സിനിമയെ വെല്ലുന്ന അദ്ഭുതങ്ങൾ ചിലപ്പോൾ ജീവിതത്തിലും ഉണ്ടാകാറുണ്ട്. ഹാരിരാജകുമാരന്റെ വധുവാകാനൊരുങ്ങുന്ന മേഗൻ മാർക്കലിന്റെ ജീവിതത്തിൽ അങ്ങനെയൊരുപാടു വിസ്മയങ്ങൾ സംഭവിച്ചിട്ടുമുണ്ട്. കുട്ടിക്കാലത്തെ കളികളുടെ ഭാഗമായി മേഗൻ മാർക്കൽ രാജകുമാരിയെപ്പോലെ അണിഞ്ഞൊരുങ്ങിയതിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ട് അവരുടെ കൂട്ടുകാർ തന്നെയാണ് അതിലൊരു കഥ പുറത്തുവിട്ടത്.
യാദൃശ്ചികമായ ചില സംഭവങ്ങൾ കോർത്തിണക്കി വിധി ചില കളികൾ കളിക്കുമ്പോൾ മനുഷ്യരുടെ ജീവിതം പാടേ മാറിമറിയാറുണ്ട്. എന്നാൽ അത്തരം യാദൃശ്ചികതകൾ മേഗന്റെ ജീവിതത്തെ സ്വാധീനിച്ചത് വളരെ പോസിറ്റീവായിട്ടായിരുന്നു. അതിഥിവേഷത്തിലൂടെ അഭിനയരംഗത്തേക്കെത്തി. ജൂനിയർ ആർട്ടിസ്റ്റിൽ നിന്ന് രാജകുമാരിയായി.
സാധാരണക്കാർക്ക് ഒരിക്കലും സ്വപ്നം കാണാൻ പോലും സാധിക്കാത്ത മേഗന്റെ ഉയർച്ച വളരെ അഭിമാനത്തോടെയാണ് സുഹൃത്തുക്കൾ കാണുന്നത്. തങ്ങളുടെ കളിക്കൂട്ടിയായിരുന്ന മിടുക്കി മേഗൻ രാജകുമാരിയാകാനൊരുങ്ങുമ്പോൾ എട്ടുവയസ്സിൽ രാജകുമാരിയായി വേഷമിട്ട കുട്ടിമേഗന്റെ ദൃശ്യങ്ങളാണ് അവർ പുറത്തുവിട്ടിരിക്കുന്നത്.
1990 ജനുവരി 29 ന് എടുത്ത വിഡിയോയാണ് ഇപ്പോൾ പുറത്തു വന്നത്. അന്ന് മേഗന്റെ സുഹൃത്ത് നിക്കിന്റെ പിറന്നാളായിരുന്നു. നിക്കിന്റെ അച്ഛനുമമ്മയും ദൃശ്യ–ശ്രവ്യ മാധ്യമങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതിനാൽ എപ്പോഴും അവരുടെകൈയിൽ ക്യാമറയുണ്ടാകുമായിരുന്നു. തന്റെ അമ്മ പകർത്തിയ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് നിക്ക് പറയുന്നതിങ്ങനെ :-
'അന്നു ശരിക്കും എന്റെ പിറന്നാളായിരുന്നു പക്ഷേ നോക്കൂ അവളാണ് വിഡിയോയിലെ താരം. അവളായിരുന്നു ആ കളിക്കൂട്ടത്തിലെ നേതാവ്.രാജകുമാരിയുടെ വേഷമിട്ട അവൾ ഞങ്ങൾ കുട്ടിക്കൂട്ടത്തിന് ഒരു രാജകുമാരിയെപ്പോലെ നിർദേശങ്ങൾ തന്നുകൊണ്ടിരുന്നു.അല്ലയോ രാജകുമാരി എന്താണ് ചെയ്യേണ്ടതെന്നു ചോദിക്കുമ്പോൾ ഒരു രാജകുമാരിയുടെ മട്ടിൽ മേഗൻ ആവശ്യപ്പെട്ടത് ഒൻപതുലക്ഷം കുക്കീസ് ഉണ്ടാക്കാനും അവൾക്കായി ഒരുടുപ്പു തുന്നുവാനുമാണ്. അന്ന് അവൾ രാജകുമാരിയായി വേഷമിട്ടു ഇന്നിതാ ശരിക്കും രാജകുമാരിയാകാൻ പോകുന്നു. അവളുടെ ജീവിതത്തിൽ സംഭവിച്ച എല്ലാ നല്ല കാര്യങ്ങളിലും ഞങ്ങൾ സന്തുഷ്ടരാണ്'.