ഭ്രാന്തമായ സ്നേഹം എന്തിനോടെങ്കിലും തോന്നാത്തവരായി ആരുമില്ല. ചിലർക്ക് ജീവനുള്ള വ്യക്തികളോടായിരിക്കാം മറ്റുചിലർക്ക് അതു ജീവിതത്തിന്റെ ഭാഗമായ ഏതെങ്കിലും വസ്തുക്കളോടായിരിക്കാം. എന്നാൽ സ്നേഹം തോന്നുന്ന വസ്തുവിനുവേണ്ടി സ്വന്തം ജീവൻ പോലും അപകടത്തിലാക്കാൻ എത്രപേർ തയാറാവും. അങ്ങനെയൊരു സാഹസം കാണിച്ച സ്ത്രീയെക്കുറിച്ചാണ് ലോകം കഴിഞ്ഞ ദിവസങ്ങളിൽ ചർച്ച ചെയ്തത്.
ചൈനയിലെ ഡോംഗ്വൻ റെയിൽവേസ്റ്റേഷനലാണ് സംഭവം. സ്റ്റേഷനിലേക്കു കയറുന്നതിനു മുൻപായിയാത്രക്കാരുടെ ബാഗുകൾ എക്സറേ മെഷീനിലൂടെ കടത്തിവിടുന്ന പതിവ് ഇവിടെയുണ്ട്. എന്നാൽ സുരക്ഷാ ഉദ്യോഗസ്ഥരെ ഞെട്ടിച്ചുകൊണ്ട് ഒരു സ്ത്രീ തന്റെ ബാഗിനൊപ്പം എക്സറേ മെഷീനിനുള്ളിൽ പ്രവേശിച്ചു. സ്ത്രീ എക്സറേ മെഷീനിനുള്ളിൽ നിന്ന് പുറത്തു വരുന്നതിന്റെ ദൃശ്യങ്ങൾ കണ്ടതിനെത്തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ഇവരെ ചോദ്യംചെയ്തു.
തന്റെ ഹാൻഡ്ബാഗ് നഷ്ടപ്പെടുമോ എന്ന ഭയത്താലാണ് താൻ എക്സറേ മെഷീനിൽ കയറിയതും ബാഗ് തപ്പിയെടുക്കാൻ മുതിർന്നതും എന്നതായിരുന്നു യുവതിയുടെ മറുപടി. എക്സറേ വികിരണങ്ങളും മെഷീനിൽ നിന്നുണ്ടാകുന്ന റേഡിയേഷനുമൊക്കെ മനുഷ്യശരീരത്തിന് അപകടംവരുത്തുമെന്നറിഞ്ഞിട്ടും യുവതി എന്തിന് ഇങ്ങനെയൊരു സാഹസം കാണിച്ചുവെന്നും ഇതിനുമാത്രം മൂല്യമുള്ള എന്തു വസ്തുവാണ് അവരുടെ ബാഗിലുള്ളതെന്നുമാണ് ദൃശ്യങ്ങൾ കണ്ട ആളുകളുടെ സംശയം.
സ്കാനിങ് മെഷീനിനുള്ളിൽ പ്രവേശിച്ച് ബാഗ് തപ്പിടെയുക്കുന്ന ദൃശ്യങ്ങൾ പ്രചരിച്ചതോടെ ഇങ്ങനെയുമുണ്ടോ സ്ത്രീകൾ എന്നാണ് ലോകത്തിന്റെ ചോദ്യം.