ക്യാമറയിൽ തന്നെ പകർത്തുന്നുണ്ടെന്നറിയാതെ കണ്ണുകൾ കൊണ്ട് അസംതൃപ്തി പ്രകടിപ്പിച്ച ചൈനീസ് റിപ്പോർട്ടറാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. സർക്കാർ പ്രതിനിധികളോടുള്ള സഹപ്രവർത്തകയുടെ നെടുനീളൻ ചോദ്യം കേട്ടാണ് അവർ തന്റെ ഇഷ്ടക്കേട് അവർ തുറന്നു പ്രകടിപ്പിച്ചത്. ലിയാങ് ക്ഷിയാങ്ഗി (Liang Xiangyi) എന്ന ചൈനീസ് റിപ്പോർട്ടറാണ് കണ്ണുകൊണ്ട് അസഹനീയത കാട്ടി താരമായത്.
ഗവൺമെന്റ് പ്രസ് കോൺഫറൻസിനിടെയായിരുന്നു ഷാങ് ഹുജുൻ എന്ന റിപ്പോർട്ടർ ഉദ്യോഗസ്ഥരോട് രണ്ടു പാരഗ്രാഫ് നീളം വരുന്ന ഒരു നെടുനീളൻ ചോദ്യം ഉന്നയിച്ചത്. സഹപ്രവർത്തകയുടെ ചോദ്യത്തിന്റെ നീളം കണ്ട് അന്തംവിട്ടാണ് ലിയാങ് അസ്വസ്ഥയായത്. മനസ്സ് അസംതൃപ്തമാകുമ്പോൾ വാക്കുകളെ അടക്കി നിർത്താൻ കഴിയുമെങ്കിലും ശരീരഭാഷയിലൂടെ ആ അസംതൃപ്തി എങ്ങനെയെങ്കിലും പുറത്തു വരുമെന്നും ലിയാങിന്റെ കാര്യത്തിലും അങ്ങനെതന്നെയാണ് സംഭവിച്ചതെന്നുമാണ് വൈറൽ വിഡിയോ കണ്ട ആളുകളുടെ പ്രതികരണം.
സംഗതിയെന്തായാലും ചൈനീസ് സമൂഹമാധ്യമങ്ങളിൽ വൈറലായി. ചൈനീസ് മാധ്യമങ്ങളിൽ ഒതുങ്ങി നിൽക്കാതെ സംഭവം മറ്റു മാധ്യമങ്ങൾ കൂടി ഏറ്റുപിടിച്ചതോടെ ലിയാങ് ലോകമറിയുന്ന താരമായി. വിഡിയോ വൈറലായതിനെത്തുടർന്ന് ചൈനീസ് റിപ്പോർട്ടറെ കളിയാക്കിക്കൊണ്ടുള്ള നിരവധി ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കപ്പെടുന്നുണ്ട്.