Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകം പറയുന്നു ഇന്ത്യയുടെ വാലന്റൈൻ ഐക്കൺ ഇവളാണ്

priya-prakash-warrier-2

ഒരു പെൺകുട്ടി കണ്ണിറുക്കിയാൽ ഇത്രയും പുകിലൊക്കെയുണ്ടാകുമെന്ന് ലോകം തിരിച്ചറിഞ്ഞിട്ട് കുറച്ചു ദിവസങ്ങളേ ആയിട്ടുള്ളൂ. ഒറ്റദിവസംകൊണ്ടാണ് പ്രിയ പ്രകാശ് വാരിയർ എന്ന പെൺകുട്ടി ലോകത്തിനു മുമ്പിൽ ഇന്ത്യയുടെ വാലന്റൈൻ ഐക്കൺ ആയി മാറിയത്. ഒരു അഡാർ ലൗ എന്ന ചിത്രത്തിലെ ഗാനരംഗത്തിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് പെൺകുട്ടിയുടെ തലേവര മാറിയത്.

ഇൻസ്റ്റഗ്രാമിലും ഗൂഗിളിലും റെക്കോർഡുകൾ സൃഷ്ടിച്ചുകൊണ്ടാണ് രാജ്യാന്തരതലത്തിൽ പ്രിയ പ്രശസ്തയായത്. പ്രണയദിനം പ്രമാണിച്ച് ബോളിവുഡ് സുന്ദരിമാരെക്കുറിച്ചുള്ള വിവരങ്ങൾ ഗൂഗിളിൽ തിരയുന്ന യുവത്വം ഇക്കുറി ഉത്സാഹം കാട്ടിയത് പ്രിയ പ്രകാശ് വാര്യർ എന്ന പെൺകുട്ടിയെക്കുറിച്ച് കൂടുതലറിയാനാണ്. സണ്ണിലിയോൺ, കത്രീന കൈഫ്, അനുഷ്ക ശർമ്മ, ദീപിക പദുക്കോൺ എന്നിവരെ പിന്നിലാക്കിയാണ് ഈ പതിനെട്ടുവയസ്സുകാരി വെർച്വൽ ലോകത്ത് തരംഗമായി മാറിയത്.

ഒമർ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാർ ലൗ എന്ന ചിത്രത്തിലെ ഗാനരംഗത്തിലൂടെയാണ് തൃശ്ശൂർ വിമല കൊളേജിലെ ഒന്നാംവർഷ വിദ്യാർഥിനിയായ പ്രിയ സമൂഹമാധ്യമങ്ങളിലെ താരമായത്. ജൂനിയർ ആർട്ടിസ്റ്റാകാൻ വേണ്ടി ഒഡിഷനെത്തിയ പ്രിയയുടെ ഭാഗ്യം തെളിഞ്ഞത് വളരെപ്പെട്ടന്നാണ്. സമൂഹമാധ്യമങ്ങളിലെ സൂപ്പർസ്റ്റാറിനെ ഇനി ചെറിയവേഷത്തിൽ ഒതുക്കാൻ സാധിക്കില്ല എന്നതിനാൽ ചിത്രത്തിന്റെ ചിത്രീകരണം തൽക്കാലം നിർത്തി വെച്ചിരിക്കുകയാണ്. ചിത്രത്തിൽ കുറച്ചു കൂടി പ്രാധാന്യമുള്ള വേഷം നൽകുന്നതിനായി തിരക്കഥയിൽ ചില അഴിച്ചുപണികൾ ചെയ്യുകയാണ് സംവിധായകൻ.

നിരവധി ഹ്രസ്വചിത്രങ്ങളിൽ പ്രിയ അഭിനയിച്ചിട്ടുണ്ടെങ്കിലും അഡാർ ലൗ എന്ന ചിത്രത്തിലെ ഗാനരംഗത്തിലെ എക്സ്പ്രഷൻസ് കണ്ടാണ് ആളുകൾ ഈ പെൺകുട്ടിയെ ആരാധിച്ചു തുടങ്ങിയത്. പെൺകുട്ടി താരമായതോടെ അവരുടെ പഴയ വിഡിയോകളും ചിത്രങ്ങളും വൈറൽ ആയിക്കൊണ്ടിരിക്കുകയാണ്. റൺബീർ കപൂറും– അനുഷ്ക ശർമ്മയും അഭിനയിച്ച യേ ദിൽ ഹേ മുഷ്കിൽ എന്ന ചിത്രത്തിലെ ഗാനം ആലപിക്കുന്ന പ്രിയയുടെ വിഡിയോ വീണ്ടും തരംഗമാവുകയാണ്.