Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്പലപ്പുഴ പാൽപ്പായസം കുടിക്കുന്നവർ അറിയണം ചന്ദ്രമതിയമ്മയുടെ കഥ

chandramathi-amma ചന്ദരമതി അമ്മ.

ചന്ദ്രമതിയമ്മയുടെ വീട്ടിൽനിന്നു നാലു കീലോമീറ്റർ ദൂരമുണ്ട് പ്രസിദ്ധമായ അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രത്തിലേക്ക്. ദൂരം കൂസാതെ ദിവസവും രാവിലെ വയോധികയായ ചന്ദ്രമതിയമ്മ ക്ഷേത്രത്തിൽപോകും. കൈയിലൊരു പാത്രവുണ്ടാകും. വീട്ടിൽ വളർത്തുന്ന പശുക്കളുടെ പാലുമായാണു യാത്ര.

ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ നടക്കാൻ ബുദ്ധിമുട്ട് നേരിടുന്ന ചന്ദ്രമതിയമ്മ കുറച്ചുനാളായി ക്ഷേത്രത്തിൽപോകുന്നത് ഓട്ടോയിലോ ബസിലോ കയറി. ക്ഷേത്രത്തിൽ അവർ നിവേദിക്കുന്ന പാൽ അമ്പലപ്പുഴ പാൽപ്പായസമാകുന്നു– ശ്രീകൃഷ്ണ ഭക്തരുടെ പ്രിയപ്പെട്ട പ്രസാദം.  42 വർഷമായി അവർ ഈ പതിവു തുടങ്ങിയിട്ട്. ഡൽഹിയിലും മറ്റും താമസിക്കുന്ന മക്കളുടെ അടുത്തു താമസിച്ച നാളുകളൊഴിച്ചാൽ പതിവു തെറ്റിച്ചിട്ടില്ലേ യില്ല കരുമാടി മറ്റക്കാടു ചന്ദ്രമതിയമ്മ. 

chandramati-0025

ഒരുകാലത്തു കരുമാടി എന്ന പ്രദേശത്തുനിന്നുമായിരുന്നു ക്ഷേത്രത്തിലേക്ക് ആവശ്യമുള്ള പാലത്രയും കൊണ്ടുപോകുന്നത്. പതിവുകാരെല്ലാം മറ്റു ജോലികളിലേക്കു മാറിയെങ്കിലും ചന്ദ്രമതിയമ്മ ഇന്നും പതിവു തെറ്റിക്കാതെ ആചാരം പോലെയോ അനുഷ്ഠാനം പോലെയോ ക്ഷേത്രത്തിലേക്കു പാലുമായി പോകുന്നു. രണ്ടു പശുക്കളുണ്ട് വീട്ടിൽ. നാലുപതിറ്റാണ്ടു മുമ്പ് അമ്പലപ്പുഴയിലെ ഭർത്താവിന്റെ വീട്ടിലേക്കു വരുമ്പോൾ കൊണ്ടുവന്ന പശുവിന്റെ കുട്ടികളാണ് ഇപ്പോഴുള്ള പശുക്കൾ. ഇരുപതോളം പേർ അമ്പലപ്പുഴ ക്ഷേത്രത്തിൽ പാലു കൊണ്ടുകൊടുക്കുന്നുണ്ട്. പക്ഷേ, പതിവു തെറ്റിക്കാതെ എല്ലാ ദിവസവും ഇതുചെയ്യുന്നതു ചന്ദ്രമതിയമ്മ മാത്രമാണെന്നു സാക്ഷ്യപ്പെടുത്തുന്നു ക്ഷേത്ര അധികൃതരും ഭക്തരും. 

ചന്ദ്രമതിയമ്മയുടെ ഭർത്താവു ഗോപാലകൃഷ്ണപ്പണിക്കർ മരിക്കുന്നതു 17 വർഷം മുമ്പ്. മകളോടൊപ്പമാണ് ഇപ്പോൾ താമസം. രാവിലെ ക്ഷേത്രത്തിൽ ഓട്ടോറിക്ഷയിലാണു പോകുന്നതെങ്കിലും ചടങ്ങുകൾക്കെല്ലാം സാക്ഷിയായതിനുശേഷം തിരിച്ചു നടന്നാണു യാത്ര. വർഷങ്ങളായി അറിയാവുന്ന സുഹൃത്തുകളോടും സംസാരിച്ചും മറ്റും ഉച്ചഭക്ഷണത്തിനു സമയമാകുമ്പോൾ വീട്ടിലെത്തും.