Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ടാൽ പെറ്റമ്മപോലും തിരിച്ചറിയാത്ത രൂപത്തിൽ നിന്ന് അവനെ മിടുക്കനാക്കിയത് ഇവളാണ്

change-0022

ഉറ്റവരെയും ഉടയവരേയും തിരിച്ചറിയാതെ ലഹരിയുടെ കൂടുതേടി അവൻ വീടുവിട്ടിറങ്ങി. ഭ്രാന്തന്റെ അമ്മ എന്നു കൂക്കിവിളിച്ച് അവന്റെ അമ്മയെ നാട്ടുകാർ അപമാനിച്ചു. മകന് ഭ്രാന്തില്ല എന്ന് കരഞ്ഞു പറഞ്ഞ അമ്മ എപ്പോഴും മറ്റുള്ളവരുടെ മുന്നിൽ പരിഹാസ്യയായി. കളിക്കൂട്ടുകാരിയെ കണ്ടുമുട്ടുന്ന ദിവസം വരെ നരകതുല്യമായ ജീവിതമായിരുന്നു പാട്രിക്ക് എന്ന യുവാവിന്റേത്.

കൗമാരപ്രായത്തിൽ സ്കൂൾ സുഹൃത്തുക്കൾക്കൊപ്പം തമാശയ്ക്ക് സിഗരറ്റ് വലിച്ചുകൊണ്ടാണ് അവൻ ലഹരിയുടെ ലോകത്ത് പിച്ചവെച്ചു നടന്നത്. പിന്നെ അധികം വൈകാതെ വീര്യംകൂടിയ ലഹരിവസ്തുക്കൾക്ക് അവൻ അടിമയായി. ജീവിതം തന്നെ കൈവിട്ടുപോയ അവൻ തെരുവിലിങ്ങി. മകനെ എങ്ങനേയും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരണമെന്ന ആഗ്രഹവുമായി അവന്റെ അമ്മ അവനെ ആശുപത്രിയിലാക്കി.

മാനസീകരോഗാശുപത്രിയിൽ നിന്ന് അവൻ പലതവണ ഓടിപ്പോയി. ഓടിപ്പോയ ദിവസം മുതൽ അവന് ഭ്രാന്തനെന്നു പേരുവീണു. വീണ്ടും ആശുപത്രിയിലെത്തിച്ച അവൻ ലഹരി മരുന്നിനേക്കാൾ വീര്യമേറിയ ഒരു മരുന്നിനെക്കുറിച്ചറിഞ്ഞു. അന്നു മുതൽ ഡോക്ടർമാരുടെ പ്രിസ്ക്രിപ്ഷൻ പാടുകൾ അവൻ മോഷ്ടിക്കുവാൻ തുടങ്ങി. അതിൽ ഗുളികയുടെ പേരെഴുതി മെഡിക്കൽ ഷോപ്പിൽ നിന്ന് സ്വന്തമാക്കി. ലഹരി മരുന്നുപോലെ എല്ലാദിവസവും ഉപയോഗിക്കേണ്ടതില്ല എന്നതായിരുന്നു അവൻ ഗുളികയിൽ കണ്ട മെച്ചം.

ആശുപത്രിയിൽ നിന്നും ഒളിച്ചോടി തെരുവിൽ അലയുന്ന കാലത്താണ് തന്റെ കളിക്കൂട്ടുകാരിയെ പാട്രിക് കണ്ടുമുട്ടിയത്. അവൾ അവനോട് സംസാരിച്ചു. തനിക്ക് ഈ അവസ്ഥയിൽ നിന്ന് മോചിതനാകാൻ ആഗ്രഹമുണ്ടെന്ന് സംസാരത്തിനിടയിൽ അവൻ അവളോട് പറഞ്ഞു. അവന്റെ ആഗ്രഹം ആത്മാർഥമാണെന്നു മനസ്സിലായപ്പോൾ അവൾ അയാളെ ലഹരിവിമുക്ത കേന്ദ്രത്തിലെത്തിച്ചു. അവന്റെ മാറ്റം നേരിട്ടറിയാൻ ഇടയ്ക്കിടെ സന്ദർശിച്ചു. ലഹരിയുടെ പിടിയിൽ നിന്ന് പൂർണ്ണമായും മുക്തനായപ്പോൾ അവന്റെ ശ്രദ്ധ ബിസിനസ്സിലേക്കു തിരിച്ചു. 

തനിക്ക് ജീവിതത്തിൽ ഒരു സെക്കൻറ് ചാൻസ് തന്ന കളിക്കൂട്ടുകാരിയോട് നന്ദിയുണ്ടെന്നും ഇനിയും പഴയ ജീവിതത്തിലേക്ക് തിരിച്ചു പോകാൻ ഇടവരരുതേയെന്ന് ദൈവത്തോട് പ്രാർഥിക്കുന്നുണ്ടെന്നും പാട്രിക് പറയുന്നു. പാട്രിക്കിന്റെ ജീവിതം ഒറ്റനോട്ടത്തിൽ മനസ്സിലാവണമെങ്കിൽ ചികിത്സയ്ക്കു മുമ്പും ശേഷവുമുള്ള ചിത്രങ്ങൾ മാത്രം കണ്ടാൽ മതി.