Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രോഗം ശബ്ദത്തെ കവർന്നെടുത്തു; പക്ഷേ ഈ അഭിഷാഷക തോൽക്കാൻ ഒരുക്കമല്ല

sara-ahlin-doljak ചിത്രത്തിന് കടപ്പാട്: യുട്യൂബ്.

ഡോക്ടര്‍ രോഗവിവരം പറഞ്ഞപ്പോള്‍ നടുങ്ങിത്തരിച്ചു നിൽക്കാന്‍ മാത്രമേ സാറാ അഹ്‌ലിന്‍ ഡോള്‍ജാക്കിന് കഴിഞ്ഞുള്ളൂ. മള്‍ട്ടിപ്പിള്‍ സ്ക്ലിറോസിസ്( ശരീരത്തിന്റെ മൃദുകലകള്‍ കല്ലിക്കുന്ന അവസ്ഥ) എന്നാണ് ഡോക്ടര്‍ രോഗവിവരം വ്യക്തമാക്കിയത്. അഭിഭാഷകയും പ്രഭാഷകയുമായ സാറയെ സംബന്ധിച്ച് അത് വളരെ ഹൃദയഭേദകമായിരുന്നു . രോഗത്തിന്റെ തീവ്രത എന്താണെന്നും അത് എങ്ങനെയൊക്കെയാണ് ശരീരത്തെ ആക്രമിച്ചു കീഴടക്കുന്നതെന്നും അവള്‍ക്ക് നന്നായി അറിയാമായിരുന്നു.

ക്രമേണ അവള്‍ക്ക് സ്വരം നഷ്ടമായി, നടക്കാന്‍ കഴിയാതെയായി. ജീവിതം കിടക്കയിലേക്കും മുറികളുടെ ചുമരുകള്‍ക്കിടയിലേക്കും ഒതുങ്ങിപ്പോകുമെന്ന് തന്നെയായിരുന്നു അവള്‍ വിചാരിച്ചിരുന്നത്. അങ്ങനെയൊരു മാനസികാവസ്ഥയിലേക്ക് അവള്‍ സ്വയം രൂപപ്പെടുകയും ചെയ്തു. ഭര്‍ത്താവില്‍ നിന്ന് അവള്‍ മാനസികമായി അകന്നു. ആ ബന്ധത്തില്‍ നിന്ന് ഓടിയൊളിക്കാന്‍ പോലും അവള്‍ ശ്രമിച്ചു. 

പക്ഷേ അവളെ വിധിക്കോ രോഗത്തിനോ നിഷേധാത്മകമായ മനോഭാവത്തിനോ വിട്ടുകൊടുക്കാന്‍ ഭർത്താവ്‍ ബോജന്‍ ഒരുക്കമായിരുന്നില്ല. അവസാനിക്കാത്ത സ്‌നേഹത്തോടെ അയാള്‍ അവളെ അണച്ചുപിടിച്ച് തിരുനെറ്റിയില്‍ ഉമ്മ കൊടുത്ത് എല്ലാ ദിവസവും പറഞ്ഞു, നീയെന്റെ സ്വന്തമല്ലേ... നിനക്ക് ഞാനില്ലേ...

ആരോഗ്യമുള്ളപ്പോള്‍ മാത്രമല്ല രോഗിയായപ്പോഴും ഭര്‍ത്താവിന് തന്നോടുള്ളസ്‌നേഹം കുറഞ്ഞിട്ടില്ല എന്ന തിരിച്ചറിവ് സാറായുടെ മനസ്സിലെ നിഷേധാത്മകചിന്തകളുടെ ഇരുട്ട് അകറ്റി. ഭര്‍ത്താവിന്റെ സ്‌നേഹം തനിക്ക് താങ്ങായും തണലായും കൂടെനടന്നപ്പോള്‍ ജീവിതത്തില്‍ ഇനിയും ചെയ്യാന്‍ ഒരുപാടുകാര്യങ്ങൾ ബാക്കിയുണ്ടെന്നും രോഗം ഒന്നിന്റേയും അവസാനമല്ലെന്നും സാറ മനസ്സിലാക്കുകയായിരുന്നു. അങ്ങനെ ഭര്‍ത്താവിന്റെയും 13 ഉം 11 ഉം പ്രായമുള്ള മക്കളുടെയും സഹായത്തോടെ ജീവിതത്തിന്റെ വര്‍ണ്ണങ്ങളെയും ജോലിയെയും തിരിച്ചുപിടിച്ചിരിക്കുകയാണ് ഇപ്പോള്‍ സാറ. 

അതുകൊണ്ട് അവള്‍ പറയുന്നു. ഞാന്‍ ഇപ്പോള്‍ സന്തോഷവതിയായിരിക്കുന്നതിന്റെ കാരണം ഭര്‍ത്താവാണ്. നന്ദി എന്റെ പ്രിയപ്പെട്ട ബോജന്‍. ഭര്‍ത്താവിന്റെ സ്‌നേഹം എന്താണെന്ന് എനിക്കിപ്പോഴാണ് മനസ്സിലായത്. ഞാനിന്ന് എന്റെ ഹൃദയത്തിലെ മുഴുവൻ സ്നേഹവും ഭര്‍ത്താവിന് നൽകുന്നു. മുമ്പൊരിക്കലും ഇല്ലാത്ത വിധത്തില്‍.

ഇന്ന് ശബ്ദമില്ലെങ്കിലും നടക്കാന്‍ കഴിയില്ലെങ്കിലും സാറ തന്റെ അഭിഭാഷകവൃത്തി തുടരുന്നു, പ്രഭാഷണങ്ങളും. റൈറ്റിങ് ബോര്‍ഡിന്റെയും ഇലക്ട്രോണിക് വോയ്‌സ് സിമുലേറ്ററുടെയും സഹായത്തോടെയാണ്  ഇത് ചെയ്യാന്‍ കഴിയുന്നത്. കോടതിയില്‍ അത്യാവശ്യഘട്ടങ്ങളില്‍ സുഹൃത്തുക്കളായ അഭിഭാഷകരുടെ  സഹായവും തേടും. 

രോഗം തനിക്ക് അനുഗ്രഹമായി മാറിയിരിക്കുന്നുവെന്നാണ് സാറായുടെ കണ്ടെത്തല്‍. രോഗത്തിന് മുമ്പുവരെ അവള്‍ അന്വേഷിച്ചിരുന്നത് ലൗകികമായ സുഖങ്ങളായിരുന്നു. ജോലി പണസമ്പാദനത്തിനുള്ള മാര്‍ഗ്ഗമായിരുന്നു. എന്നാല്‍ രോഗം ആ കാഴ്ചപ്പാടുകളൊക്കെ മാറ്റി. സ്വയം കണ്ടെത്താനുള്ള വഴിയായിരുന്നു രോഗം എന്ന് തന്റെ എഴുത്തുപലകയില്‍ സാറ കുറിക്കുന്നു.

മള്‍ട്ടിപ്പിള്‍ സ്ക്ലിറോസിസ് ഒരു അവസാനമായിരുന്നില്ല. ഭൗതികമായ നേട്ടങ്ങള്‍ക്കുവേണ്ടിയുള്ള ഓട്ടം അവസാനിപ്പിക്കണം എന്നതിന്റെ താക്കീതായിരുന്നു അത്. താന്‍ മാറിയതിനനുസരിച്ച് ലോകവും മാറിയെന്നാണ് പുഞ്ചിരിയോടെ സാറായുടെ സാക്ഷ്യം.

2012ലാണ് സാറയുടെ ജീവിതത്തിലേക്ക് ആദ്യമായി രോഗലക്ഷണങ്ങള്‍ കടന്നുവന്നത്. ന്യൂറോളജിക്കല്‍ ക്ലിനിക്കില്‍ ചികിത്സ തേടിയെത്തുമ്പോഴും  വോളിബോള്‍ കളിക്കുക, വേഗത്തില്‍  കാര്‍ ഡ്രൈവ് ചെയ്യുക, യൂണിവേഴ്‌സിറ്റിയില്‍ പ്രഭാഷണം നടത്തുക, സ്വന്തമായി ഒരു ലോ ഫേം സൃഷ്ടിക്കുക, നല്ല അമ്മയും കുടുംബിനിയുമാകുക തുടങ്ങിയ അതിസാധാരണമായ മോഹങ്ങള്‍ മാത്രമേ സാറയ്ക്കുണ്ടായിരുന്നുള്ളൂ. പക്ഷേ...

ഏഴുമാസങ്ങള്‍ക്ക് മുൻപ് രോഗം രൂക്ഷമായി. അതോടെ ശബ്ദം നഷ്ടമായി..നടക്കാന്‍ കഴിയാതെയായി. രോഗം ഉള്ളിലെ ആന്തരികവെളിച്ചത്തെ തിരിച്ചറിയാനും സഹായിച്ചു. ദൈവത്തെക്കുറിച്ച് ഞാന്‍ ചിന്തിച്ചിട്ടുണ്ടായിരുന്നില്ല. പ്രാര്‍ഥിച്ചിരുന്നുമില്ല. ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നു എന്നെ ശക്തനാക്കുന്ന ദൈവത്തിലൂടെ എനിക്കെല്ലാം ചെയ്യാന്‍ സാധിക്കുമെന്ന്. കാരണം ഇതെന്റെ പുനജന്മമാണ്.

രോഗം കഠിനമായപ്പോഴും കക്ഷികള്‍ ഒഴിവായിപ്പോകാതിരുന്നതും വിദ്യാർഥികള്‍ ഉപേക്ഷിച്ചുപോകാതിരുന്നതും വലിയ ഭാഗ്യമായി. ഇലക്ട്രോണിക് സ്പീച്ച് വിദ്യാർഥികള്‍ക്ക് ഇഷ്ടമാകാന്‍ തെല്ലും സമയമെടുത്തില്ല. സഹപ്രവര്‍ത്തകരും ഒരുപാട് പിന്തുണച്ചു. ജോലി ചെയ്യാന്‍ സഹായിക്കുകയും ചെയ്തു. 'തുടക്കത്തില്‍ നിഷേധാത്മകചിന്തകളെ തടഞ്ഞുനിര്‍ത്താന്‍ ഞാന്‍ ഏറെ പണിപ്പെട്ടു.

എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല അവസ്ഥ. ഞാനിപ്പോള്‍ എന്റെ ഭൂതകാലം ചിന്തിക്കുന്നില്ല. ഭാവിയെക്കുറിച്ച് ആശങ്കകളുമില്ല. ഞാന്‍ വര്‍ത്തമാനകാലത്തില്‍ ജീവിക്കുന്നു. ഉള്ളില്‍ സമാധാനവും ശാന്തിയും അനുഭവിക്കുന്നു. ആന്തരികമായി ഞാന്‍ ശക്തിപ്രാപിച്ചിരിക്കുന്നു. മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ക്ഷമയുടെയും നന്ദിയുടെയും തീര്‍ത്ഥാടനമായി എന്റെ ജീവിതം മാറിക്കഴിഞ്ഞിരിക്കുന്നു. സന്തോഷകരമായ സാക്ഷ്യത്തിനും മഹത്തായ  ലക്ഷ്യത്തിനും വേണ്ടിയാണ് ജീവിതം എന്നെ ക്ഷണിച്ചിരിക്കുന്നതെന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു.സാറ സന്തോഷത്തോടെ പറയുന്നു'.