ട്വിറ്ററില്‍ ഇപ്പോഴത്തെ ചൂടുപിടിച്ച സംസാരവിഷയങ്ങളിലൊന്ന് ചിപ്സ്. സ്ത്രീകളും പുരുഷന്‍മാരും ചിപ്സ് കഴിക്കുന്നത് ഒരുപോലെയാണോ വ്യത്യസ്തമായാണോ. വ്യത്യാസങ്ങള്‍ എന്തൊക്കെ. ഇങ്ങനെപോകുന്നു ചര്‍ച്ചകള്‍. ചര്‍ച്ചയ്ക്ക് കാരണം പെപ്സികോ കമ്പനി സിഇഒ ഇന്ദ്ര നൂയി ഒരു ചോദ്യത്തിന് നൽകിയ ഉത്തരം. പെപ്സികോ കമ്പനിയുടെ കീഴിലുള്ള ഡൊറിറ്റോസ് സ്ത്രീകള്‍ക്കു മാത്രമായി ചിപ്സ് ഉണ്ടാക്കി വിപണനം ചെയ്യാന്‍ പോകുന്നു എന്ന വാര്‍ത്തകൂടി എത്തിയതോടെ പുലിവാലു പിടിച്ച അവസ്ഥയിലാണ് ഇന്ദ്ര നൂയി.
ഫ്രീക്കോണോമിക്സ് റേഡിയോ പോഡ്കാസ്റ്റിനിടെ ഒരു ചോദ്യത്തിന്റെ ഉത്തരം പറഞ്ഞതാണെങ്കിലും ഇന്ദ്ര നൂയിയുടെ വാചകങ്ങള്‍ വ്യാപക ചര്‍ച്ചയ്ക്കു വിധേയമായിരിക്കുന്നു. തന്റെ വാക്കുകള്‍ ലോകമാകെ ഇത്തരത്തില്‍ ചര്‍ച്ച ചെയ്യപ്പെടുമെന്ന് ഒരുപക്ഷേ, നൂയി പോലും വിചാരിച്ചുകാണില്ല.
ഇന്ദ്രയെ അഭിമുഖം ചെയ്യാനെത്തിയ സ്റ്റീഫന്‍ ജെ. ഡബ്നറുടെ ചോദ്യം : സ്ത്രീകളും പുരുഷന്‍മാരും ചിപ്സ് കഴിക്കുന്ന രീതിക്കു വ്യത്യാസമുണ്ട്. എന്തൊക്കെയാണു വ്യത്യാസങ്ങളെന്നു പറയാമോ ?
ഇന്ദ്ര നൂയിയുടെ മറുപടി: ചിപ്സ് പരസ്യമായി കഴിക്കുന്നവരെ നോക്കൂ. ഒന്നു രണ്ടു കാര്യങ്ങള്‍ പെട്ടെന്നു ശ്രദ്ധയില്‍പ്പെടും. ചിപ്സ് കൊറിക്കുന്നതിനിടെ ആഹ്ലാദത്തോടെ ചിലര്‍ വിരലുകള്‍ നക്കുന്നതു കാണാം. ചിപ്സ് പായ്ക്കറ്റ് തീരാറാകുമ്പോള്‍, ഇഷ്ടപ്പെട്ട രുചി നഷ്ടപ്പെടാതിരിക്കാനായി അവര്‍ പായ്ക്കറ്റിന്റെ അടിയിലെ പൊട്ടും പൊടിയുമെല്ലാം വായിലേക്കു തട്ടിക്കുടഞ്ഞിടും. ചിപ്സ് കഴിക്കാന്‍ സ്ത്രീകള്‍ക്കും ഇഷ്ടമാണ്. പക്ഷേ, ഒരിക്കലും അവര്‍ പരസ്യമായി വലിയ ശബ്ദമുണ്ടാക്കിക്കൊണ്ട് ചിപ്സ് കഴിക്കില്ല. അവരൊരിക്കലും വിരലുകള്‍ വായിലിട്ടു നക്കാറുമില്ല. പായ്ക്കറ്റ് തീരാറാകുമ്പോള്‍ ഒന്നും നഷ്ടപ്പെടാതിരിക്കാനായി കവര്‍ അവര്‍ വായിലേക്കു കമഴ്ത്താറുമില്ല.
ഈ പ്രസ്താവനയോടെ ഇന്ദ്ര നൂയി സ്ത്രീകളെക്കുറിച്ചും പുരുഷന്‍മാരെക്കുറിച്ചും തനിക്കറിയില്ല എന്നു പരസ്യമായി സമ്മതിച്ചിരിക്കുകയാണ് എന്നാണ് പല ട്വിറ്റര്‍ ഉപയോക്താക്കളും പ്രതികരിച്ചത്. ലൈംഗികച്ചുവയുള്ളതാണു നൂയിയുടെ പരാമര്‍ശങ്ങളെന്നും കുറ്റപ്പെടുത്തലുകളുണ്ടായി.
സ്ത്രീകള്‍ക്കുവേണ്ടി ചിപ്സ് ഇറക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണിതെന്നും വിമര്‍ശനമുണ്ടായതോടെ വിശദീകരണവുമായി കമ്പനി തന്നെ രംഗത്തെത്തി. ഡൊറിറ്റോസ് എന്ന ചിപ്സ് സ്ത്രീകള്‍ക്കുവേണ്ടി ഞങ്ങള്‍ ഉത്പാദിപ്പിക്കുന്നുണ്ട്. ദശലക്ഷക്കണക്കിനാളുകള്‍ ഡൊറിറ്റോസ് ഇഷ്ടപ്പെടുന്നു- കമ്പനി വിശദീകരിച്ചു.
ഇന്ദ്ര നൂയിയുടെ മറുപടി കിട്ടിയയുടന്‍ പെപ്സികോ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമായി ചിപ്സ് വിപണിയിലെത്തിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന ചോദ്യവും വന്നു. ‘ അതേ, ഞങ്ങള്‍ അതിനെക്കുറിച്ചും ചിന്തിക്കുന്നുണ്ട്. കടിച്ചുപൊട്ടിക്കുമ്പോള്‍ ശബ്ദം ഉണ്ടാകാത്ത, വിരലുകളില്‍ പറ്റിപ്പിടിച്ചിരിക്കാത്ത, അവസാനത്തെ പീസ് വരെ രുചി നിറഞ്ഞിരിക്കുന്ന ചിപ്സ്- തന്റെ ലക്ഷ്യത്തെക്കുറിച്ചു നൂയി വാചാലയായി.
ചിപ്സിന്റെ കാര്യത്തിലും സ്ത്രീപുരുഷ വിവേചനവും സ്ത്രീകളെ മാറ്റിനിര്‍ത്തുന്ന നടപടിയും വേണോ എന്നു ചോദിക്കുന്നവരുമുണ്ട്. ചിപ്സ് കഴിക്കുമ്പോള്‍ തങ്ങള്‍ ശബ്ദമുണ്ടാക്കാറുണ്ട് എന്നു തുറന്നുപറഞ്ഞ സ്ത്രീകളുമുണ്ട് കൂട്ടത്തില്‍.