Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്യാമറയെക്കുറിച്ചൊന്നും അറിയില്ലെന്നു പറഞ്ഞ ജയശ്രീ 32 വർഷമായി ദൂരദർശന്റെ ക്യാമറവിമൻ ആയ കഥ

jayasree ചിത്രത്തിന് കടപ്പാട്: യുട്യൂബ്( ബെറ്റർ ഇന്ത്യ)

ദൂരദർശൻ മാത്രമുണ്ടായിരുന്ന കാലത്ത് നമ്മൾ കണ്ട വിഷ്വലുകൾ പലതും ഒരു ക്യാമറവിമൻ ആണ് പകർത്തിയതെന്നു പറഞ്ഞാൽ വിശ്വസിക്കുമോ? ക്യാമറയെക്കുറിച്ചൊന്നുമറിയാതെ ജോലിയിൽ പ്രവേശിച്ച് പിന്നെയുള്ള 32 വർഷങ്ങൾ ക്യാമറയെ പ്രാണനെപ്പോലെ സ്നേഹിച്ച ജയശ്രീയാണ് ആ ക്യാമറ വിമൻ.

ആ കഥയിങ്ങനെ:-

1984 ൽ ടെലിവിഷനിൽ വന്ന ഒരു പരസ്യമാണ് ജയശ്രീയുടെ ജീവിതത്തെ മാറ്റിമറിച്ചത്. ദൂരദർശനിലേക്ക് ട്രെയിനി ക്യാമറാൻമാരെ ക്ഷണിച്ചുകൊണ്ടുള്ള പരസ്യമായിരുന്നു അത്. പരസ്യം കണ്ട് ജയശ്രീയും കൂട്ടുകാരും അപേക്ഷയയച്ചു അപ്പോൾ ഉള്ളിലുണ്ടായിരുന്നത് ഒരു ആഗ്രഹം മാത്രം. ടിവിയിൽ മാത്രം കണ്ടിട്ടുള്ള ആളുകളെ നേരിട്ടു കാണുക. ഇന്റർവ്യൂബോർഡിൽ അവരെക്കാണാമെന്ന ധാരണയിലെത്തിയ ജയശ്രീയോട് ഇന്റർവ്യൂബോർഡിലുള്ളവർ ആ ചോദ്യം ചോദിച്ചു. ക്യാമറയെക്കുറിച്ച് എന്തെങ്കിലും അറിയാമോ?. വളരെപ്പെട്ടന്ന് ജയശ്രീ സത്യസന്ധമായി ഉത്തരം പറഞ്ഞു. ഒന്നുമറിയില്ല പക്ഷേ പഠിക്കാൻ ആഗ്രഹമുണ്ട്. ജോലിക്കായി തിരഞ്ഞെടുത്താൽ തന്റെ കഴിവിന്റെ പരമാവധി പ്രകടനം കാഴ്ചവയ്ക്കാം.

ജയശ്രീയുടെ മറുപടിയിൽ തൃപ്തരായ ഇന്റർവ്യൂബോർഡ് ട്രെയിനി പോസ്റ്റിലേക്ക് അപ്പോയിന്റ് ചെയ്തു. തീരെമെലിഞ്ഞ ശരീരപ്രകൃതിയായതിനാൽ ക്യാമറയും മറ്റും ഒറ്റയ്ക്കു കൈകാര്യം ചെയ്യാൻ ജയശ്രീക്കു കഴിയുമോ എന്ന ആശങ്കയിൽ എല്ലാവർക്കും ഒരു അസിസ്റ്റന്റിനെ നൽകിയപ്പോൾ അവർ ജയശ്രീക്ക് രണ്ടു അസിസ്റ്റൻസിനെ നൽകി. ആദ്യഅസൈൻമെന്റിന് ജയശ്രീ പോയതങ്ങനെയാണ്.

കരിയറിലെ മറക്കാനാവാത്ത അനുഭവത്തെക്കുറിച്ചും ജയശ്രീക്ക് പറയാനുണ്ട്. സുലഭ് ഇന്റർനാഷണൽ സ്ഥാപകന്റെ അഭിമുഖമെടുക്കാൻ പോയപ്പോഴായിരുന്നു അത്. ലിഫ്റ്റിൽവെച്ച് അദ്ദേഹത്തിന്റെ പി ആർ ഒ തന്നോടു സംസാരിച്ചുവെന്നും ആരാണ് ക്യാമറമാൻ എന്നന്വേഷിച്ചുവെന്നും താനാണെന്നു പറഞ്ഞപ്പോൾ തന്നെയോർത്തു ലജ്ജിക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടിയെന്നും ജയശ്രീ പറയുന്നു. അതുവരെ ക്യാമറവിമൻ താനാണെന്നു പറയുമ്പോൾ ആളുകളുടെ മുഖത്തു വിരിഞ്ഞ അവിശ്വസനീയതയും കൗതുകവും മാത്രമേ കണ്ടിരുന്നുള്ളൂവെന്നും ആദ്യമായാണൊരാൾ നെഗറ്റീവ് കമന്റ് പറഞ്ഞപ്പോൾ ഞെട്ടിപ്പോയെന്നും അവർ പറഞ്ഞു.

പിന്നീട് അദ്ദേഹം കാര്യങ്ങൾ വിശദീകരിച്ചു തന്നപ്പോഴാണ് തനിക്കു സമാധാനമായതെന്നും അവർ പറഞ്ഞു. ഒരു കുഞ്ഞിനെപ്പോലെ അല്ലെങ്കിൽ സംഗീതഞ്ജന്റെ കൈയിലിരിക്കുന്ന സംഗീതോപകരണങ്ങൾ പോലെ ക്യാമറയും എപ്പോഴും ചേർത്തുപിടിക്കണമെന്നും. ക്യാമറയുമായി എത്രത്തോളം ആത്മാർഥമായ ബന്ധം സൂക്ഷിക്കുമോ അത്രയും തന്നെ ആത്മാർഥത അതു തിരിച്ചും കാട്ടുമെന്നും അദ്ദേഹം പറഞ്ഞു തന്നുവെന്നും ആ വാക്കുകൾ ഒരിക്കലും വിസ്മരിക്കില്ലെന്നും ജയശ്രീ പറയുന്നു.

ചാനലുകൾ തീരെക്കുറവായിരുന്ന കാലത്തും യാതൊരു തരത്തിലുള്ള ലിംഗവിവേചനവും തനിക്കു നേരിടേണ്ടി വന്നിട്ടില്ലെന്നും എല്ലാവർക്കും തുല്യഅവസരമാണ് ദൂരദർശൻ തന്നതെന്നും ജയശ്രീ പറയുന്നു. ജോലിയിൽ പ്രവേശിച്ച ആദ്യകാലത്തു തന്നെ താൻ വിവാഹിതയായെന്നും ഭർത്താവിന്റെ പിന്തുണയുള്ളതുകൊണ്ടു മാത്രമാണ് കരിയർ സുഗമമായി മുന്നോട്ടു കൊണ്ടുപോകാൻ പറ്റിയതെന്നും അസുഖം മൂലമോ മറ്റെന്തെങ്കിലും അസൗകര്യം മൂലമോ പ്രധാനപ്പെട്ട ഏതെങ്കിലും അസൈൻമെന്റ് നഷ്ടപ്പെടുത്തിയാൽ ഭർത്താവ് തന്നേക്കാൾ വിഷമിക്കാറുണ്ടെന്നും ജയശ്രീ പറയുന്നു.

ദൂരെസ്ഥലങ്ങളിലേക്ക് അസൈൻമെന്റിനു സമ്മർദ്ദമില്ലാതെ പോകാൻ കാരണം ഭർത്താവ് ഡി.കെ പുരിയാണെന്നും വീട്ടുകാര്യങ്ങളും മക്കളുടെകാര്യങ്ങളുമൊക്കെ അദ്ദേഹം ഭംഗിയായി നോക്കുന്നതുകൊണ്ടാണെന്നും അഭിമാനത്തോടെ ജയശ്രീ. ക്യാമറ കൈകാര്യം ചെയ്യുന്ന ആളുകൾ ഫ്രെയിമിന്റെ ഭംഗിയുടെ കാര്യത്തിൽയാതൊരു വിട്ടുവീഴ്ചയ്ക്കും തയാറാകില്ല. പക്ഷേ അപ്പോഴൊക്കെ അവർ മറന്നു പോകുന്ന ഒരു കാര്യം സൗന്ദര്യസംരക്ഷണമാണ്. മഞ്ഞും വെയിലുമൊന്നും കാര്യമാക്കാതെ ഷൂട്ട് ചെയ്യേണ്ടിവരും. സൗന്ദര്യസംരക്ഷണത്തെക്കുറിച്ച് ഒട്ടുംബോധവതിയല്ലാതിരുന്ന തന്നെ അതിനെക്കുറിച്ച് ഓർമ്മിപ്പിച്ച ഒരു സംഭവത്തെക്കുറിച്ച് ജയശ്രീ പറയുന്നതിങ്ങനെ.

'ഒരു ഔട്ട്ഡോർ ഷൂട്ടിനു പോയപ്പോഴായിരുന്നു അത്. ഒരു പ്രധാനപ്പെട്ട ബൈറ്റിനുവേണ്ടി കാത്തുനിൽക്കുകയായിരുന്നു ഞാൻ. കുറേ കുടുംബങ്ങളും ആ പരിപാടിക്കെത്തിയിരുന്നു. പെട്ടന്നാണ് അവിടെയിരുന്ന ഒരു സ്ത്രീ വന്ന് എന്നെ കാണാൻ നല്ല ഭംഗിയുണ്ടെന്നു പറഞ്ഞത്. അന്നുവരെ ബാഹ്യസൗന്ദര്യത്തെക്കുറിച്ച് അത്രയൊന്നും ബോധവതിയല്ലാതിരുന്ന ഞാൻ അവർക്കെന്തു മറുപടി നൽകുമെന്ന് ചിന്തിച്ചു നിൽക്കുമ്പോൾ അവർ പറയുന്നു. ജോലിക്കുവേണ്ടി നിങ്ങളൊഴുക്കുന്ന വിയർപ്പാണ് നിങ്ങളെ സുന്ദരിയാക്കുന്നതെന്ന്'.