ഈ മുറിപ്പാടുകൾ അഭിമാനത്തിന്റേതാണ് എന്ന അഭിനന്ദനത്തോടെയാണ് ആ ചിത്രം വെർച്വൽ ലോകം ഏറ്റെടുത്തത്. നീരുവെച്ചു ചുവന്നു തുടുത്ത കൈയുടെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത് ഒരു വനിതാ പവർ ലിഫ്റ്ററാണ്. കൊളറാഡോ സ്വദേശിയായ ലിയാന്ന കാർ എന്ന യുവതിയെ അഭിനന്ദനങ്ങൾ കൊണ്ടു പൊതിയുകയാണിപ്പോൾ വെർച്വൽ ലോകം.
നഗരത്തിരക്കിൽ തന്റെ ശരീരത്തിൽ മോശമായി സ്പർശിച്ച പുരുഷന്റെ കവിളെല്ല് ഇടിച്ചു പരത്തി എന്നു പറഞ്ഞുകൊണ്ട് ലിയാന്ന പങ്കുവെച്ച ചിത്രമാണ് വൈറലായത്. സംഭവത്തെക്കുറിച്ച് യുവതി പറഞ്ഞതിങ്ങനെ :- 'ഡബ്ലിനിലേക്കുള്ള യാത്രയ്ക്കിടയിലായിരുന്നു സംഭവം. ഒരു പുരുഷൻ എന്റെ ശരീരത്തിന്റെ പിൻഭാഗത്ത് തട്ടിയിട്ട് നീ ഒരു അമേരിക്കനാണ് നിനക്കിതിഷ്ടപ്പെടുമെന്ന് പറഞ്ഞ് അലറിച്ചിരിച്ചു.
അയാളുടെ മോശം പ്രവർത്തിയും വൃത്തികെട്ട വാക്കുകളും എന്നെ ദേഷ്യം പിടിപ്പിച്ചു. മേലിൽ ഒരു പെൺകുട്ടിയോടും ഇങ്ങനെ ചെയ്യരുതെന്ന് ആക്രോശിച്ചുകൊണ്ട് ഞാനവന്റെ മുഖത്ത് ശക്തിയായിടിച്ചു. അവന്റെ കവിളെല്ലിനിട്ടാണ് ഇടിച്ചത്. പൊലീസിൽ ഏൽപ്പിക്കും എന്നു പറഞ്ഞപ്പോൾ ഭ്രാന്തനെപ്പോലെ അട്ടഹസിച്ചുകൊണ്ട് നടന്നകന്നു. അയാൾ തിരിച്ചെന്നെ ആക്രമിക്കുമെന്ന് പ്രതീക്ഷിച്ച് കരുതലോടെയാണ് ഞാനിരുന്നത്. ഈ ദൃശ്യങ്ങളൊക്കെ കണ്ടുകൊണ്ട് അൽപ്പമകലെ രണ്ടു വൃദ്ധദമ്പതികളുമുണ്ടായിരുന്നു. പ്രശ്നങ്ങളുണ്ടാക്കാതെ പോകാൻ അവരും അയാളോട് ഉറക്കെ വിളിച്ചു പറഞ്ഞു. അപ്പോൾ അട്ടഹസിച്ചുകൊണ്ട് അയാൾ തിരക്കിനിടയിലേക്ക് ഓടി മറഞ്ഞു.
ഇത് ആദ്യമായാണ് ഒരാളെ ഞാൻ തല്ലുന്നത്. പണ്ടൊക്കെ ആരെങ്കിലും ഉപദ്രവിക്കാൻ ശ്രമിച്ചാൽ ഞാൻ ഒന്നുംമിണ്ടാതെ നടന്നുപോകുമായിരുന്നു. എന്റെ നിശ്ശബ്ദതയിൽ നിന്ന് കരുത്താർജ്ജിക്കുന്നവർ നിഷ്കളങ്കരായ മറ്റുപെൺകുട്ടികളേയും ഇതുപോലെ ഉപദ്രവിക്കുമല്ലോ എന്ന ചിന്തയിൽ നിന്നാണ് അക്രമിയെ തിരികെ ഉപദ്രവിക്കാൻ ഞാൻ തയാറായത്.
ലിയാന്ന ചെയ്തത് ശരിയാണെന്നു വാദിക്കുന്നവരാണ് ഭൂരിപക്ഷവും. സ്ത്രീകളോട് മോശമായി പെരുമാറുന്നവരോട് അങ്ങനെ തന്നെയാണ് പ്രതികരിക്കേണ്ടത് അവർ പറയുമ്പോൾ ഇത്തരം അനുഭവം ഞങ്ങൾക്കിതുവരെയുണ്ടായിട്ടില്ല അതുകൊണ്ട് ലിയാന്നയുെട വാക്കുകൾ വിശ്വസിക്കാൻ പ്രയാസമുണ്ടെന്നും ചിലർ പറഞ്ഞു കളഞ്ഞു.
നിങ്ങൾ അനുഭവിച്ചിട്ടില്ലാത്ത ഒരു കാര്യം സംഭവിക്കില്ല എന്നെങ്ങനെ പറയാൻ കഴിയും ഞാൻ എന്റെ അനുഭവമാണ് പങ്കുവെച്ചത് എന്നു പറഞ്ഞുകൊണ്ടാണ് ലിയാന്ന അവരുടെ വായടിപ്പിച്ചത്.