ഉത്തർപ്രദേശിലെ വാരണാസിയിലെ ദാദുപൂർ ഗ്രാമം അഘോഷത്തിന്റെ ഉൽസവലഹരിയിലായിരുന്നു കഴിഞ്ഞദിവസം. വർണശബളമായ, ശബ്ദമുഖരിതമായ ആഘോഷം. സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവർ തെരുവുകൾ കീഴടക്കിയ ദിവസം. അഘോഷത്തിനു കാരണം രാഷ്ട്രീയപാർട്ടികളുടെ വിജയമോ മതചടങ്ങോ ഒന്നുമായിരുന്നില്ല. അടുത്തിടെ സമാപിച്ച കോമൺവെൽത്ത് ഗെയിംസിൽ ഭാരോദ്വഹനത്തിൽ സ്വർണം നേടിയ പൂനം യാദവ് എന്ന പെൺകുട്ടിക്കു നൽകിയ സ്വീകരണം.
ഇന്ത്യയുടെ മികച്ച പ്രകടനം കൊണ്ടു ശ്രദ്ധേയമായിരുന്നു ഇത്തവണത്തെ കോമൺവെൽത്ത് ഗെയിംസ്. മൂന്നാം സ്ഥാനത്ത് എത്തിയതുകൂടാതെ 26 സ്വർണമെഡലുകളും. പുരുഷ–വനിതാ താരങ്ങൾ ഏതാണ്ടു തുല്യമായി സ്വർണം പങ്കിട്ടപ്പോൾ ഭാരോദ്വഹനത്തിൽ നേടിയ അഞ്ചു മെഡലുകളിൽ മൂന്നും നേടിയതു വനിതാ താരങ്ങൾ. സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെയുള്ള അക്രമങ്ങളുടെയും പീഡനങ്ങളുടെയും വാർത്തകൾ വിവിധ ഭാഗങ്ങളിൽനിന്ന് ഉയരുകയും വിവാദങ്ങളും ആരോപണ പ്രത്യാരോപണങ്ങളും കൊഴുക്കുകയും ചെയ്തതിനിടെയാണ് രാജ്യത്തിന് അഭിമാനമായി പെൺകുട്ടികൾ സ്വർണമെഡലുകളുമായി വന്നത് എന്നതു ശ്രദ്ധേയം.
സ്വർണമെഡൽ എന്റെ പ്രതീക്ഷയിലെങ്ങുമുണ്ടായിരുന്നില്ല. എന്റെ സ്വപ്നവുമായിരുന്നില്ല സ്വർണം. എങ്കിലും ഗുരുവിന്റെ അനുഗ്രഹത്തോടെ എനിക്കതു നേടാനായി– പൂമാലകൾ അണിഞ്ഞ്, നിറഞ്ഞ ചിരിയിലും വിനയം വിടാതെ പൂനം തടിച്ചുകൂടിയ മാധ്യമപ്രവർത്തരോടു പറഞ്ഞു. മാതാപിതാക്കൾ, കോച്ച്, ഇന്ത്യൻ വെയ്റ്റ്ലിഫിറ്റിങ് ഫെഡറേഷൻ എന്നിവർക്കു നന്ദി പറയാനും മറന്നില്ല പൂനം.
കഠിനാധ്വാനത്തിന്റെ ഫലമാണ് പൂനത്തിന്റെ നേട്ടമെന്നു പറയുന്നു പിതാവ് കൈലാഷ് യാദവ്. പൂനത്തിനു മികച്ച പരിശീലനം ലഭിക്കാൻ വീട്ടിലെ വളർത്തുമൃഗങ്ങളെപ്പോലും വിൽക്കേണ്ടിവന്നു കൈലാഷിന്. ഗ്ലാസ്ഗോയിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ വെങ്കലം മാത്രമേ നേടാൻ ആയുള്ളുവെങ്കിലും നിരാശയാകാതെ കഠിനാധ്വാനം ചെയ്തതിന്റെ ഫലമാണ് ഇപ്പോഴത്തെ സ്വർണനേട്ടം. പൂനത്തിന്റെ കരിയറും സന്തോഷവും തന്നെയാണ് കുടുംബത്തിന്റെ മുൻഗണന എന്നു വെളിപ്പെടുത്തുന്നു കൈലാഷ്. എങ്കിലും ഈ സുദിനം ഇത്ര വേഗമെത്തുമെന്ന് സ്വപ്നം കണ്ടിരുന്നില്ല പൂനത്തിന്റെ പാവപ്പെട്ട കുടുംബം.
പൂനത്തിന്റെ അധ്യാപിക ഫാത്തിമയ്ക്ക് സന്തോഷം അടക്കിവയ്ക്കാൻ കഴിയുന്നില്ല. ഒരു സ്വർണമെഡൽ ജേതാവിനെ താൻ പഠിപ്പിച്ചിട്ടുണ്ട് എന്നു പറയുന്നതുപോലും അവരെ സന്തോഷിപ്പിക്കുന്നു. ഇനിയും കൂടുതൽ നേട്ടങ്ങൾ ലഭിക്കട്ടെ എന്നും ആശംസിക്കുന്നു. പൂനം പഠിച്ച സ്കൂളിലെ കുട്ടികളും ആഹ്ലാദത്തിലാണ്. അവസാനം അവർക്കും പ്രതീക്ഷിക്കാനും ആഗ്രഹിക്കാനും ലക്ഷ്യം വയ്ക്കാനും ഉയരങ്ങൾ ലഭിച്ചിരിക്കുന്നു.
പൂനത്തിന്റെ വിജയത്തിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന വ്യക്തികളിലൊരാളാണ് കിരൺ യാദവ്. പൂനത്തിന്റെ ഭാവി വരന്റെ അമ്മ. പൂനത്തിനെ താൻ മകളായാണ് കാണുന്നതെന്നും മരുമകളായല്ലെന്നും പറയുന്നു കിരൺ. ഭാവിയിലും കൂടുതൽ വിജയങ്ങൾക്കുവേണ്ടി പോരാടാൻ മകൾക്കു പിന്തുണ നൽകുമെന്നും അറിയിച്ചു കിരൺ.
ധൈര്യവും ആവേശവും ആഗ്രഹവുമുണ്ടെങ്കിൽ തന്നെപ്പോലെ വളർന്നുവരുന്ന താരങ്ങൾക്കും നേട്ടങ്ങൾ എത്തിപ്പിടിക്കാമെന്നു പറയുന്നു പൂനം. ഭാവി താരങ്ങൾക്കുള്ള പൂനത്തിന്റെ ഉപദേശവും അതുതന്നെ– തീവ്രമായ പ്രതിബദ്ധത, ധൈര്യം. ഇതു രണ്ടുമുണ്ടെങ്കിൽ വിജയം വഴിക്കുവരും.
സംഘർഷങ്ങൾക്കു കുറവില്ലാത്ത, പെൺകുട്ടികളുടെ വിജയം അപൂർവമായ ഒരു പ്രദേശത്താണു പൂനം താമസിക്കുന്നത്. വിജയശ്രീലാളിതയായി പൂനം തിരിച്ചെത്തിയതിനു പിന്നാലെ ഒരു ആക്രമണത്തിൽനിന്നു കഷ്ടിച്ചു രക്ഷപ്പെട്ടു കുടുംബം. ഗ്രാമത്തലവനും കുടുംബവുമായുള്ള വഴക്കായിരുന്നു കാരണം.. ആക്രമണം ഉണ്ടായെങ്കിലും പെട്ടെന്നുതന്നെ പൂനം പൊലീസിന്റെ സഹായം തേടി രക്ഷപ്പെടുകയായിരുന്നു.