Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തെലങ്കാനയുടെ ശാപമായ മുങ്ങിമരണങ്ങൾ അവസാനിപ്പിക്കാൻ ഇറങ്ങിത്തിരിച്ച ഐപിഎസ് ഓഫീസർ

rema-rajeshwari-ips ചിത്രത്തിന് കടപ്പാട്: ഫെയ്സ്ബുക്ക്.

സന ജബീൻ എന്ന പെൺകുട്ടിക്ക് അന്ന് 17 വയസ്സ്. ഒരു ദിവസം അവൾ കൂട്ടുകാരിയെ കാണാൻ പോയി. വൈകിട്ടു തിരിച്ചെത്തുമെന്നു പറഞ്ഞെങ്കിലും ഇരുട്ടുവീണിട്ടും സന തിരിച്ചെത്തിയില്ല. പിതാവ് മുഹമ്മദ് ജാഫറും കുടുംബവും അസ്വസ്ഥരായി തിരച്ചിൽ തുടങ്ങി. ഏഴേകാൽ ആയപ്പോൾ ജാഫറിന്റെ കസിൻ ഫോൺ ചെയ്തു. ബന്ധുവിനൊപ്പം നീന്താൻപോയ സന മുങ്ങിമരിച്ചു. കൃഷ്ണ നദിയിലെ ലോവർ ജുരാലാ ഡാമിനടുത്ത്. 

മകൾ നഷ്ടപ്പെട്ട മുഹമ്മദ് ജാഫറിനു നഷ്ടപ്പെട്ടതുപോലെ കൗമാരപ്രായത്തിലുള്ള മക്കളെ നഷ്ടപ്പെട്ട വേറെയും പിതാക്കൻമാരുണ്ട് തെലങ്കാനയിലെ ജോഗുലാംബ ഗഡ്‍വാൾ, വനപർത്തി ജില്ലകളിൽ. നദികളിലും ചെറിയ ജലാശയങ്ങളിലുമൊക്കെ കുട്ടികളുടെ ജീവൻ നഷ്ടപ്പെടുന്നതു പതിവാണ് ഈ ജില്ലകളിൽ. മക്കൾ നഷ്ടപ്പെട്ട വേദനയിൽ തീ തിന്നു കഴിയുന്ന കുടുംബങ്ങൾ ഏറെയുണ്ട്. തെലങ്കാനയുടെ ശാപമായ മുങ്ങിമരണങ്ങൾ അവസാനിപ്പിക്കാനും വേദനിക്കുന്ന കുടുംബങ്ങൾ ഇനി ഉണ്ടാകാതിരിക്കാനും വേണ്ടി മുന്നിട്ടിറങ്ങിയിരിക്കുകയാണ് ഒരു ഐപിഎസ് ഓഫിസർ–രമ രാജേശ്വരി. ഗ്രാമപ്രദേശങ്ങളിൽ ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ഒരു പ്രത്യേക ടീം ഉണ്ടാക്കി മുങ്ങിമരണങ്ങൾക്കെതിരെ ബോധവത്കരണം നടത്താനും സുരക്ഷാ നടപടികൾ ശക്തിപ്പെടുത്താനുമായി മുന്നിട്ടിറങ്ങിയിരിക്കുകയാണു രമ. 

ഏഴുവർഷം മുമ്പാണ് ഞാൻ കുട്ടികളുടെ മുങ്ങിമരണങ്ങൾക്കെതിരെ ബോധവത്കരണം തുടങ്ങിയിട്ട്. ഇപ്പോൾ മാത്രമാണ് വിഷയം മാധ്യമങ്ങളുടെ ശ്രദ്ധയിൽപെട്ടത്–രമ പറയുന്നു. എല്ലാവർഷവും വേനൽക്കാലത്താണു മരണസംഖ്യ കൂടാറുള്ളത്. സ്കൂളുകളും കൊളേജുകളും അടച്ചിടുന്ന സീസണിൽ. ‘ഒളിച്ചോട്ടത്തിന്റെ കാലം’ –എന്നാണ് ഈ മാസങ്ങൾ പൊലീസ് ഉദ്യോഗസ്ഥർക്കിടയിൽ അറിയപ്പെടുന്നത്. കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൂടുന്ന മാസങ്ങൾ. പ്രണയത്തെത്തുടർന്നുള്ള ഒളിച്ചോട്ടങ്ങൾ. പ്രായപൂർത്തിയാകുന്നതിനുമുമ്പുള്ള ഗർഭധാരണം. മുങ്ങിമരണം– എല്ലാവർഷവും ഇതാവർത്തിക്കുന്നു– ജോഗുലാംബ ഗഡ്‍വാൾ, വനപർത്തി ജില്ലകളുടെ ചാർജുള്ള രമ വിശദീകരിക്കുന്നു. 

help ചിത്രത്തിന് കടപ്പാട്: ഫെയ്സ്ബുക്ക്.

അത്യാഹിതങ്ങൾ ഉണ്ടാകുമ്പോൾ പൊലീസ് ഓഫിസർമാർ ഗ്രാമങ്ങളിൽ എത്തുന്നു. രക്ഷാപ്രവർത്തനത്തിനും മറ്റും നേതൃത്വം കൊടുക്കുന്നു. മടങ്ങിപ്പോകുന്നു. ഈ രീതി മാറ്റി വിദൂരമായ ഗ്രാമങ്ങളിലും പൊലീസ് സേവനം ഉറപ്പാക്കാൻ രമ മുൻകൈയെടുത്ത് ഒരു പ്രത്യേക വിഭാഗം തന്നെ രൂപീകരിച്ചു– വില്ലേജ് പൊലീസ് ഓഫിസർമാർ. ഇവര്‍ക്കുവേണ്ടി ഒരു ദിവസത്തെ പരിശീലനക്യാംപ് സംഘടിപ്പിക്കുന്നു. മുങ്ങിമരണങ്ങള്‍ കൂടുതലുള്ള ജില്ലകളിലെ ജലാശയങ്ങളുടെ കൃത്യമായ കണക്കെടുത്തു. ഡഗ്‍വാളില്‍ 200 ൽ കൂടുതൽ ചെറുതും വലുതുമായ ജലാശയങ്ങളുള്ളപ്പോള്‍ വനപര്‍ത്തിയില്‍ എണ്ണം 270നടുത്ത്. പ്രാദേശിക ഭാഷയില്‍ ജലാശയങ്ങള്‍ക്കടുത്ത് സുരക്ഷാ ബോർഡുകൾ സ്ഥാപിച്ചു. ഇവയ്ക്കു സമീപം കളിക്കുന്ന കുട്ടികളിൽ എത്രപേർക്ക് നീന്തലറിയാം എന്നന്വേഷിച്ചു. കളിക്കാൻ പോകുന്ന കുട്ടികളിൽ ഒരു കണ്ണു വേണമെന്ന് മുതിർന്നവർക്കും നിർദേശം കൊടുത്തു. 

ഗ്രാമങ്ങളിൽ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ കുറവാണ്. മിക്ക കുട്ടികളും ഹൈദരാബാദ്, വിജയവാഡ എന്നിവടങ്ങളിൽ താമസിച്ചാണു പഠിക്കുന്നത്. ഒഴിവുകാലത്ത് കുടുംബത്തോടൊപ്പം ചെലവഴിക്കാൻ അവർ ഗ്രാമങ്ങളിൽ എത്തുന്നു. കൂട്ടമായി നീന്താനുള്ള സൗകര്യം ഇവരെ പെട്ടെന്ന് ആകർഷിക്കുന്നു. നീന്തലറിയില്ല എന്ന വാസ്തവം തിരിച്ചറിയാതെ ജലാശയങ്ങളിലേക്കു ചാടുന്നവരാണ് മിക്കപ്പോഴും അപകടത്തിൽപെടുന്നത്. വില്ലേജ് പൊലീസ് ഓഫിസർമാർ ഗ്രാമസഭകളിലും പങ്കെടുക്കുന്നു. ഗ്രാമത്തലവൻമാരുമായി വിഷയം ചർച്ചചെയ്യുന്നു. നന്നായി നീന്തലറിയാവുന്ന ഒരാളെങ്കിലും ജലാശയത്തിനു സമീപമുണ്ടെന്ന് ഉറപ്പുവരുത്തുന്നുമുണ്ട്. 

ഇക്കഴിഞ്ഞ ആഴ്ച മുങ്ങിമരണങ്ങള്‍ൾക്കെതിരെയുള്ള ഒരു യോഗത്തില്‍ ഞാൻ പങ്കെടുത്തിരുന്നു. തൊട്ടടുത്തദിവസം സമീപ ഗ്രാമത്തിൽ ഒരാൾ മുങ്ങിമരിച്ചു. ദുരന്തത്തെക്കുറിച്ചുള്ള അറിയിപ്പു കിട്ടിയെങ്കിലും യഥാസമയത്ത് രക്ഷാപ്രവർത്തകർക്കും പൊലീസിനും എത്തിച്ചേരാൻ കഴിയാതിരുന്നതുകൊണ്ടാണ് മരണം സംഭവിച്ചത്. ഹൃദയഭേദകമായിരുന്നു ഈ അനുഭവം– രമ പറയുന്നു. ഹൈദരാബാദിൽ പഠിക്കുന്ന ഒരു വിദ്യാർഥി മുത്തച്ഛനോടൊപ്പം വേനൽക്കാലം ചെലവഴിക്കാൻ എത്തിയപ്പോഴായിരുന്നു സംഭവം. 

help-003 ചിത്രത്തിന് കടപ്പാട്: ഫെയ്സ്ബുക്ക്.

224 ഗ്രാമങ്ങളിലായി  224 കോൺസ്റ്റബിൾമാരും ഗഡ്‍വാളിൽ മാത്രം 170 വില്ലേജ് കോൺസ്റ്റബിൾമാരും സദാ ജാഗരൂകരാണ്. ചില അവസരങ്ങളിൽ സംഭവം റിപോർട്ട് ചെയ്യപ്പെടാതെയുമുണ്ട്. മുങ്ങിമരണം നടന്നാൽ പോസ്റ്റ്മാർട്ടം സ്വാഭാവികമാണ്. ഗ്രാമവാസികളിൽ കുറച്ചുപേർക്ക് തങ്ങളുടെ പ്രിയപ്പെട്ടവരുടെ ശരീരം വെട്ടിമുറിക്കുന്നതിനോടു വിമുഖതയാണ്. അതിനാൽ മരണം ഉദ്യോഗസ്ഥരിൽനിന്നു മറച്ചുവയ്ക്കുന്നു. 

help-002 ചിത്രത്തിന് കടപ്പാട്: ഫെയ്സ്ബുക്ക്.

കാമുകന്മാരോടൊത്ത് ഒളിച്ചോടുന്ന പെൺകുട്ടികളുടെ എണ്ണവും കൂടുകയാണെന്നു തെളിയിക്കുന്നു റിപോർട്ടുകൾ. തങ്ങളുടെ മക്കൾക്കു മൊബൈൽഫോൺ ഉണ്ടെന്ന വിവരം പല മാതാപിതാക്കൻമാർക്കും അറിയില്ല. വിവാഹിതരോ ചെറിയ ജോലി ചെയ്തുജീവിക്കുന്നവരോ ഒക്കെയായിരിക്കും പല കേസുകളിലും കാമുകൻമാർ. വിവാഹം കഴിച്ചു കുറച്ചുമാസങ്ങൾക്കകം പെൺകുട്ടികൾ നഗരങ്ങളിൽ ഉപേക്ഷിക്കപ്പെടുന്നു. ഇത്തരം വ്യാജവിവാഹങ്ങൾക്കെതിരെയുള്ള ബോധവത്കരണത്തിലും രമ രാജേശ്വരിയുടെ നേതൃത്വത്തിലുള്ള പൊലീസുകാർ നേതൃത്വപരമായ പങ്കുവഹിക്കുന്നു. ജോലിയോടു കാണിക്കുന്ന ആത്മർഥതയാലും അർപ്പണബോധത്താലും വേറിട്ടുനിൽക്കുകയാണു രമ രാജേശ്വരി– സർവീസിലുള്ള ആയിരക്കണക്കിന് ഉദ്യോഗസ്ഥർക്കും മാതൃകയും പ്രചോദനവുമായി.