Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാക്ഷി ആ രഹസ്യം വെളിപ്പെടുത്തുമോ?; ആകാംക്ഷയോടെ പെൺകുട്ടികളുടെ രക്ഷിതാക്കൾ

INDIA-ENTERTAINMENT-CINEMA-BOLLYWOOD സാക്ഷി മാലിക്.

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്കൊന്നുമില്ലാത്ത ഒരു കുപ്രസിദ്ധിയുണ്ട് ഹരിയാനയ്ക്ക്. പെണ്‍കുട്ടികളോടുള്ള വിവേചനം. ലിംഗനീതിയുടെ അഭാവം. അതേ ഹരിയാനയില്‍നിന്നുമെത്തിയ ഒരു യുവതിയാണ് രാജ്യത്തിന്റെ മുഴുവന്‍ അഭിമാനമുയര്‍ത്തി റിയോ ഒളിംപിക്സില്‍ ഗുസ്തിയില്‍ വെങ്കലം നേടിയതും. അറിയപ്പെടാത്ത പെണ്‍കുട്ടിയില്‍നിന്നു കഠിനാധ്വാനത്തിന്റെ ദിവസങ്ങള്‍ പിന്നിട്ട് പ്രശസ്തയായ വനിതയായി മാറിയിരിക്കുന്നു സാക്ഷി മാലിക്. തങ്ങളുടെ പെണ്‍മക്കളെ നാളെ പ്രശസ്തരാക്കി വളര്‍ത്തിക്കൊണ്ടുവരാന്‍ രക്ഷകര്‍ത്താക്കള്‍ ഉപദേശം തേടുന്നതും സാക്ഷിയില്‍നിന്ന്. 

ഹരിയാനയിലെ റോഹ്ത്തക് ജില്ലയില്‍നിന്നു 25 കിലോമീറ്റര്‍ അകലെ മോഖ്ര എന്ന സ്ഥലത്തുനിന്നാണു സാക്ഷി വരുന്നത്. റോഹ്ത്തക്കില്‍നിന്നു റിയോയിലേക്കു ഒരു വ്യാഴവട്ടത്തിന്റെ കഠിനവും ദുരിതം നിറഞ്ഞതുമായ അധ്വാനമുണ്ട്. കാണുന്നവരൊക്കെ പരിഹസിക്കുന്ന അവസ്ഥയില്‍നിന്ന് എല്ലാവരാലും ആദരിക്കപ്പെടുന്ന ഉന്നതാവസ്ഥയിലേക്ക് എത്തിയതിന്റെ ചരിത്രയാത്ര. 

‘റിയോയ്ക്കു ശേഷമുണ്ടായതു വലിയ മാറ്റങ്ങള്‍. ഗുസ്തിയെക്കുറിച്ചും പെണ്‍കുട്ടികളെക്കുറിച്ചുമുള്ള കാഴ്ചപ്പാടു തന്നെ മാറിയിരിക്കുന്നു. ആണുങ്ങള്‍ക്കു പറഞ്ഞിട്ടുള്ള കായികയിനമാണു ഗുസ്തി എന്നായിരുന്നു പൊതുധാരണ. ആ വിശ്വാസത്തിനും മാറ്റം വന്നിരിക്കുന്നു. ഞാന്‍ പരിശീലനം തുടങ്ങുമ്പോള്‍ എനിക്കുചുറ്റുമുണ്ടായിരുന്നതു പുരുഷന്‍മാര്‍. ഇന്ന് പെണ്‍കുട്ടികള്‍ ഈ രംഗത്തേക്കു മടിയില്ലാതെ, ആത്മവിശ്വാസത്തോടെ കടന്നുവന്നിരിക്കുന്നു- സാക്ഷി പറയുന്നു. 

തങ്ങളുടെ പെണ്‍മക്കളെ ഗുസ്തി പഠിപ്പിച്ചു വലിയവരാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്ന് എന്നെ സമീപിക്കുന്നതു നൂറുകണക്കിനുപേര്‍. പരിശീലനത്തെക്കുറിച്ചും പോഷകാഹാരത്തെക്കുറിച്ചുമൊക്കെ സംശയങ്ങള്‍ ചോദിക്കുന്നു. അഭിമാനമുണ്ടെനിക്ക്, വലിയൊരു മാറ്റം കൊണ്ടുവരാന്‍ കഴിഞ്ഞല്ലോ. ഗുസ്തി പഠിക്കാനെത്തുന്നവര്‍ക്കുള്ള സൗകര്യങ്ങളും ഇന്നു വര്‍ധിച്ചിരിക്കുന്നു. നാളെ വലിയ മാറ്റങ്ങള്‍ വീണ്ടുമുണ്ടാകുമെന്നും എനിക്കുറപ്പുണ്ട്: 25 വയസ്സുകാരിയായ സാക്ഷി അഭിമാനത്തോടെ പറയുന്നു. 

ഓരോ മല്‍സരത്തിനും മുമ്പ് എങ്ങനെയാണ് ഒരുക്കമെന്നു ചോദിച്ചു സാക്ഷിയോട്. നന്നായി പരിശീലിക്കുക- അതായിരുന്നു സാക്ഷിയുടെ ഉത്തരം. ശരീരങ്ങള്‍ പരസ്പരം സ്പര്‍ശിക്കുന്ന ഒരു കായികയിനമാണു ഗുസ്തി. മനസ്സിനും വലിയ പ്രാധാന്യമുണ്ട്. പരിശീലനം തന്നെയാണ് മാനസികതയാറെടുപ്പിന്റെ അടിസ്ഥാനം. നന്നായി പരിശീലിച്ചാല്‍ ആത്മവിശ്വാസവും വര്‍ധിക്കും. മനസ്സ് കരുത്തുറ്റതാകും. ധൈര്യമായി മലര്‍ത്തിയടിക്കാം എതിരാളിയെ- സാക്ഷി രഹസ്യം വെളിപ്പെടുത്തുന്നു.