എന്തു വസ്ത്രം ധരിക്കണം, അത് എങ്ങനെ ധരിക്കണം എന്നീ വിഷയങ്ങള്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടതാണ്. പ്രത്യേകിച്ചും ഇന്ത്യന്‍ സാമൂഹിക സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍. ഇപ്പോള്‍ വിഷയം വീണ്ടും ഉയര്‍ന്നുവന്നിരിക്കുന്നു; സാരിയെക്കുറിച്ചുള്ള സബ്യസാചി മുഖര്‍ജിയുടെ പരാമര്‍ശങ്ങളിലൂടെ.
സാരി ഉടുക്കാന്‍ അറിയാത്ത, ആ അറിവില്ലായ്മ അഭിമാനമായി കൊണ്ടുനടക്കുന്ന പുതുതലമുറയെ വിമര്‍ശിച്ചിരുന്നു അദ്ദേഹം. അനുകൂലമായും പ്രതികൂലമായും അഭിപ്രായങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. സ്ഥിരമായി സാരി ഉടുത്തിരുന്ന, ഒരു പ്രത്യേക സാഹചര്യത്തില്‍ സാരി ഉപേക്ഷിച്ച അമ്മയെക്കുറിച്ച് ഒരാള്‍ എഴുതിയ കുറിപ്പ് ശ്രദ്ധേയമായിരിക്കുന്നു. സബ്യസാചിയെ അഭിസംബോധന ചെയ്തുകൊണ്ടാണ് കത്ത് തയാറാക്കിയിരിക്കുന്നത്.
ജോലി കഴിഞ്ഞു വീട്ടില്‍ മടങ്ങിവരുന്ന അമ്മയുടെ സാരിയുടെ തുമ്പില്‍ തൂങ്ങുന്ന ഓര്‍മയാണ് എന്റെ മനസ്സില്‍ ആദ്യം ഓടിയെത്തുന്നത്. ക്യുട്ടിക്കൂറ പൗഡറിന്റെയും സിഗരറ്റിന്റെയും മണമുണ്ടായിരുന്ന സാരി. പൗഡര്‍ ബ്രാന്‍ഡ് അമ്മ നേരത്തെതന്നെ മാറ്റിയെങ്കിലും ഇന്നും അമ്മയെക്കുറിച്ചോര്‍ക്കുമ്പോള്‍ ആ മണം എന്നെത്തേടിവരുന്നു. അന്ന് എനിക്ക് ആറുവയസ്സ്. അന്ന് എനിക്കിഷ്ടമായിരുന്നു സാരി.
പുറത്തെവിടെയെങ്കിലും പോകുമ്പോള്‍ ഞാന്‍ അമ്മയുടെ അലമാരയുടെ മുന്നില്‍തന്നെ സ്ഥാനം പിടിക്കും. അമ്മ ഏതു സാരി ഉടുക്കണമെന്നു സെലക്റ്റ് ചെയ്യുന്നത് ഞാനാണ്. രേഖയെപ്പോലെ ജയപ്രദയെപ്പോലെ ഇരിക്കണം അമ്മ എന്നായിരുന്നു എന്റെ ആഗ്രഹം. അന്നത്തെ പ്രശസ്ത താരങ്ങള്‍. സാരിക്ക് ചേരുന്ന കുപ്പിവളകള്‍ അമ്മ ഇടുന്നതും ഞാന്‍ ഇഷ്ടപ്പെട്ടു. സാരിയില്‍ മറ്റൊരാളാകുന്ന അമ്മയെ നോക്കിനില്‍ക്കുന്നതുതന്നെ എന്തു രസമായിരുന്നു.
1990-കളുടെ തുടക്കത്തിലാണെന്നു തോന്നുന്നു. സാരി അമ്മ ഉപക്ഷിച്ചു. പെട്ടെന്നെടുത്ത തീരുമാനമൊന്നുമല്ല. ക്രമേണ സംഭവിച്ചത്. അപ്പോഴേക്കും ഒറ്റയ്ക്കായിരുന്നു അമ്മ. സംഘര്‍ഷങ്ങള്‍ നിറഞ്ഞ ജോലിയായിരുന്നു ചെയ്തിരുന്നത്. ബില്‍ഡിങ് പ്രമോട്ടര്‍. സാരികള്‍ നിറഞ്ഞിരുന്ന അമ്മയുടെ അലമാരയില്‍ കൊല്‍ക്കത്തയിലെ ട്രഷര്‍ െഎലന്‍ഡ് മാര്‍ക്കറ്റില്‍നിന്നു വാങ്ങിയ കുര്‍ത്തകള്‍കൊണ്ടു നിറഞ്ഞു. തയ്യല്‍ക്കടയിലേക്കുള്ള പോക്കു നിന്നു. ബോംബെ ഡെയിങ് കടകളിലെ ഷോപ്പിങ്ങും നിന്നു. ജോലിക്കനുസൃതമായ വേഷത്തിലക്കു മാറുകയായിരുന്നു അമ്മ.
അക്കാലത്ത് സാരി ഒരു ചങ്ങലയായാണ് എനിക്കു തോന്നിയത്: 63 വയസ്സുകാരിയായ അമ്മ പറയുന്നു. എല്ലാ ദിവസവും കെട്ടിട നിര്‍മാണ സ്ഥലങ്ങള്‍ എനിക്കു സന്ദര്‍ശിക്കേണ്ടിയിരുന്നു. സാരി ഉടുത്തുകൊണ്ട് അവിടെയൊക്കെ പോകുക സൗകര്യപ്രദമായിരുന്നില്ല.
12-ാം വയസ്സിലാണത്രെ അമ്മ ആദ്യമായി സാരി ഉടുക്കുന്നത്. കൊല്‍ക്കത്തയിലുള്ള അച്ഛന്റെ വീട്ടില്‍പോകുമ്പോള്‍ സാരി ഉടുക്കണം എന്നതു നിര്‍ബന്ധമായിരുന്നു. അച്ഛമ്മയെ സന്തോഷിപ്പിക്കാനായിരുന്നു അത്. അന്നും സാരി ഉടുക്കുന്നത് അമ്മയ്ക്ക് അത്ര ഇഷ്ടമായിരുന്നില്ല. ആഗ്രഹിക്കുന്ന പലകാര്യങ്ങളും ചെയ്യുന്നതിനു തടസ്സവുമായിരുന്നു സാരി. എങ്ങനെ ഉടുത്താലും പ്ലീറ്റ് മാറിപ്പോകും. മുന്താണി പിന്നില്‍ വാലുപോലെ കിടക്കും.
ഇതുകൊണ്ടൊക്കെയായിരിക്കും വളര്‍ന്നപ്പോള്‍ എന്റെ സഹോദരിയെ സാരി ഉടുക്കാന്‍ അമ്മ നിര്‍ബന്ധിക്കാതിരുന്നത്. ഞങ്ങളുടെ കാലത്ത് പ്രായപൂര്‍ത്തിയായാല്‍ സാരി ഉടുക്കണമെന്നതു നിര്‍ബന്ധമായിരുന്നു. ബന്ധുക്കള്‍ സമ്മാനിക്കുന്നതും സാരി തന്നെയായിരുന്നു. എന്റെ മകള്‍ സാരി ഉടുക്കാന്‍ നിര്‍ബന്ധിക്കപ്പെടരുതെന്ന് ഞാനുറപ്പിച്ചിരുന്നു- അമ്മ പറയുന്നു.
കൊളേജിലുമുണ്ടായിരുന്നു തരംതിരിവ്. സാരി ഉടുക്കുന്നവുരും മറ്റു വേഷങ്ങള്‍ ധരിക്കുന്നവരും എന്ന തരംതിരിവ്. സാരി ഉടുക്കാത്ത പെണ്‍കുട്ടികളെ പ്രത്യേകതരം ആളുകളായി കാണുന്ന പതിവും ഉണ്ടായിരുന്നു. സത്യജിത് റായിയുടെ മഹാനഗര്‍ എന്ന സിനിമയില്‍ സാരി ഉടുക്കാത്ത ഒരു യുവതിയെ ജോലിയില്‍നിന്നു പുറത്താക്കുന്ന ഒരു രംഗം പോലുമുണ്ടായിരുന്നു.
ഇന്നും സാരിയില്‍ എനിക്കു സ്വതന്ത്രമായി ചലിക്കാന്‍ ആവില്ല. എന്തോ ഒരു നിയന്ത്രണം നമുക്കു തോന്നും: അമ്മ പറയുന്നു. സാരി ഉടുക്കാന്‍ അറിയില്ലാത്ത ഇന്ത്യയിലെ പുതുതലമുറ പെണ്‍കുട്ടികള്‍ ലജ്ജിക്കണം എന്നു പറഞ്ഞപ്പോള്‍ എല്ലാ സ്ത്രീകളും സാരി മാത്രമേ ധരിക്കാവൂ എന്നര്‍ഥമാക്കിയിട്ടില്ല സബ്യസാചി. എന്നു മാത്രമല്ല, സാരിയോ മറ്റെന്തെങ്കിലും വേഷമോ ധരിക്കണം എന്നു നിര്‍ബന്ധിക്കുന്നതും തെറ്റാണ്. ഒരാളുടെ സ്വകാര്യതയില്‍ എന്തിന് മറ്റുള്ളവര്‍ ഇടപെടണം: അമ്മ ചോദിക്കുന്നു.
തന്റെ പരാമർശത്തിലെ നാണക്കേട് എന്ന വാക്ക് പിൻവലിച്ചുകൊണ്ട് സബായസാചി പിന്നീട് മാപ്പു പറഞ്ഞു.