ഇതാ, വീരനായിക. യഥാർഥ അമേരിക്കക്കാരി. ധീരൻമാർ പോലും പേടിച്ചുവിറയ്ക്കുന്ന സാഹചര്യത്തിൽ അസാധാരണമായ ധൈര്യത്തോടെ ഞങ്ങളുടെ ജീവൻ തിരിച്ചുപിടിച്ച അത്ഭുതവനിത. നന്ദി പറയുന്നു ഞാനും സഹയാത്രികരും; ദൈവം എന്നും നിങ്ങൾക്കൊപ്പമുണ്ടാകട്ടെ....
ആകാശദുരന്തത്തിൽനിന്നു കഷ്ടിച്ചു രക്ഷപ്പെട്ട സൗത്ത്‍വെസ്റ്റ് എയർലൈൻസിന്റെ വനിതാ ക്യാപ്റ്റന് ആ വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരി ഫെയ്സ്ബുക്കിൽ കുറിച്ച വാക്കുകൾ. ക്യാപ്റ്റൻ ടമി ജോ ഷുൾട്സ് അർഹിക്കുന്നുണ്ട് ഈ വാക്കുകൾ. ഒരുപക്ഷേ ഇതിലും വലിയ അഭിനന്ദനവാക്കുകൾ. അത്ഭുതകരമായിരുന്നു ആ രക്ഷപ്പെടൽ. ദശകങ്ങളുടെ അനുഭവവും പരിചയവുമുള്ളവർപോലും പതറിപ്പോകാവുന്ന സാഹചര്യം. പരിഭ്രാന്തരായ യാത്രക്കാർ. പ്രതികൂല സാഹചര്യങ്ങളെയൊക്കെ അതിജീവിച്ച് ദുരന്തത്തിന്റെ ആകാശക്കോണിൽനിന്ന് മോചനത്തിന്റെ കരയിലേക്ക് ഒരു വിമാനത്തെ നിയന്ത്രിച്ച ധീരതയുടെ പേരാണ് ഇന്ന് ക്യാപ്റ്റൻ ടമി ജോ ഷുൾട്സ്.
ഇനി വരുന്ന ക്രിസ്മസ്സിന് ഞാൻ ആദ്യത്തെ ആശംസാ കാർഡ് അയയ്ക്കുന്നത് ക്യാപ്റ്റൻ ഷുൾട്സിന്. ജീവൻ രക്ഷിച്ച വ്യക്തിക്കല്ലേ ആദ്യം ആശംസ പറയേണ്ടത് - വിമാനത്തിലെ മറ്റൊരു യാത്രക്കാരി ഫെയ്സ്ബുക്കിൽ കുറിച്ചു. ദിവസങ്ങളേ ആകുന്നുള്ളൂ 148 യാത്രക്കാരുമായി ന്യൂയോർക്കിൽനിന്നു ഡാലസിലേക്കു പറന്ന സൗത്ത്‍വെസ്റ്റ് എയർലൈൻസിന്റെ ബോയിങ് 737 വിമാനം അപകടത്തിൽ പെട്ട സംഭവത്തിന്. സുരക്ഷാ മേഖലയിലൂടെ പറക്കുന്നതിനിടെ ടേക് ഓഫ് ചെയ്ത് 20 മിനിറ്റ് കഴിഞ്ഞപ്പോഴേക്കും ക്ഷണിക്കാതെയെത്തിയ അപകടം. ഭൂമിയിൽനിന്ന് 32,000 അടി ഉയരത്തിൽ പറക്കുമ്പോള്‍. ജീവൻ തിരിച്ചുകിട്ടിയ യാത്രക്കാർ നടുക്കുന്ന സംഭവത്തിന്റെ ഭീതിദമായ ഓർമകളിലാണ് ഇപ്പോഴും. അവരുടെ മനസ്സിൽ ദൈവത്തിന്റെ സ്ഥാനമുണ്ട് വനിതാ ക്യാപ്റ്റൻ ഷുൾട്സിന്.
വിമാനത്തിന്റെ എൻജിനുകളിലൊന്ന് യാത്രയ്ക്കിടെ പൊട്ടിത്തെറിച്ച് ഫാൻ ബ്ലെയ്ഡ് അതിവേഗത്തിൽ ജനാലയിൽ വന്നിടിച്ചു. തകർന്ന ജനാലയുടെ തൊട്ടടുത്ത സീറ്റിലിരുന്ന ജെന്നിഫർ എന്ന യുവതി പുറത്തേക്കു വലിച്ചെടുക്കപ്പെട്ടു. അതിശക്തമായ കാറ്റിൽ അരയ്ക്കു മുകളിലുള്ള ഭാഗം വിമാനത്തിന്റെ പുറത്തായി ഉടക്കിനിന്നു. മറ്റു യാത്രക്കാർ അന്ധാളിച്ചു നിൽക്കെ, സാഹസികരായ രണ്ടു സഹയാത്രികർ അവരെ ഏറെ പണിപ്പെട്ടു വിമാനത്തിനുള്ളിലേക്കു വലിച്ചിട്ടു.
പക്ഷേ, അപ്പോഴേക്കും ജെന്നിഫറിന് മാരകമായി പരുക്കേറ്റിരുന്നു. ഗുരുതരമായി കേടുപാടുപറ്റിയ വിമാനം വനിതാ പൈലറ്റ് ടമി ജോ ഷുൾട്സിന്റെ നേതൃത്വത്തിൽ ഉടൻ ഫിലഡൽഫിയ വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കി. മറ്റു യാത്രക്കാരുടെ ജീവൻ കാത്ത്, ആകാശദുരന്തത്തിൽനിന്നു വിമാനത്തെ രക്ഷിച്ചത് യുഎസ് നാവികസേനയിൽ യുദ്ധവിമാന പൈലറ്റ് ആയിരുന്ന ടമിയുടെ മനസ്സാന്നിധ്യം. യാത്രക്കാർ ഇപ്പോൾ ഫെയ്സ്ബുക്കിലും സമൂഹമാധ്യമങ്ങളിലുമെല്ലാം ക്യാപ്റ്റൻ ടമിക്ക് അഭിനന്ദന സന്ദേശങ്ങൾ അയയ്ക്കുന്നു. പതറാതെ നിന്ന ധീരതയ്ക്കു നന്ദി പറയുന്നു. മനസാന്നിധ്യം എത്ര വിലപ്പെട്ടതാണെന്നു തിരിച്ചറിയുന്നു.
വിമാനത്തിന്റെ എൻജിനുകളിലൊന്ന് യാത്രയ്ക്കിടെ പൊട്ടിത്തെറിക്കുകയെന്നാൽ അത്യപൂർവമായ അപകടമാണ്. എല്ലാ യാത്രക്കാരുടെയും ജീവൻ അപകടത്തിലാകാനാണു സാധ്യത. പക്ഷേ, യാത്രക്കാർ ഭയചകിതരാകുകയും വിമാനത്തിലെ സഹായികൾ അറിയാവുന്ന സുരക്ഷിതത്വ നിർദേശങ്ങൾ നടപ്പാക്കാൻ ശ്രമിക്കുകയും ചെയ്തപ്പോൾ തികഞ്ഞ ശാന്തതയിലായിരുന്നു ക്യാപ്റ്റൻ ടമി. പരിഭ്രാന്തിയുടെ സൂചന പോലും ആ മുഖത്തു കണ്ടില്ല. അവർ ഒരു നിമിഷം പരിഭ്രമിച്ചിരുന്നെങ്കിൽ ഒരുപക്ഷേ നിറകണ്ണുകൾ ഇപ്പോഴും തോരാതെയിരുന്നേനേം.
വിമാനത്തിന്റെ ഒരു എൻജിൻ തകർന്നിരിക്കുന്നു- എയർ ട്രാഫിക് കൺട്രോളർമാർക്കു ക്യാപ്റ്റൻ സന്ദേശമയച്ചു. ഞങ്ങൾ തിരിച്ചിറങ്ങുകയാണ്...അടുത്ത സന്ദേശവും അവർ ഉടൻതന്നെ അയച്ചു. തൊട്ടടുത്ത നിമിഷങ്ങളിൽ ക്യാപ്റ്റൻ ഷുൾട്സ് നേരിട്ട അനുഭവം പരിശീലനകാലത്തു മാത്രം പൈലറ്റുമാർ നേരിടുന്ന ഒന്ന്. ഒരു എൻജിൻ നഷ്ടമായ വിമാനത്തെ സുരക്ഷിതമായി താഴേക്കു കൊണ്ടുവരിക. അടുത്ത നാൽപതു നിമിഷങ്ങൾക്കകം അതു സംഭവിച്ചു. തികച്ചും സാഹസികവും നാടകീയവുമായ രക്ഷപ്പെടൽ.
വൈദ്യസംഘവുമായി നിങ്ങൾക്കു വേഗം റൺവേയിലേക്കു വരാൻ കഴിയുമോ...ക്യാപ്റ്റൻ അടുത്ത സന്ദേശമയച്ചു എയർ ട്രാഫിക് കൺട്രോളർമാർക്ക്. യാത്രക്കാർ പറയുന്നത് വിമാനത്തിനു തുള വീണെന്നും യന്ത്രഭാഗങ്ങളിലൊന്ന് നഷ്ടപ്പെട്ടെന്നുമാണ്. ക്യാപ്റ്റൻ വിശദീകരിച്ചു. തങ്ങളുടെ ജീവിതത്തിലെ അവസാനത്തെ നിമിഷങ്ങൾ എണ്ണുകയായിരുന്നു യാത്രക്കാർ അപ്പോൾ. ഓക്സിജൻ മാസ്കുകൾ അവർ മുഖത്തുറപ്പിച്ചു.
പ്രിയപ്പെട്ടവർക്കു ഗുഡ്ബൈ സന്ദേശങ്ങൾ അയച്ചു. അവസാന ശ്വാസം. പിന്നെയെല്ലാം ശൂന്യം. പരുക്കേറ്റ യാത്രക്കാരിയെ പരിചരിക്കുന്ന തിരക്കിലായിരുന്നു എയർ ഹോസ്റ്റസുമാർ ഉൾപ്പെടെയുള്ളവർ. അൻപത്തിയാറുകാരി ക്യാപ്റ്റൻ ഷുൾട്സ് അപ്പോഴും തന്റെ പ്രവൃത്തിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. സുരക്ഷിതമായ അടിയന്തര ലാൻഡിങ് അല്ലാതെ മറ്റൊന്നും ഇല്ലായിരുന്നു അവരുടെ മനസ്സിൽ. ഫിലഡെൽഫിയയിലെ രാജ്യാന്തര വിമാനത്താവളത്തിൽ വിമാനത്തിനു അടിയന്തര ലാൻഡിങ്. ലക്ഷ്യം നേടുന്നതിൽ ക്യാപ്റ്റൻ വിജയിച്ചപ്പോൾ ആശ്വാസത്തോടെ നിശ്വസിച്ചതു യാത്രക്കാരുടെ ബന്ധുക്കൾ മാത്രമല്ല; ലോകം മുഴുവനും.
പൈലറ്റാകാൻ ഷുൾട്സ് തീരുമാനിക്കുന്നത് സ്ത്രീകളെ പൈലറ്റുമാരായി നിയമിക്കുന്നതിനു വിലക്കുണ്ടായിരുന്ന കാലത്ത്. പ്രതിസന്ധികളെ ധീരമായി ചെറുത്തും ലക്ഷ്യത്തിലുറച്ചുനിന്നും യുഎസ് നാവികസേനയിൽ യുദ്ധവിമാന പൈലറ്റ് ആയി മാറി അവർ. വൈമാനികരായി ഇപ്പോഴും കുറച്ചു വനിതകൾ മാത്രമേയുള്ളൂ. ഏതെങ്കിലും വനിതകൾ തങ്ങൾക്കു പൈലറ്റുമാരാകണം എന്ന് ആവശ്യപ്പെട്ടാൽ ചിരിച്ചുതള്ളിയിരുന്ന ഒരുകാലത്ത് ഷുൾട്സ് തന്റെ തീരുമാനത്തിൽ ഉറച്ചുനിന്നു. സർവകലാശാല വിദ്യാർഥിയായിരിക്കെ, വ്യോമസേനയുടെ ഒരു ക്ലാസിൽ പങ്കെടുത്തിരുന്നു ഷുൾട്സ്. അന്നു വിവിധ വിഷയങ്ങളെക്കുറിച്ചു ക്ലാസെടുക്കുന്ന ഒരു വനിതയെ കണ്ടപ്പോഴാണ് ആകാശങ്ങളെ അവർ സ്വപ്നം കണ്ടു തുടങ്ങിയത്.
ബയോളജിയിൽ ബിരുദം നേടി ഷുൾട്സ് സർവകലാശാലയിൽനിന്നു പുറത്തുവരുന്നത് 1983-ൽ. സൈനികസേവനമായിരുന്നു ലക്ഷ്യം. അന്നു വ്യോമസേന വനിതയായ ഷുൾട്സിനെ സ്വീകരിക്കാൻ തയാറായില്ല. പക്ഷേ, നാവികസേന വാതിൽ തുറന്നു. 1985-ൽ നേവിയുടെ ഫ്ലൈറ്റ് സ്കൂളിൽ ചേർന്നു ഷുൾട്സ്.
പുരുഷൻമാർ പൂർണമായും വിമാനങ്ങൾ നിയന്ത്രിച്ചിരുന്ന കാലത്തുനിന്ന് നാവികസേനയെ പുതുയുഗത്തിലേക്കു നയിച്ചവരിൽ ഷുൾട്സുമുണ്ട്. 89- ൽ നേവി സ്കൂളിൽനിന്നു പഠിച്ചിറങ്ങിയ അവർ ബോംബർ വിമാനങ്ങളും സൂപ്പർ സോണിക് വിമാനങ്ങളും പറത്തി. ഗൾഫ് യുദ്ധകാലത്ത് നാവികസേനയിലെ ആദ്യത്തെ വനിതാ എയർ കമ്മാൻഡറുമായി.
നേട്ടങ്ങളേറെ സൃഷ്ടിച്ചെങ്കിലും വനിതകൾക്കു സ്വാഭാവികമായി നേരിടേണ്ടിവരുന്ന പരിമതികൾ തളർത്തിയിട്ടുണ്ട് ഷുൾട്സിനെ. നാവിക സേനയുടെ യുദ്ധമുന്നണിയിലേക്ക് വനിതകളെയും അയയ്ക്കണം എന്ന നിർദേശം ക്ലിന്റൺ ഭരണകൂടത്തിനുമുന്നിൽ സമർപ്പിക്കുന്നതിനു രണ്ടുദിവസം മുമ്പ് അവർ നാവികസേനയിലെ ജോലി അവസാനിപ്പിച്ചു. പിന്നീടു സൗത്ത് വെസ്റ്റ് എയർലൈൻസിൽ ചേർന്നു. ഭർത്താവിനും അവിടെത്തന്നെയായിരുന്നു ജോലി.
മാധ്യമങ്ങൾ പറയുന്നതു ശരിയാണ്. അവൾ ഒരു വീരനായിക തന്നെ. അങ്ങനെയൊരാളുടെ ഭർത്താവാണ് എന്നതിൽ ഞാൻ അഭിമാനിക്കുന്നു- പ്രതികരണം ചോദിച്ചപ്പോൾ ടെലിഫോണിലൂടെ ഷുൾട്സിന്റെ ജീവിതപങ്കാളി ഡീൻ എം ഷുൾട്സ് മാധ്യമങ്ങളോടു പറഞ്ഞു.