നതും. 44 വയസ്സുകാരിയായ താരം ഇപ്പോള്‍ പരസ്യക്കരാറുകളുടെ ഭാഗമായി ഓസ്ട്രലിയന്‍ സന്ദര്‍ശനത്തിലാണ്. ഭര്‍ത്താവ് അഭിഷേക് ബച്ചനും മകള്‍ ആരാധ്യയും കൂടെയുണ്ട്.
ചരിത്രപരമെന്നാണ് മീ ടൂ വിനെ െഎശ്വര്യ വിശേഷിപ്പിക്കുന്നത്. ഇപ്പോഴെങ്കിലും എല്ലാം തുറന്നുപറയാനും പങ്കുവയ്ക്കാനും സ്ത്രീകള്‍ക്ക് ഒരവസരം കിട്ടിയല്ലോ. കഴിഞ്ഞ വര്‍ഷാവസാനം അമേരിക്കന്‍ നിര്‍മാതാവ് ഹാര്‍വി വെയ്സ്റ്റീനിന്റെ ലൈംഗിക ചൂഷണത്തെക്കുറിച്ചു തുറന്നുപറഞ്ഞുകൊണ്ടായിരുന്നു മീ ടൂ തുടങ്ങിയത്. പെട്ടെന്നുതന്നെ അനേകം താരങ്ങള്‍ തങ്ങള്‍ക്കു നേരിടേണ്ടി വന്ന പീഡനങ്ങള്‍ ഒന്നൊന്നായി വെളിപ്പെടുത്തി. വെയ്ന്‍സ്റ്റീനില്‍ ഒതുങ്ങിനിന്നില്ല പീഡകരുടെ എണ്ണം. ആരാധ്യരായ നിര്‍മാതാക്കളും നടന്‍മാരും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയും ആരോപണങ്ങളുടെ മുന നീണ്ടു.
അമേരിക്കയില്‍നിന്ന് ആഞ്ഞടിച്ച കൊടുങ്കാറ്റ് ഇങ്ങ് ഇന്ത്യയിലും വീശി. ഇവിടെയും ഉരുണ്ടു തലകള്‍. തകര്‍ന്നു കിരീടങ്ങള്‍. സിനിമയിലും വിനോദവ്യവസായത്തിലും മാത്രം ഒതുങ്ങിനില്‍ക്കേണ്ട ഒന്നല്ല മീ ടൂ - െഎശ്വര്യ പറയുന്നു. ജീവിതത്തിന്റെ എല്ലാ മേഖലയില്‍ ഉള്‍പ്പെട്ടവര്‍ മുന്നോട്ടുവരുകയും തുറന്നു സംസാരിക്കുകയും വേണം: ബോളിവുഡ് ചിത്രങ്ങള്‍ക്കുപുറമെ ‘ പ്രൈഡ് ആന്‍ഡ് പ്രിജുഡിസ് ’ ഉള്‍പ്പെടെയുള്ള ഹോളിവുഡ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട് െഎശ്വര്യ.