Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രേണുകയുടെ അട്ടഹാസം, മോദിയുടെ പരിഹാസം, നിർമല സീതാരാമന്റെ മൗനം; ചർച്ച കൊഴുക്കുന്നു

renuka-modi-nirmala രേണുക ചൗധരി, നരേന്ദ്രമോദി, നിർമല സീതാരാമൻ

ഒരു ചിരി വരുത്തിവെച്ച വിന എന്ന് ഒഴുക്കൻ മട്ടിൽ അവഗണിച്ചു വിടാമായിരുന്ന ഒരു വിഷയത്തെ ചുറ്റിപ്പറ്റിയാണ് സമൂഹമാധ്യമങ്ങളിൽ വിവാദം കത്തുന്നത്. രാജ്യസഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിനിടെ കോണ്‍ഗ്രസ് എംപി രേണുക ചൗധരി അട്ടഹസിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. സഭയിൽ രേണുകയുടെ ചിരി ഉയർന്നു കേട്ടപ്പോൾ രാജ്യസഭാ അധ്യക്ഷനായ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു രേണുകയുടെ പേരെടുത്തു പറഞ്ഞ് വിമർശിച്ചു. 

ഉപരാഷ്ട്രപതിയുടെ വിമർശനം കേട്ടിട്ടും രേണുകയ്ക്ക് പരിഹാസച്ചിരി നിയന്ത്രിക്കാനായില്ല. രേണുകയുടെ പരിഹാസത്തിന് അതേ നാണയത്തിൽത്തന്നെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടത്. രാമായണം സീരിയൽ അവസാനിച്ച ശേഷം ഇതാദ്യമായാണ് ഇത്തരം അട്ടഹാസം കേൾക്കാൻ അവസരം കിട്ടിയത് എന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. പ്രധാനമന്ത്രിയുടെ മറുപടികേട്ട് ബിജെപി അംഗങ്ങളെല്ലാം ചിരിച്ചു മറിഞ്ഞപ്പോൾ പ്രതിരോധമന്ത്രി നിർമലാ സീതാരാമന്റെ മുഖത്തുമാത്രം യാതൊരു ഭാവവ്യത്യാസവുമുണ്ടായില്ല.

രേണുകയുടെ അട്ടഹാസവും അതിനെ വിമർശിച്ച ഉപരാഷ്ട്രപതിയുടെ നടപടിയും രേണുകയെ പരിഹസിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞകാര്യങ്ങളുമൊന്നും കേട്ടതേയില്ല എന്ന ഭാവത്തിലായിരുന്നു നിർമല. രേണുകയുടെ അട്ടഹാസത്തേക്കാളും വെങ്കയ്യ നായിഡുവിന്റെ ശകാരത്തേക്കാളും മോദിയുടെ പരിഹാസത്തേക്കാളും ആളുകൾ ഏറ്റവുമധികം ചർച്ച ചെയ്യുന്നത് നിർമലാ സീതാരാമന്റെ മൗനമാണ്.

സഭയിലെ ദൃശ്യങ്ങൾ കണ്ട പലർക്കുമുള്ള സംശയമിതാണ്. ഇത്രയും വലിയ കോലാഹലങ്ങളുണ്ടായിട്ടും എന്തുകൊണ്ടാണ് നിർമല മൗനം പാലിക്കുന്നത്?. ശരിക്കും ആരുടെ പക്ഷത്താണ് നിർമല? രേണുകയുടെ ചിരിയോടുള്ള ഐക്യദാർഡ്യമാണോ? മോദിയുടെ പരിഹാസത്തോടുള്ള എതിർപ്പാണോ ശരിക്കും ആ മൗനത്തിനു പിന്നിൽ?