വലിയ മൂക്കുള്ള പെണ്ണുങ്ങളുടെ ചിരിച്ചിത്രങ്ങളാണ് വെർച്വൽ ലോകത്തെ പുതിയ വിശേഷം. സൈഡ് പ്രൊഫൈൽ സെൽഫി എന്നു പേരിട്ടിരിക്കുന്ന ഈ ക്യാംപെയിനിന്റെ അമക്കാരി ഒരു ഫ്രീലാൻസ് ജേണലിസ്റ്റാണ്. പേര് രാധിക. നല്ല ഭംഗിയുള്ള ചെറിയ മൂക്കുകളാണ് സ്ത്രീകൾക്ക് ചേർച്ച എന്ന കാഴ്ചപ്പാടിനെ കാറ്റിൽ പറത്താനാണ് കക്ഷി വ്യത്യസ്തമായ ഒരു കാംപെയിൻ തുടങ്ങിയത്.
വലിയ മൂക്ക് വ്യക്തമായി കാണുന്ന വിധത്തിൽ മുഖത്തിന്റെ ഒരു വശത്തിന്റെ ചിത്രം പകർത്തി സമൂഹമാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്യുക എന്ന രാധികയുടെ ചലഞ്ച് ഏറ്റെടുത്തുകൊണ്ട് ലോകമെമ്പാടുമുള്ള സ്ത്രീകൾ ക്യാംപെയിനിൽ പങ്കെടുത്തതോടെ ട്വിറ്റർ മുഴുവൻ പെണ്ണുങ്ങളുടെ മൂക്കുകൾ കൊണ്ടു നിറഞ്ഞു. സൗന്ദര്യത്തെക്കുറിച്ചും ശരീരത്തിന്റെ അഴകളവുകളെക്കുറിച്ചും സമൂഹത്തിന് ചില വ്യക്തമായ കാഴ്ചപ്പാടുകളുണ്ട്. അതിനോടൊത്തു പോകാത്ത ശാരീരിക പ്രത്യേകതകളുള്ളവർ ചിലപ്പോഴൊക്കെ സമൂഹത്തിനു മുന്നിൽ പരിഹാസ്യരാകാറുമുണ്ട്.
മൂക്ക് ഇമ്മിണി വലുതായതുകൊണ്ടു മാത്രം അതിനെ വെറുക്കേണ്ടതില്ലെന്നും സ്വന്തം മൂക്കിനെ സ്നേഹിക്കുന്നുണ്ടെങ്കിൽ ഒരു സെൽഫിയെടുത്ത് ഇതുപോലെ വലിയ മൂക്കുള്ള സ്ത്രീകളെ പിന്തുണയ്ക്കുവാൻ വേണ്ടി സമൂഹമാധ്യമങ്ങളിൽ അഭിമാനത്തോടെ പങ്കുവെയ്ക്കൂവെന്നും പറഞ്ഞുകൊണ്ടാണ് രാധിക ക്യാംപെയിനു തുടക്കം കുറിച്ചത്. ഇങ്ങനൊരു ക്യാംപെയിൻ ആരെങ്കിലും തുടങ്ങിക്കിട്ടിയാൽ മതി ബാക്കി ഞങ്ങളേറ്റു എന്ന ഭാവത്തിലായിരുന്നു ഇതേപ്രശ്നം അനുഭവിച്ചുകൊണ്ടിരുന്ന സ്ത്രീകളുടെ പ്രതികരണം.
ക്യാംപെയിന്റെ ഭാഗമായി രാധിക പങ്കുവെച്ച ചിത്രത്തെക്കുറിച്ച് ഒരു സ്ത്രീ പറഞ്ഞതിങ്ങനെ. ''നിങ്ങളുടെ മൂക്ക് മനോഹരമാണ്. ഇങ്ങനൊരു ക്യാംപെയിൻ തുടങ്ങിയതിനു നിങ്ങളോട് നന്ദിയുണ്ട്. കാരണം ഇത്രയും വർഷങ്ങൾക്കു ശേഷം ഇതാദ്യമായാണ് എന്റെ മൂക്ക് സുന്ദരമാണെന്നെനിക്കു മനസ്സിലായത്''.