പാഡ്മാന്‍ എന്ന സിനിമയെ ഞാന്‍ പിന്തുണയ്ക്കുന്നു. ആര്‍ത്തവത്തെക്കുറിച്ചുള്ള തെറ്റായ ധാരണകളെ തിരുത്തിക്കുറിക്കാനുള്ള ശ്രമങ്ങളും നല്ലതുതന്നെ. എന്നാല്‍ സാനിറ്ററി പാഡും ഉയര്‍ത്തിപ്പിടിച്ചു പ്രചാരണം നടത്തുന്നതിനെ എതിര്‍ക്കുന്നു. ഒരു വിപണന തന്ത്രം മാത്രമാണത്. ഞാന്‍ അതിനെ എതിര്‍ക്കുന്നു.
ഹാസ്യരംഗങ്ങളിലൂടെ ശ്രദ്ധയയായ മല്ലിക ദുവയുടതാണ് ഈ അഭിപ്രായം. അക്ഷയ് കുമാര്‍ നായകനാകുന്ന പാഡ്മാന്‍ എന്ന ചിത്രത്തിന്റെ പ്രചാരണാര്‍ഥം ബോളിവുഡിലെ പ്രമുഖരുള്‍പ്പെടെയുള്ളവര്‍ സാനിറ്ററി പാഡ് ഉയര്‍ത്തിപ്പിടിച്ചുതുടങ്ങിയ പ്രചാരണമാണ് സമൂഹമാധ്യമങ്ങളില്‍ തരംഗമായത്. ഇന്ത്യന്‍ പാഡ്മാന്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന അരുണാചലം മുരുകാനന്ദം എന്ന യഥാര്‍ഥ വ്യക്തിയുടെ കഥയാണ് പാഡ്മാന്‍. അക്ഷയ് കുമാര്‍, ട്വിങ്കിള്‍ ഖന്ന, രാധിക ആപ്തെ ഉള്‍പ്പെടെയുള്ള പ്രമുഖതാരങ്ങളെ വെല്ലുവിളിച്ചുകൊണ്ടായിരുന്നു തുടക്കം. ചാലഞ്ച് ബോളിവുഡ് ഏറ്റെടുക്കകയും പടര്‍ന്നുപിടിക്കുകയും ചെയ്യുന്നതിനിടെയാണു മല്ലിക ദുവയുടെ വ്യത്യസ്ത അഭിപ്രായം ശ്രദ്ധ നേടുന്നത്.
മല്ലിക അഭിപ്രായം പറഞ്ഞയുടന്‍ ഫെയ്സ്ബുകില്‍ സുപ്രിയ ജോഷി സമാന ചിന്താഗതി പങ്കുവച്ചു. സുപ്രിയ ഒരു ഡയറി ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്. അതില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു: വിലകുറഞ്ഞ വിപണന തന്ത്രങ്ങളുടെ പേരില്‍ സാനിറ്ററി പാഡുകള്‍ വെറുതെ കളയല്ലേ.
ആര്‍ത്തവത്തെക്കുറിച്ചുള്ള അബദ്ധധാരണകള്‍ മാറണം. അതിനു പാഡ്മാന്‍ സിനിമ സഹായിക്കുമെങ്കില്‍ വളരെനല്ലതുതന്നെ. പക്ഷേ സാനിറ്ററി നാപ്കിനുകള്‍ പ്രചാരണത്തിന്റെ പേരില്‍ ചീത്തയാക്കിക്കളയുന്നതിനോടു യോജിപ്പില്ല. ഇതു ശുദ്ധതട്ടിപ്പാണ്. പാഡ്മാന്‍ സിനിമ വിജയമാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പ്രാര്‍ഥിക്കുന്നു. സിനിമയെപ്പോലെ അതിശക്തമായ ഒരു മാധ്യമത്തിനുമാത്രം കഴിയുന്ന രീതിയില്‍ പാഡ്മാന്‍ സമൂഹത്തെ സ്വാധീനിക്കട്ടെ. ഒരു കാര്യം പറയാതിരിക്കാന്‍ വയ്യ: ഈ ചീപ് സെൻസേഷണലിസമുണ്ടല്ലോ അതിനോടു മാത്രം യോജിപ്പില്ല- ഇന്‍സ്റ്റഗ്രാമില്‍ മല്ലിക എഴുതി.
സുപ്രിയ ജോഷി എഴുതുന്നു:–
സുഹൃത്തുക്കളെ, ഇന്നുരാവിലെ സന്തോഷപ്രദമായ ഒരു കാര്യം സംഭവിച്ചു. എന്റെ ആര്‍ത്തവം. പോളിസ്റ്റിക് ഓവറി സിന്‍ഡ്രോം ഉള്ളതിനാല്‍ ഓരോ ആര്‍ത്തവും ആഹ്ലാദത്തോടെ വരവേല്‍ക്കപ്പെടേണ്ടതാണെന്ന് നിങ്ങള്‍ക്കുമറിയാമല്ലോ. പെട്ടെന്നുതന്നെ ഞാന്‍ സാനിറ്ററി നാപ്കിന്‍ പാക്കറ്റ് എടുത്തു. ഇല്ല അതിലൊന്നുപോലുമില്ല. പാഡ് എവിടെപ്പോയെന്ന് തിരയുമ്പോള്‍ ഞെട്ടിപ്പിക്കുന്ന കാഴ്ചയാണു കാണുന്നത്.
അമ്മ, അച്ഛന്‍, അമ്മൂമ്മ, ഞങ്ങള്‍ താമസിക്കുന്ന കെട്ടിടത്തിന്റെ സെക്രട്ടറി എന്നിവര്‍ പാഡു കയ്യില്‍പിടിച്ചു പോസ് ചെയ്യുന്നു. ചിത്രങ്ങളെടുക്കുന്നു. എന്റെ പാഡുകളുമായി എന്താ ചെയ്യുന്നതെന്നു ഞാന്‍ അവരോടു ചോദിച്ചു. മറുപടി കേള്‍ക്കണോ: ‘ പൊട്ടിപ്പെണ്ണേ, മിണ്ടാതിരിക്ക്. ചരിത്രത്തിന്റെ വഴി തിരിച്ചുവിടുന്ന ഒരു ചാലഞ്ചില്‍ പങ്കെടുക്കുകയാണു ഞങ്ങള്‍. ആര്‍ത്തവം നിരോധിക്കേണ്ട സംഗതിയാണെന്ന അന്ധവിശ്വാസത്തെ ഞങ്ങള്‍ കൊട്ടയില്‍ എറിയാന്‍പോകുന്നു.
സ്ത്രീകളെ ശാക്തീകരിക്കാനുള്ളതാണു പാഡ്മാന്‍ ചാലഞ്ച്. ഹാഷ്ടാഗ് ഉപയോഗിക്കാന്‍ മറക്കല്ലേ. അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ നീ ശാക്തീകരണത്തിന്റെ ഭാഗമാകില്ല’. ശാക്തീകരിക്കപ്പെടാന്‍ എനിക്കും തോന്നി. പ്രചോദനം എന്നെയും ആവേശഭരിതയാക്കി. പക്ഷേ, എന്നെ നനച്ച രക്തം എന്റെ വസ്ത്രങ്ങളിലേക്കും പടരുന്നു. പാഡുകളെല്ലാം പോസ് ചെയ്യാന്‍ ഉപയോഗിച്ചു ചീത്തയാക്കിക്കളഞ്ഞു. ആര്‍ത്തവത്തെക്കുറിച്ചുള്ള തെറ്റായ ധാരണകള്‍ ഒഴിവാക്കാൻവേണ്ടിയുള്ള പാഡ്മാന്‍ ചലഞ്ച് നല്ല രീതിയില്‍ പുരോഗമിക്കുന്നു. ഇവിടെയൊരാള്‍ അത്യാവശ്യത്തിന് ഒരു പാഡില്ലാതെ നരകിക്കുന്നു. അക്ഷയ് കുമാറിനും അദ്ദഹത്തിന്റെ പിന്നില്‍ അണിനിരന്ന എല്ലാവരുടെയും വിപണനതന്ത്രത്തിനും എന്റെയും കൈയടി.
ഇനി ഞാന്‍ മാത്രമായി ഈ പ്രചാരണത്തില്‍നിന്ന് ഒഴിവാക്കപ്പെടരുതല്ലോ. അതുകൊണ്ട് ഇതാ എന്റെ ഭാഗം ഞാന്‍ അഭിനയിക്കുന്നു. അപ്പോള്‍ ഞാനും ശാക്തീകരണത്തിന്റെ ഭാഗമായിരിക്കുന്നു. പാഡുകള്‍ സെല്‍ഫിയുടെ ഭാഗമായിരിക്കുന്നു; ആര്‍ത്തവം ശ്രദ്ധിക്കണേ.
പാഡ്മാന്‍ ചലഞ്ച് പുരോഗമിക്കുന്നതിനിടെ, സമൂഹമാധ്യമങ്ങളില്‍ സെല്‍ഫികള്‍ നിറയുകയാണ്. ഈ അവസരത്തില്‍ പാഡുകള്‍ക്കുപകരം ഉപയോഗിക്കാവുന്ന മെന്‍സ്ട്രല്‍ കപ് ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങളെക്കുറിച്ചും ചര്‍ച്ച പുരോഗമിക്കുന്നു. ചലഞ്ചിനെ ശക്തമായി എതിര്‍ക്കുന്നവരുമുണ്ട്. ജീവിതത്തില്‍ എന്തെല്ലാം കാര്യങ്ങള്‍ സ്വകാര്യതയില്‍ സംഭവിക്കുന്നു. അവയൊക്കെ പ്രദര്‍ശനവസ്തുക്കളാക്കി മാറ്റുന്നതിനോടു യോജിപ്പില്ലെന്നാണു പലരും പറയുന്നത്. ചാലഞ്ച് നല്ലതുതന്നെ. അതൊരു സിനിമയ്ക്കുവണ്ടി മാത്രമാകുമ്പോള്‍ വില കുറഞ്ഞ തന്ത്രമാകുന്നുവെന്നു പറയുന്ന അനേകം പേരുമുണ്ട്.