ബച്ചൻ കുടുംബത്തിലെ മരുമകൾക്ക് ആശംസകൾ നേർന്ന് രേഖയെഴുതിയ കത്താണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ചാവിഷയം. ജയാബച്ചനും രേഖയും തമ്മിലുള്ള ശീതയുദ്ധമൊന്നും കാര്യമാക്കാതെയാണ് ഐശ്വര്യ രേഖുമായി സൗഹൃദം സൂക്ഷിക്കുന്നത്. അവാർഡ് ദാനച്ചടങ്ങുകൾക്കും മറ്റു പല അവസരങ്ങളിലും രേഖയെ കാണുമ്പോൾ അമ്മ എന്നാണ് ഐശ്വര്യ രേഖയെ അഭിസംബോധന ചെയ്യുന്നത്.
സിനിമാമേഖലയിൽ ഇരുപതു വർഷം പൂർത്തിയാക്കിയ ഐശ്വര്യയെ അഭിനന്ദിച്ചുകൊണ്ടാണ് രേഖ കത്തെഴുതിയത്. എന്റെ ആഷ് എന്ന അഭിസംബോധനയോടെയാണ് രേഖ എഴുതിത്തുടങ്ങിയത്. സ്വയം തീരുമാനിച്ച ലക്ഷ്യത്തിലേക്ക് അല്ലലില്ലാതെ ഒഴുകുന്ന നദിയാണവൾ. ഒട്ടും നാട്യമില്ലാതെ തടഞ്ഞുനിൽക്കാതെ ലക്ഷ്യത്തിലേക്ക് സുഗമമായൊഴുകുകയാണവൾ എന്ന ആമുഖത്തോടെയാണ് സിനിമയിൽ 20 വർഷം പൂർത്തിയാക്കിയ ഐശ്വര്യക്ക് രേഖ കത്തെഴുതിയത്. 'നീ പറഞ്ഞ കാര്യങ്ങളെക്കുറിച്ചും ചെയ്ത കാര്യങ്ങളെക്കുറിച്ചും ആളുകൾ ചിലപ്പോൾ മറന്നു പോയേക്കാം. പക്ഷേ നീ മറ്റുള്ളവർക്കു നൽകുന്ന ഫീൽ എന്താണോ അതനുസരിച്ചായിരിക്കും അവരുടെ മനസ്സിൽ നീയെന്നും ഓർമ്മിക്കപ്പെടുക.
നിന്റെ ഉള്ളിലെ ധൈര്യവും നിന്റെ ഊർജ്ജവുമാണ് നീ സംസാരിക്കും മുമ്പു തന്നെ നിന്നെക്കുറിച്ചു പറഞ്ഞു തുടങ്ങുക. ധൈര്യമാണ് എല്ലാ ഗുണങ്ങളുടേയും അടിസ്ഥാനം എന്നതിന്റെ ജീവിച്ചിരിക്കുന്ന ഉദാഹരണമാണ് നീ. നമ്മളെടുക്കുന്ന ശ്വാസത്തിന്റെ കണക്കനുസരിച്ചല്ല ജീവിതം അളക്കുന്നത് മറിച്ച് നമ്മള്‍ ശ്വാസമെടുക്കുന്ന നിമിഷങ്ങളെ വച്ചാണ്. നിനക്കിഷ്ടമുള്ള കാര്യങ്ങളാണ് നീ ചെയ്യുന്നത് അതുകൊണ്ടു കൂടിയാണ് ആളുകൾക്ക് നിന്റെമേൽ നിന്ന് കണ്ണെടുക്കാനാകാത്തതും. നീ നീയായിയിരിക്കാൻ എപ്പോഴും ശ്രദ്ധിക്കുന്നു. നീ ഒരുപാടു ദൂരങ്ങൾ താണ്ടിയിരിക്കുന്നു പ്രശ്നങ്ങളിൽ നിന്ന് ഒരു ഫീനിക്സ് പക്ഷിയെപ്പോലെ പറന്നുയർന്നാണ് ഇതൊക്കെ സാധ്യമാക്കിയതെന്നും എനിക്കറിയാം.
ആദ്യ കാഴ്ചയിൽത്തന്നെ എന്റെ ഹൃദയം കവർന്നെടുത്ത ആ കുഞ്ഞു ചന്ദ്രമുഖിയെക്കുറിച്ചു പറയാതെ എനിക്കെഴുതി നിർത്താനാവുന്നില്ല. ആരാധ്യയെ ആദ്യമായി കണ്ട നിമിഷം അൽപ്പസമയത്തേക്ക് എന്റെ ശ്വാസം നിലച്ചുപോയതു പോലെ തോന്നിയിരുന്നു. കുടുംബത്തിലെ എല്ലാ ഉത്തരവാദിത്തങ്ങളും വളരെ നന്നായിത്തന്നെയാണ് നീ നിറവേറ്റുന്നതെനിക്കറിയാം. പക്ഷേ അപ്പോഴും എനിക്കേറെയിഷ്ടം നിന്നിലെ അമ്മയെയാണ്. കുഞ്ഞാരാധ്യയുടെ അമ്മ എന്ന റോളിനെയാണെനിക്കിഷ്ടം.
ചുറ്റും സ്നേഹം പരത്തിക്കൊണ്ട് നിന്റെ മാന്ത്രികത നിറയ്ക്കൂ. നിന്റെ ഹൃദയം നിറയുന്നതിലുമധികം അനുഗ്രഹങ്ങളും നന്മകളും നിനക്കുണ്ടാവട്ടെ.
എന്ന് രേഖാ മാ...