സിനിമാ മേഖലയിലെ ലൈംഗിക ചൂഷണത്തെക്കുറിച്ച് മുൻപും തുറന്നു പറച്ചിൽ നടത്തിയിട്ടുണ്ട് നടി രാധിക ആപ്തേ. നിലപാടുകൾ ഒരു കൂസലുമില്ലാതെ വെട്ടിത്തുറന്നു പറയുന്ന നടി ഇക്കുറി തുറന്നു പറഞ്ഞത് ബോളിവുഡിലെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ചാണ്. പല ഉന്നതർക്കും കാസ്റ്റിങ് കൗച്ചിൽ പങ്കുണ്ടെന്നും പക്ഷേ അവരെ പേടിച്ച് ആരും ഒന്നും തുറന്നു പറയില്ലെന്നും. ആരെങ്കിലും അവർക്കെതിരെ ചെറുവിരലുയർത്താൻ ശ്രമിച്ചാൽ അതോടെ അവരുടെ കരിയർ അവിടെ അവസാനിക്കുമെന്നും താരം പറയുന്നു. ഇവരെ ഭയപ്പെടുക മാത്രമല്ല ബഹുമാനിക്കുകയും ചെയ്യുന്ന ഒരു വിഭാഗമുണ്ടവിടെ. ആ ഉന്നതരെ ദൈവത്തെപ്പോലെ ആരാധിക്കുന്നവരും ഇവിടെ കുറവല്ല എന്നും രാധിക പറയുന്നു.
ദേശീയ അവാർഡ് ജേതാവും മാറാഠി താരവുമായ ഉഷയാദവിന് പറയാനുള്ളത് മറ്റൊരു കഥയാണ്. രു സിനിമയിൽ അവസരം നൽകാമെന്നു പറഞ്ഞ് സംവിധായകൻ സമീപിച്ചപ്പോൾ അദ്ദേഹത്തിന് നൽകാൻ പണമില്ലെന്നു പറഞ്ഞെന്നും പണം വേണ്ട തന്റെയൊപ്പം കിടക്ക പങ്കിട്ടാൽ മതിയെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടിയെന്നും തുറന്നു പറയുകയാണ് ഉഷ.
തെലുങ്കുതാരം ശ്രീ റെഡ്ഢിയുടെ ചില വെളിപ്പെടുത്തലുകളാണ് കാസ്റ്റിങ് കൗച്ച് വീണ്ടും വാർത്തകളിൽ നിറയാൻ കാരണം. തെലുങ്കു സിനിമയിൽ അഭിനയമോഹവുമായെത്തുന്ന പെൺകുട്ടികളെ പലരും ലൈംഗികമായി ചൂഷണം ചെയ്യാറുണ്ടെന്നും അവിടെ കാസ്റ്റിങ്‌കൗച്ച് ഉണ്ടെന്നും തുറന്നു പറഞ്ഞ ശ്രീ റെഡ്ഢി തെലുങ്കു സിനിമയിൽ തെലുങ്കു പെൺകുട്ടികൾക്ക് അവസരം നിഷേധിക്കപ്പെടുന്നതായും പരാതിപ്പെട്ടു. കാസ്റ്റിംഗ് കൗച്ചിനെതിരെ ടോപ്പ് ലെസ് പ്രതിഷേധവുമായി ഹൈദരാബാദ് ഫിലിം ചേമ്പറിനു മുന്നിൽ എത്തിയ ശ്രീ റെഡ്ഢിയെ അനുകൂലിച്ചും പ്രതികൂലിച്ചും പല സെലിബ്രിറ്റികളും രംഗത്തു വന്നിരുന്നു.
കാസ്റ്റിങ് കൗച്ചിനെതിരെ ആൺ–പെൺ ഭേദമില്ലാതെ സെലിബ്രിറ്റികൾ ശബ്ദമുയർത്തിയപ്പോൾ കാസ്റ്റിങ് കൗച്ചിനെ അനുകൂലിക്കുന്ന തരത്തിൽ സംസാരിച്ച നൃത്ത സംവിധായക സരോജ്ഖാനെതിരെ ഒട്ടേറെ വിമർശനങ്ങൾ ഉയർന്നിരുന്നു.പീഡനവും ഇരകളുമൊക്കെ ചരിത്രത്തിന്റെ തുടക്കം മുതലേ ഉണ്ടെന്നും ഇന്ത്യൻ സിനിമാ ലോകം അപവാദമല്ലെന്നും പറഞ്ഞ സരോജ് ഖാൻ ഇരകളാക്കുന്ന സ്ത്രീകളെ സിനിമാ മേഖല ഉപേക്ഷിക്കാറില്ല എന്നുകൂടി കടത്തിപ്പറഞ്ഞു.
ഈ പരാമർശമാണ് വിവാദമായതും നടിമാരുടെ ഉൾപ്പെടെ പ്രതിഷേധം ക്ഷണിച്ചുവരുത്തിയതും. കാസ്റ്റിങ് കൗച്ച് പുതിയ കാര്യമൊന്നുമല്ല. എല്ലാ മേഖലകളിലും അതുണ്ട്. പിന്നെന്തിനാണു സിനിമ മേഖലയെ മാത്രം ആക്ഷേപിക്കുന്നത്. മാനഭംഗപ്പെടുത്തിയാലും സിനിമാ രംഗത്തുള്ളവർ നടിമാർക്ക് അവസരം കൊടുക്കുന്നുണ്ട്. അല്ലാതെ ഉപേക്ഷിക്കുന്നില്ല. ഇക്കാര്യം ഓരോ സ്ത്രീയേയും ആശ്രയിച്ചിരിക്കും. – ഇതായിരുന്നു സരോജ് ഖാന്റെ വാക്കുകൾ.