Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൽ‌സരത്തിനിടെ ഹുക്ക് ചതിച്ചു; അസാധ്യധൈര്യം കാട്ടി ആൾക്കൂട്ടത്തെ നേരിട്ട് കായികതാരം

yura-min

യുറ മിന്‍ എന്ന ദക്ഷിണകൊറിയന്‍ സ്കേറ്റിങ് താരം പ്രതീക്ഷിച്ചത് അവിസ്മരണീയമായ ശീതകാല ഒളിംപിക്സ് അരങ്ങേറ്റം. വസ്ത്രത്തിന്റെ രൂപകല്‍പനയിലുണ്ടായ ചെറിയൊരു പിഴവ് മിന്നിന്റെ പ്രതീക്ഷകള്‍ക്കുമേല്‍ കരിനിഴല്‍ വീഴ്ത്താന്‍ എത്തിയെങ്കിലും അസാധാരണായ മനഃസാന്നിധ്യത്തോടെ സാഹചര്യത്തെ നിയന്ത്രണത്തിലാക്കിയ മിന്‍ സ്റ്റേഡിയത്തില്‍ സന്നിഹിതരായിരുന്നവരുടെയും ടെലിവിഷന്‍ പ്രേക്ഷകരുടെയും കൈയടി നേടി; ഒന്നാമതെത്തിയതുകൊണ്ടല്ല, അത് മറിച്ച് മനസ്സിന്റെ ധൈര്യംകൊണ്ടും മോശം സാഹചര്യത്തെ അതിജീവിക്കാൻ കാട്ടിയ മിടുക്കുകൊണ്ടും.

22 വയസ്സുകാരി യുറ മിന്‍ െഎസില്‍ സ്കേറ്റിങ്ങിനെത്തിയപ്പോള്‍ ഇട്ടിരുന്നത് ഇറക്കംകുറഞ്ഞ ചുവന്ന ടോപ്. മല്‍സരം തുടങ്ങിയതും മിന്‍ പ്രതീക്ഷിച്ചതിനപ്പുറം ശരീര ഭാഗങ്ങള്‍ വെളിപ്പെടാന്‍ തുടങ്ങി. അലക്സാണ്ടര്‍ ഗെയിംലിന്‍ എന്ന പങ്കാളിക്കൊപ്പമായിരുന്നു മിന്നിന്റെ പ്രകടനം. ഫിഗര്‍ സ്കേറ്റിങ് ടീം ഇനത്തില്‍ ഗെയിംലിനിന്റെ കൈകളിലൂടെ െഎസില്‍ തെന്നിനീങ്ങുമ്പോള്‍ മിന്‍ ടോപ് അഡ്ജസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതും കാണാമായിരുന്നു.അങ്ങേയറ്റം പ്രഫഷണല്‍ സമീപനം പുലര്‍ത്തിയ മിന്‍ വസ്ത്രം ശരീരത്തില്‍നിന്നു മാറുന്നതു ശ്രദ്ധിക്കാതെ പൂര്‍ണശ്രദ്ധ ചെലുത്തിയതു മല്‍സരത്തിന്റെ പൂര്‍ണതയില്‍. കാഴ്ചക്കാര്‍ക്ക് ചെറിയ അസ്വാരസ്യം പോലും തോന്നാതെ വിദഗ്ധമായും, തെറ്റു വരുത്താതെയും മല്‍സരം പൂര്‍ത്തിയാക്കുകയും ചെയ്തു. 

മല്‍സരം തുടങ്ങി മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍തന്നെ ടോപിന്റെ ഒരു ഹൂക് ഊരിവരികയാണുണ്ടായതെന്ന് മല്‍സരശേഷം മിന്‍ പ്രതികരിച്ചു. ടോപ് താഴേക്കു പോകുമോ എന്ന പേടിയില്‍ മല്‍സരം പുരോഗമിക്കുന്നതിനിടെതന്നെ മിന്‍ വസ്ത്രം അഡ്ജസ്റ്റ് ചെയ്തു. ടോപ് മുകളിലേക്കു വലിച്ചുകയറ്റി വീണ്ടും മിന്‍ ഗെയിംലിന്റെ കൈകളിലക്ക്. 

വസ്ത്രത്തിന്റെ രൂപകല്‍പനയിലുണ്ടായ പിഴവ് ഒഴിച്ചുനിര്‍ത്തിയാല്‍ ജനിച്ച നാട്ടില്‍ ‍ഞാന്‍ കടന്നുപോയത് അവിസ്മരണീയമായ അനുഭവത്തിലൂടെ- മിന്‍ പറഞ്ഞു. വ്യക്തിഗത ഇനത്തില്‍ മല്‍സരിക്കുന്നതിനു മുമ്പായി വസ്ത്രത്തിന്റെ പിഴവ് മാറ്റുമെന്നും മിന്‍ പറഞ്ഞു. അവസാനനിമിഷം വരെ എന്റെ പ്രകടനത്തിനു സാക്ഷികളായവര്‍ക്കു നന്ദി. നിങ്ങള്‍ ക്ഷമയോടെ ഇരുന്നതുകൊണ്ടാണ് എനിക്കു മല്‍സരം പൂര്‍ത്തിയാക്കാനായത്- മിന്‍ നന്ദി പറഞ്ഞു. 

അമേരിക്കന്‍ പൗരത്വത്തിനുകൂടി ഉടമയായ ഇരട്ടപൗരത്വമുള്ള മിന്‍ മല്‍സരശഷം തന്റെ ഊരിപ്പോകുന്ന ടോപ് മുകളിലേക്കു പിടിച്ചുയര്‍ത്തി ശരീരത്തോടു ചര്‍ത്തുനിര്‍ത്തുന്ന ദൃശ്യം ട്വീറ്റ് ചെയ്യുകയും ചെയ്തു. 10 ടീമുകള്‍ മല്‍സരിച്ചതില്‍ മിന്നിനും ഗെയിംലിനും ഒൻപതാമത് എത്താനേ കഴിഞ്ഞുള്ളൂ. ഇപ്പോഴത്തെ ലോകചാംപ്യന്‍മാരായ ടെസ്സ വെര്‍ച്യൂ- സ്കോട്ട് മോയര്‍ സഖ്യമാണ് ഒന്നാമതെത്തിയത്. ഇനി വ്യക്തിഗത മല്‍സരയിനങ്ങളിലും മിന്നും ഗെയിംലിനും പങ്കെടുക്കുന്നുണ്ട്. ധൈര്യത്തോടൊപ്പം പ്രകടനത്തിലെ മികവ് അന്ന് യുറ മിന്‍ എന്ന യുവതാരത്തെ മുന്നിലെത്തിക്കുമെന്നു പ്രതീക്ഷിക്കാം.