സ്വന്തം അഭിപ്രായങ്ങൾ ഒരു മടിയുമില്ലാതെ തുറന്നു പറയാൻ പണ്ടേ മിടുക്കിയാണ് തപ്സി. ഈ അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ തന്റെ കരിയറിനെപ്പറ്റിയും തീരുമാനങ്ങളെപ്പറ്റിയും തപ്സി ചില വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ്. സുരക്ഷിതമായ കാര്യങ്ങൾ മാത്രമേ ചെയ്യൂവെന്ന് എന്നെങ്കിലും തീരുമാനിച്ചിരുന്നുവെങ്കിൽ താനൊരിക്കലും സിനിമാമേഖലയിലേ ഉണ്ടാവില്ലായിരുന്നു എന്നാണ് അവർ പറഞ്ഞത്.
അമിതാഭ് ബച്ചനൊപ്പം അഭിനയിച്ച പിങ്ക് എന്ന ചിത്രത്തിലൂടെയാണ് തപ്സി ആളുകൾക്ക് പരിചിതയായത്. ബോളിവുഡ് ഒരു കരിയറായി തിരഞ്ഞെടുക്കാൻ തനിക്കൊരിക്കലും പദ്ധതിയില്ലായിരുന്നുവെന്നും അഭിനയിക്കാനുള്ള മോഹം കൊണ്ടല്ല അഭിനയം എന്താണെന്ന് എക്സ്പീരിയൻസ് ചെയ്യാൻവേണ്ടി മാത്രമാണ് താൻ ആദ്യ സിനിമകളിൽ അഭിനയിച്ചതെന്നും അവർ പറയുന്നു.
ജുമ്മാണ്ടി നാദം എന്ന തെലുങ്കു ചിത്രത്തിലും ആടുകളം എന്ന തമിഴ് ചിത്രത്തിലുമാണ് തപ്സി ആദ്യമായി അഭിനയിച്ചത്. എന്നാൽ രണ്ടു ചിത്രങ്ങളിലും താൻ അത്ര മികച്ച പ്രകടനമല്ല കാഴ്ചവെച്ചതെന്നാണ് തപ്സിയുടെ വ്യക്തിപരമായ അഭിപ്രായം. വലിയ പാഷനില്ലാതെ സിനിമ ചെയ്തിട്ടുപോലും നല്ല പ്രേക്ഷക പ്രതികരണം ലഭിച്ച സ്ഥിതിക്ക് ഇഷ്ടത്തോടെ ഒരു കരിയറാക്കാനുള്ള ഉദ്ദേശത്തോടെ സിനിമയെ സമീപിച്ചാൽ എന്തായിരിക്കും അവസ്ഥ എന്ന് അന്ന് ആലോചിച്ചിരുന്നുവെന്നും തപ്സി പറയുന്നു.
നമുക്കു കിട്ടുന്ന വേഷങ്ങൾ നമ്മൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ് സിനിമാമേഖലയിലെ ഭാവിയെ നിർണ്ണയിക്കുന്നത് എന്നാണ് തപ്സിയുടെ പക്ഷം. ബേബി എന്ന ചിത്രത്തിൽ പത്തു മിനിറ്റ് വരുന്ന വേഷമാണ് തനിക്ക് ലഭിച്ചതെന്നും എന്നാൽ നാം ഷബാനയിൽ തനിക്ക് ലഭിച്ചത് ടൈറ്റിൽ റോളാണെന്നും തപ്സി പറയുന്നു. വർഷങ്ങളായി സിനിമാമേഖലയിലുള്ളവർക്കു പോലും ലഭിക്കുന്ന ഭാഗ്യമല്ല അതെന്നും സാമ്പത്തികമായി വിജയിച്ചു നിൽക്കുന്ന സിനിമകൾ എല്ലാവർക്കും ഗുണകരമാണെന്നുമാണ് തപ്സിയുടെ കണ്ടെത്തൽ.
മത്സരങ്ങളിലേക്ക് ഓരോ നിമിഷവും എടുത്തുചാടാൻ സന്നദ്ധതയുള്ളവർക്കും അങ്ങനെ കഴിവുതെളിയിക്കുന്നവർക്കും മാത്രമേ ഇവിടെ അവസരമുണ്ടാവൂവെന്നും അല്ലാതെ സുരക്ഷയെപ്പറ്റി ഓരോനിമിഷവും ചിന്തിച്ചുകൊണ്ടിരുന്നാൽ സിനിമാമേഖലയിൽപ്പോലും കാണില്ലായിരുന്നുവെന്നും അവർ പറയുന്നു. തലതൊട്ടപ്പന്മാരില്ലാതെ സിനിമയിലെത്തിയ തന്നെ തന്റെ കഴിവുകളുടെ അടിസ്ഥാനത്തിൽ പ്രേഷകർ ഏറ്റെടുത്തതിൽ സന്തോഷമുണ്ടെന്നും പ്രേക്ഷകർ തന്ന പരിഗണനയ്ക്കും പിന്തുണയ്ക്കും ഏറെ നന്ദിയുണ്ടെന്നും കരിയറിൽ വളരെ പതുക്കെയാണ് മുന്നേറാൻ സാധിക്കുന്നതെങ്കിലും അതിൽ താൻ വളരെ സന്തോഷവതിയാണെന്നും തപ്സി പറയുന്നു.