നഗരം പുലരിയിലേക്കു കാലൂന്നുന്ന വേളയിൽത്തന്നെ ഈ നർത്തകി കാലിൽ ചിലങ്കയണിയും. പിന്നെ രണ്ടുമണിക്കൂർ പരിശീലനം. നാലു പതിറ്റാണ്ടിനു മേലെയായി ഈ ശീലമുണ്ട്. പക്ഷേ, നർത്തകിയായല്ല, പട്ടിന്റെ അംബാസഡർ എന്ന നിലയിലാണു കൊച്ചി ഇവരെ അറിയുന്നത്, മറ്റാരുമല്ല ബീന കണ്ണൻ.‘രണ്ടാം ക്ലാസുമുതലാണ് ഞാൻ നൃത്തംപഠിച്ചു തുടങ്ങുന്നത്. വലിയ നർത്തകിമാരുടെ പ്രകടനങ്ങളൊക്കെ കൺമിഴിച്ചിരുന്നു കണ്ടിട്ടുണ്ട്. ക്ലാസിക്കൽ ഡാൻസ് ഉണ്ടെന്നറിഞ്ഞാൽ എവിടെയായാലും അച്ഛനുമമ്മയും കാണാൻ പോകും. എന്നെയും കൂട്ടും. അങ്ങനെ താൽപര്യം വളർന്നു. ഭരതനാട്യത്തോടായിരുന്നു പ്രിയം. പഠിച്ചതും അരങ്ങേറ്റം നടത്തിയതുമെല്ലാം അതിൽത്തന്നെ.
∙ചെറിയ പ്രായത്തിൽ നർത്തകിയാകാനായിരുന്നോ മോഹം ?
നൃത്തം ഇഷ്ടമായിരുന്നു. നർത്തകിയാകണമെന്നൊന്നും ആഗ്രഹിച്ചിട്ടില്ല. പഠിക്കുമ്പോൾ കലോത്സവങ്ങളിലൊന്നും സജീവമായിരുന്നില്ല. ഒരു നൃത്തരൂപത്തെ ആഴത്തിൽ മനസ്സിലാക്കുക എന്നുണ്ടായിരുന്നു. ബിസിനസിൽ വന്നതോടെ തിരക്കായി. സമയക്കുറവുണ്ടായിട്ടും ചിലങ്ക വേണ്ടെന്നു വച്ചില്ല. മോളുണ്ടായ സമയത്തുമാത്രം കുറച്ചുസമയം പ്രാക്ടീസ് മുടങ്ങി. അവൾക്കു രണ്ടുവയസ്സായപ്പോൾ വീണ്ടും പരിശീലനം ആരംഭിച്ചു.
∙എന്തുകൊണ്ട് ഭരതനാട്യം
നാട്യശാസ്ത്രാടിസ്ഥാനത്തിലുള്ള നൃത്തരൂപങ്ങളിൽ ഏറ്റവും പ്രധാനമാണു ഭരതനാട്യം. അതിൽ അറിവുനേടാൻ ശ്രമിക്കുന്നതു തന്നെ പുണ്യം.
∙ സാരികളും വസ്ത്രങ്ങളും തേടി മുഴുവൻ സമയവും യാത്രയിലല്ലേ? അപ്പോൾ ചിട്ടയായ പരിശീലനത്തിനു സമയം ലഭിക്കുമോ?
ലോകത്തിന്റെ ഏതു കോണിൽ പോയാലും നൃത്തപരിശീലനം മുടക്കിയിട്ടില്ല. കുറച്ചുകാലം ജിംനേഷ്യത്തിലൊക്കെ പോയിട്ടുണ്ട്. പക്ഷേ, നൃത്തമാകുമ്പോൾ നമുക്കു പരിശീലനത്തിനു മനസ്സു മാത്രം മതി.
∙നൃത്തം എന്തുമാറ്റമാണു ജീവിതത്തിലുണ്ടാക്കിയത്?
എന്റെ ജീവിതത്തിൽ ഏറെ പ്രതിസന്ധികളുണ്ടായി. ആപത്ഘട്ടങ്ങളിലെല്ലാം തുണയായതു നൃത്തം പകർന്ന ആത്മവിശ്വാസമാണ്. ശരീരത്തെയും മനസ്സിനെയും അത് ഒരുപോലെ ദൃഢമാക്കി. നൃത്തം കേവലം ഫിറ്റ്നസ് മന്ത്ര മാത്രമല്ല. ആത്മവിശ്വാസവും ഉന്മേഷവും പ്രസന്നതയും സമ്മാനിച്ചു. 24 മണിക്കൂർ ജോലി ചെയ്യണോ? അതിനു സജ്ജമാക്കിയതു നൃത്തമാണ്.
∙ആരാണു മനസ്സുകൊണ്ടു നമിക്കുന്ന നർത്തകിമാർ?
അച്ഛനുമമ്മയും മദിരാശിയിലൊക്കെ കൊണ്ടുപോയി എന്നെ നൃത്തം കാണിച്ചിട്ടുണ്ട്. വൈജയന്തിമാല, ഹേമമാലിനി തുടങ്ങിയ പ്രഗൽഭമതികളുടെയെല്ലാം നൃത്തം ആസ്വദിച്ചിട്ടുണ്ട്. എല്ലാ കാലത്തെയും നർത്തകിമാരെയും അവരുടെ സ്റ്റൈലുകളെയും അടുത്തറിയാനും പഠിക്കാനും ശ്രമിച്ചിട്ടുണ്ട്. സമീപകാലത്തു മഞ്ജുവാര്യരും കാവ്യ മാധവനുമൊക്കെ എന്റെ ഫേവറിറ്റാണ്.
∙എന്നു കാണും നഗരത്തിലെ കലാസ്വാദകർ ഇനി ബീന കണ്ണന്റെ നൃത്തം ?
വീണ്ടുമൊരു പരിപാടിക്കു തയാറെടുക്കുകയാണ്. കൊച്ചിയിലും ഗുരുവായൂരിലുമാണു നേരത്തെ നൃത്തം നടത്തിയിട്ടുള്ളത്.
ബീന കണ്ണൻ
Advertisement