ചിത്രംവരയും ഡിസൈനിങ്ങുമായിരുന്നു ദിവ്യ നമ്പ്യാരുടെ കുട്ടിക്കാലത്തെ ഇഷ്ടവിനോദങ്ങൾ.നോട്ടുബുക്കുകളിൽ നിറയെ ചെറുതും വലുതുമായ ചിത്രങ്ങൾ വരച്ചു. ഭാവന നിറംപിടിപ്പിച്ച, പരീക്ഷണകൗതുകം മുറ്റിനിൽക്കുന്ന ചിത്രകൗതുകങ്ങൾ. മുതിർന്നപ്പോഴും ഡിസൈനിങ്ങിലെ ഇഷ്ടം വിടാതെ സൂക്ഷിച്ച ദിവ്യ സ്ഥാപിച്ച സ്റ്റാർട് അപ് സംരംഭം ഡിസൈനിങ്ങുമായി ബന്ധപ്പെട്ടതുതന്നെയായി.
കുട്ടിക്കാലത്തെ സ്വപ്നത്തിന്റെ സാക്ഷാത്കാരം. കേരളത്തിൽ ജനിച്ചു വളർന്ന ഒരാൾക്കുമാത്രം ചിന്തിക്കാനാകുന്ന ഒരുഗ്രൻ പേരുമിട്ടു: ഉണ്ണിയാർച്ച. ആഭരണ നിർമാണരംഗത്തെ പുതിയ പേര്. സൗന്ദര്യത്തിന്റെയും കരുത്തിന്റെയും സമഞ്ജസമായ സമ്മേളനം. . 2015 മേയ് മാസത്തിൽ ഡൽഹിയിലായിരുന്നു തുടക്കം. ഭർത്താവു ജോലിയുമായി ബന്ധപ്പെട്ട് ബെംഗളൂരുവിലേക്കു വന്നപ്പോൾ ദിവ്യയുടെ സ്ഥാപനത്തിനും സ്ഥാനചലനമായി–ബെംഗളൂരുവിലേക്ക്. ഇന്ന് ഇന്ത്യയിലെ പ്രധാന നഗരങ്ങളായ ഡൽഹി, ചെന്നൈ, കൊൽക്കത്ത, മുംബൈ എന്നിവടങ്ങളിലൊക്കെ ദിവ്യയുടെ ആഭരണ നിർമാണ ശ്രേണി ഉണ്ണിയാർച്ച എന്ന പേരിൽ പ്രമുഖ ജ്യൂവലറി സ്റ്റോറുകളിൽ ലഭിക്കുന്നു. വെബ്സൈറ്റിലൂടെയും സജീവമാണു വിൽപന.

ആഭരണങ്ങളുടെ രൂപകൽപനയിൽ ആദ്യാവസാനം ദിവ്യ പങ്കെടുക്കുന്നു. അഞ്ചു ഡിസൈനർമാരുടെ ടീമുമായി നിരന്തരം ചർച്ച നടത്തുന്നു. താൻ മനസ്സിൽ കാണുന്ന ആതേ രീതിയിലുള്ള ആഭരങ്ങൾ നിർമിച്ചെടുക്കുന്നതിൽ വിജയിക്കുന്നതുകൊണ്ടു ദിവ്യയുടെ പുതുസംരംഭം നഗരങ്ങളിൽ ട്രെൻഡാകുന്നു. 18 കാരറ്റ് സ്വർണത്തിലും സിൽവൽ പ്ളേറ്റ് ചെയ്ത ഫ്യൂഷൻ ആഭരണങ്ങളുമാണ് ഉണ്ണിയാർച്ച പ്രധാനമായും വിപണിയിലെത്തിക്കുന്നത്.

സാമ്പത്തിക ശാസ്ത്രത്തിൽ കൊളംബിയ യൂണിവേഴ്സിറ്റിയിൽനിന്നു ബിരുദം നേടിയ ദിവ്യ ഔദ്യോഗിക ജീവിതം തുടങ്ങുന്നത് വ്യവസായിയായ പിതാവുമൊത്ത്. മൂന്നുവർഷം ന്യൂയോർക്കിൽ ചെലവഴിച്ച കാലം ദിവ്യ എന്ന സംരംഭകയെ വാർത്തെടുത്തു. വ്യവസായത്തിലെ വിലയേറിയ പാഠങ്ങളും മനഃപാഠമാക്കി. ജോലി സംതൃപ്തികരമായിരുന്നെങ്കിലും ജീവിതത്തിൽ സർഗാത്മകതയുടെ കുറവ് ദിവ്യക്ക് അനുഭവപ്പെട്ടിരുന്നു ന്യൂയോർക്കിലെ ജീവിതകാലത്ത്. അന്നൊരു പ്രഭാതത്തിൽ പിതാവിന്റെ നിർമാണസ്ഥാപനത്തിലൂടെ നടക്കവെ ഒരു ലോഹക്കഷണത്തിൽ പ്രതിബിംബിച്ച സൂര്യരശ്മികൾ ദിവ്യയുടെ ജീവിതം മാറ്റിമറിച്ചു. വെട്ടിത്തിളങ്ങുന്ന പ്രഭാതകിരണങ്ങൾ ലോഹവുമായിചേർന്നു സൃഷ്ടിച്ച മഴവിൽ നിറങ്ങൾ ദിവ്യയുടെ മനസ്സിൽ പല രൂപത്തിലും ഭാവത്തിലുമുള്ള രൂപകൽപനകൾ സൃഷ്ടിച്ചു. അസാധാരണവും കൗതുകരവുമായ ആഭരണ രൂപകൽപനയാണു തന്റെ ജീവിതമേഖലയെന്നും ദിവ്യ തിരിച്ചറിഞ്ഞു.

ഇന്ത്യൻ ആഭരണങ്ങൾ പേരുകേട്ടവയാണെങ്കിലും വിദേശരാജ്യങ്ങളിൽ അവ ആകർഷകമായി എത്തുന്നില്ലെന്നതാണു യാഥാർഥ്യം.രാജ്യാന്തര മാർക്കറ്റ് ലക്ഷ്യം വച്ച് പുതുമാതൃകകളിൽ ഒരു ആഭരണ നിർമാണശാല എന്ന ആശയം ദിവ്യയുടെ മനസ്സിൽ മിന്നിത്തെളിഞ്ഞു. ന്യൂയോർക്കിൽത്തന്നെയുള്ള പാഴ്സൺസ് സ്കൂൾ ഓഫ് ഡിസെനിൽ കോഴ്സ് പൂർത്തിയാക്കി രൂപകൽപനയിലെ കഴിവുകൾ തേച്ചുമിനുക്കിയെടുത്ത ദിവ്യ ഇന്ത്യയിലേക്കു പറന്നു– വലിയ സ്വപ്നങ്ങളുമായി. ഉണ്ണിയാർച്ച ഇന്നു സ്വപ്നവേഗത്തിൽ ഉയരങ്ങൾ കീഴടക്കുന്നു.

രണ്ടു വിഭാഗങ്ങളിൽ ദിവ്യയുടെ സ്ഥാപനം ആഭരണങ്ങൾ ലഭ്യമാക്കുന്നു. ‘ലിമിറ്റഡ് എഡിഷ’നും ‘എക്സ്പ്രസും’. ലിമിറ്റഡ് എഡിഷൻ ശേഖരത്തിലുള്ളതു ദിവ്യ രൂപകൽപനചെയ്ത ആഭരണങ്ങൾ. ദൈവശാസ്ത്രത്തിൽനിന്നും പാരമ്പര്യ ശിൽപകലയിൽനിന്നുമൊക്കെ ഊർജമുൾക്കൊണ്ടു നിർമിക്കുന്നവ. കൈകൊണ്ടു നിർമിക്കുന്നവയാണ് ആഭരങ്ങൾ; തിളക്കം കൂട്ടുന്ന കല്ലുകൾ സൂക്ഷ്മമായി തിരഞ്ഞെടുത്തതും. ദിവ്യയും ടീമിലുള്ള മറ്റുള്ളവരും ചേർന്നു രാജ്യാന്തര തലത്തിൽ നിർമിക്കുന്ന ആഭരണങ്ങളുടെ ശേഖരമാണ് എക്സ്പ്രസ് കലക്ഷൻ. താരതമ്യേന ചെലവു കുറഞ്ഞതും അനൗപചാരിക സന്ദർഭങ്ങളിൽ അണിയാൻ യോജിച്ചതുമാണിവ.

ദിവ്യയുടെ ആദ്യത്തെ ലിമിറ്റഡ് എഡിഷൻ വിഭാഗം പുറത്തിറക്കിയതു 2016 ഫെബ്രുവരിയിൽ.ഒരോ ആഭരണത്തിനും ഓരോ കഥ പറയാനുണ്ട്. മഹാഭാരതകഥയെ ആസ്പദമാക്കി രൂപകൽപന. രണ്ടാമത്തെ ലിമിറ്റഡ് എഡിഷൻ അടുത്തമാസം പുറത്തിറങ്ങും; തെക്കേ ഇന്ത്യയിലെ സമ്പന്നമായ ക്ഷേത്ര സംസ്കാരത്തിൽനിന്നു പ്രചോദനമുൾക്കൊണ്ടാണ് സംസ്കാര എന്ന പേരിട്ടിരിക്കുന്ന ഈ ആഭരണശ്രേണി ഉപഭോക്താക്കളെ തേടിയെത്തുന്നത്.

വ്യവസായം തുടങ്ങി ലാഭമുണ്ടാക്കുന്നതു മാത്രമല്ല വിജയകരമായ ജീവിതമെന്നു തിരിച്ചറിഞ്ഞ ദിവ്യ സാമൂഹിക ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിലും മുന്നിലുണ്ട്. മാനഭംഗത്തിന്റെ ഇരകളുടെ പുനരധിവാസം ലക്ഷ്യമിട്ടു പ്രവർത്തിക്കുന്ന പ്രജ്വല ഫൗണ്ടേഷനുമായി ചേർന്നു പ്രവർത്തിക്കുന്നു ഉണ്ണിയാർച്ച. ലാഭത്തിന്റെ ഒരു ഭാഗം പ്രജ്വലയ്ക്കായി നീക്കിവച്ചിരിക്കുന്നു ദിവ്യയും സുഹൃത്തുക്കളും.