നന്നായി അഭിനയിക്കാൻ മാത്രമല്ല നല്ല അസ്സലായി നൃത്തം ചെയ്യാനും തങ്ങൾക്കാവുമെന്ന് തെളിയിച്ചിരിക്കുകയാണ് രണ്ടു താരസുന്ദരികൾ. ഷൂട്ടിങ്ങിനിടയിൽ വീണു കിട്ടിയ ഇടവേളയിലാണ് രാമന്റെ ഏദൻ തോട്ടം എന്ന ചിത്രത്തിലെ നായിക അനു സിത്താരയും തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ നിമിഷ സജയനും നൃത്തം ചെയ്തത്.
മധുപാൽ സംവിധാനം ചെയ്യുന്ന ഒരു കുപ്രസിദ്ധ പയ്യൻ എന്ന ചിത്രത്തിലാണ് ഇരുവരും ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. പത്മാവത് എന്ന ചിത്രത്തിലെ ഗാനത്തിനാണ് ഇരുവരും ചുവടുവെച്ചിരിക്കുന്നത്. രാമന്റെ ഏദൻതോട്ടം എന്ന ചിത്രത്തിൽ അനുസിത്താര അവതരിപ്പിച്ച മാലിനി എന്ന കഥാപാത്രം ഒരു ഡാൻസ് ടീച്ചറാണ്. ചിത്രത്തിലെ പല രംഗങ്ങളിലും അനുവിന്റെ നൃത്തം കാണാനുള്ള അവസരം പ്രേക്ഷകർക്ക് ലഭിച്ചിരുന്നു. അതുകൂടാതെ പല അവാർഡ് നിശകളിലും അനുസിത്താരയുടെ നൃത്തപ്രകടനം ആസ്വദിക്കാനുള്ള അവസരം ആരാധകർക്ക് ലഭിച്ചിട്ടുണ്ട്.
ഇപ്പോഴിതാ അനുസിത്താരയ്ക്കൊപ്പം നിമിഷാസജയന്റെയും നൃത്തം ആസ്വദിക്കാനുള്ള അവസരം പ്രേക്ഷകർക്ക് ലഭിച്ചിരിക്കുകയാണ്. ബോളിവുഡ് ഗാനരംഗത്തിന് ചുവടുവയ്ക്കുന്ന താരസുന്ദരികളുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണിപ്പോൾ.