സ്ത്രീകൾ ദുർബലരും പുരുഷന്റെ പങ്കാളികളുമെന്നൊക്കെ പറയുന്നവർ മൈസൂരുവിൽനിന്നുള്ള പൂജ ഹർഷ എന്ന യുവതിയെ കാണുകയും സംസാരിക്കുകയും വേണം. സ്ത്രീകളെക്കുറിച്ചുള്ള പതിവുസങ്കൽപങ്ങളെയെല്ലാം തിരുത്തിക്കുറിക്കാനുള്ള പുറപ്പാടിലാണു പൂജ; ആയോധന കലയിലെ തന്റെ അസാധാരണ കഴിവുകളാൽ.
റഷ്യയിലെയും ഇറ്റലിയിലെയും ലോക പ്രശസ്ത താരങ്ങളുടെ കീഴിൽ പരിശീലനം നേടിയ പൂജ കിക്ക് ബോക്സിങ് വേൾഡ് അസോസിയേഷന്റെ കെ 1 സ്റ്റൈലിൽ ബ്ലാക്ക്ബെൽറ്റ് സെക്കൻഡ് ഡിഗ്രി നേടിയ യുവതിയാണ്.
അപൂർവവും അസാധാരണവുമായ നേട്ടങ്ങൾ സ്വന്തമാക്കി എന്നുമാത്രമല്ല താൻ ആർജിച്ച കഴിവുകൾ മറ്റുള്ളവർക്കു പകർന്നുകൊടുക്കാനും തയാറാണു പൂജ; പ്രത്യേകിച്ചും യുവതികൾക്കും പെൺകുട്ടികൾക്കും. സ്വയം പ്രതിരോധത്തിനുള്ള ഏറ്റവും മികച്ച മാർഗ്ഗമാണു കിക്ക് ബോക്സിങ് എന്നാണു പൂജയുടെ അഭിപ്രായം.
ഈ സുരക്ഷിത ആയോധന കല പരിശീലിപ്പിക്കാൻ ഒരു പരിശീലനകേന്ദ്രവും തുറന്നിരിക്കുന്നു. തെക്കേ ഇന്ത്യയിൽനിന്നുള്ള ആദ്യത്തെ ദേശീയ കിക്ക് ബോക്സിങ് പരിശീലകയായിരിക്കുകയാണു പൂജ. കരാട്ടെയിൽ ബ്ലാക്ക്ബെൽറ്റും നേടിയിട്ടുണ്ട് ഇരുപത്തിയേഴുകാരിയായ പൂജ.
രാജ്യാന്തര രംഗത്തു കഴിവു തെളിയിച്ചവരുടെ കീഴിൽ പരിശീലനം നേടിയ പൂജയിൽ നിന്നു ലഭിക്കുന്ന കഴിവുകൾ സ്ത്രീകൾക്കു ജീവിതത്തിൽ പ്രയോജപ്പെടുമെന്നാണു വിലയിരുത്തൽ.