നിസ്വാർഥമായ പ്രവർത്തനങ്ങൾക്കും ജീവിതത്തിനും ഇതാ തമിഴ്നാട്ടിൽനിന്ന് ഒരു മാതൃക. ഹെഡ്മിസ്ട്രസ്സായിരിക്കെ വിരമിച്ച എൺപതുവയസ്സുകാരി പൊൻമണിദേവിയാണു രാജ്യത്തിനുതന്നെ മാതൃകയായ പ്രവൃത്തിയിലൂടെ ശ്രദ്ധേയയായിരിക്കുന്നത്. തമിഴ്നാട്ടിൽ ഈറോഡ് ജില്ലയിൽ നല്ലഗൗണ്ടപാളയം എന്ന സ്ഥലത്ത് നാലു കോടി രൂപ വിലമതിക്കുന്ന ഒരു ഏക്കർ സ്ഥലമാണ് ഈ മുൻ അധ്യാപിക സ്കൂൾ കെട്ടിടം നിർമിക്കാൻവേണ്ടി ദാനം ചെയ്തിരിക്കുന്നത്. ഇതാദ്യമല്ല പൊൻമണിദേവി സമൂഹത്തിനുവേണ്ടി സ്വാർഥതാൽപര്യങ്ങൾ മാറ്റിവയ്ക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളെ സഹായിക്കാൻ കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ ഇതു മൂന്നാം തവണയാണ് രംഗത്തെത്തുന്നത്.
പൊൻമണിദേവി സർക്കാർ സ്കൂൾ അധ്യാപികയായി സേവനം തുടങ്ങുന്നത് 1964–ൽ. മുപ്പതുവർഷത്തിലേറെക്കാലത്തെ സേവനത്തിനുശേഷം ഗോപിച്ചെട്ടിപ്പാളയം താലൂക്കിൽ മൊടച്ചൂർ എന്ന സ്ഥലത്തെ ഹെഡ്മിസ്ട്രസ്സായിരിക്കെ 1996–ൽ വിരമിച്ചു. വിശ്രമജീവിതം തുടങ്ങി ഒരുവർഷമായപ്പോഴേക്കും ഭർത്താവു മരിച്ചു. അപ്രതീക്ഷിതമായിരുന്നു ആ ആഘാതം. അതോടെ താമസിച്ചുകൊണ്ടിരുന്ന വീടു വിട്ട് മകൻ മയൂരകാർത്തികേയനൊപ്പം ജീവിതം തുടങ്ങി. പക്ഷേ, ദുരന്തങ്ങളും കഷ്ടപ്പാടുകളും അവസാനിച്ചിട്ടില്ലായിരുന്നു.
2001 ൽ ഡോക്ടറായി ജോലി ചെയ്തുകൊണ്ടിരുന്ന മകൻ വീട്ടിൽ നടന്നുകൊണ്ടിരുന്ന നിർമാണപ്രവർത്തനത്തിനിടെ വൈദ്യുതാഘാതമേറ്റു മരിച്ചു. തന്റെ ലോകം അവസാനിക്കുന്നതായിതോന്നി പൊൻമണിദേവിക്ക്. ഭർത്താവും ഏകമകനും മരിച്ചതോടെ കടുത്ത ഏകാന്തതയിലേക്കും ഒറ്റപ്പെടലിലേക്കും പതിച്ചു അവർ. കഷ്ടപ്പാടിന്റെ സമയത്തു സഹോദരിയും അവരുടെ മക്കളും ഈ മുൻഅധ്യാപികയെ ഏറ്റെടുക്കാൻ മുന്നോട്ടുവന്നു.
2006–ൽ പൊൻമണിദേവി മഹത്തായ ഒരു പ്രവൃത്തിയുടെ ഭാഗമായി. തന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന 25 സെന്റ് സ്ഥലം പിന്നാക്കക്ഷേമ വകുപ്പിന് സംഭാവന ചെയ്തു: വിദ്യാർഥികൾക്കു ഹോസ്റ്റൽ നിർമിക്കാനായിരുന്നു സ്ഥലം നൽകിയത്. ഒൻപതു വർഷം കഴിഞ്ഞപ്പോൾ പെൺകുട്ടികൾക്കുവേണ്ടിയുള്ള ചിത്തോട് സർക്കാർ ഹൈസ്കൂൾ ഹയർ സെക്കൻഡറിയായി ഉയർത്താൻ അവർ സർക്കാരിനു നൽകിയതു രണ്ടുലക്ഷം രൂപ.
പ്ലസ്‌വൺ ക്ലാസ് വിജയകരമായി തുടങ്ങിയെങ്കിലും സ്ഥലത്തിന്റെ അഭാവം മൂലം പ്ലസ്ടു തുടങ്ങാൻ കഴിയുന്നില്ലെന്ന് പൊൻമണിദേവി അറിഞ്ഞത് അടുത്തിടെ. അതോടെ സ്കൂൾ കെട്ടിടം നിർമിക്കാൻ ഒരു ഏക്കർ സ്ഥലവും അവർ സംഭാവന ചെയ്തു. സ്ഥലത്തിന്റെ രേഖകൾ അവർ ജില്ലാ കലക്ടർക്ക് അയച്ചുകഴിഞ്ഞു. ഉടൻതന്നെ സ്ഥലം ഏറ്റെടുത്ത് നിർമാണം തുടങ്ങാനുള്ള പദ്ധതി ആവിഷ്കരിക്കുകയാണ് അധികൃതർ. ഈ വിദ്യാലയ വർഷത്തിൽതന്നെ ക്ലാസുകൾ തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.
ജീവിച്ചിരിക്കുന്നിടത്തോളം കാലം സമൂഹത്തിനുവേണ്ടി നല്ലതു ചെയ്യുക– തന്റെ വിശ്വാസപ്രമാണത്തെക്കുറിച്ചു പൊൻമണിദേവി പറയുന്നു. അപൂർവമായ സംഭാവനയിലൂടെ സമൂഹത്തിനു മാതൃകയായ മുൻ അധ്യാപികയെ ആദരിക്കാൻ ഒരുങ്ങുകയാണു ജില്ലാ ഭരണകൂടവും സ്കൂൾ അധികൃതരും. ജീവിതകാലം കഴിഞ്ഞാലും ഇനി വരുന്ന തലമറകളിലൂടെയും തന്റെ നാമം അനശ്വരമാക്കിയിരിക്കുന്നു പൊൻമണിദേവി.