Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചൈനയുടെ സുവർണമയൂരം ഇനി ഓർമകളുടെ ആകാശത്ത്

Yu Xu Yu Xu

വാൻ യിങ്ങിന് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. രണ്ടു ദിവസം മുമ്പും കണ്ടു സംസാരിച്ച, ഒരുമിച്ച് അത്താഴം കഴിച്ച പ്രിയ സുഹൃത്ത് യു ഷു തന്നെ വിട്ടുപോയിരിക്കുന്നുവെന്ന്. സുഹൃത്തുക്കളെക്കുറിച്ച് ഏറെ കരുതലുണ്ടായിരുന്ന, സ്നേഹവും വിനയവുമുണ്ടായിരുന്ന യു ഷു. നന്നായി വായിക്കുമായിരുന്ന, സ്വപ്നങ്ങളെക്കുറിച്ച് ഏറെ സംസാരിച്ചിരുന്ന യു ഷു. അകാലത്തിൽ അസ്തമിക്കാനായിരുന്നോ അസാധാരണപ്രഭയിൽ ഉദിച്ചുയർന്ന സൂര്യനെപ്പോലെ യു ഷു പ്രശസ്തിയുടെ ഉയരങ്ങൾ കീഴടക്കിയത്.ജീവിതം പാതിവഴി പോലും പിന്നിടുംമുമ്പ്. യൗവ്വനത്തിന്റെ നിറശോഭയിൽ. മുപ്പതാംവയസ്സിൽ.

യു ഷുവിന്റെ അകാലമരണത്തിൽ ദുഃഖിക്കുന്ന ഏകയാളല്ല സുഹൃത്ത് വാൻ യിങ്. ഇക്കഴിഞ്ഞ ദിവസം യു ഷുവിന്റെ മരണവാർത്ത ചൈനയിലെ ഓൺലൈൻ മാഗസിനിൽ വായിച്ചത് 60 ദശലക്ഷം പേർ. വായിക്കുക മാത്രമല്ല പലരും ഞെട്ടലോടെ, വിലാപത്തിന്റെ സ്വരത്തിൽ അന്ത്യാ‍ഞ്ജലിയും കുറിച്ചു. യു ഷു..ഞങ്ങളുടെ വീരനായിക.ആധുനിക കാലഘട്ടത്തിലെ ധീരവനിത. വിട...അഭിമാനത്തോടെ...സ്നേഹത്തോടെ...

ചൈനയെ വിലാപത്തിന്റെ താഴ്‌വരയിലേക്കു വലിച്ചെറിഞ്ഞ യു ഷു ഒരു സാധാരണ സ്ത്രീയല്ല. വളരെചെറിയ കാലം കൊണ്ട് സാഹസികതയുടെ ഉയരങ്ങളിൽ പേര് എഴുതിച്ചേർത്ത ധീരവനിത. ചൈനയുടെ യുദ്ധവിമാനം പറത്തിയ ആദ്യവനിത.കഴിഞ്ഞ ദിവസം വ്യോമാഭ്യാസ പരിശീലനപ്രകടനത്തിനിടെയുണ്ടായ അപകടത്തിൽ വിമാനത്തിൽനിന്നു പുറത്തേക്കു തെറിച്ചുവീണു മരിച്ച പൈലറ്റ്.

ചൈനീസ് യുദ്ധവിമാനം ജെ–10 പറപ്പിച്ച ആദ്യവനിതാ പൈലറ്റാണ് യു ഷു. 2005– ൽ യുഷു ലിബറേഷൻ ആർമിയുടെ വ്യോമസേനാ അംഗമായി. ഏഴുവർഷത്തെ തീവ്രപരിശീലനത്തിനു ശേഷം 2012 – ൽ ജെ–10 വിമാനം പറപ്പിച്ച ആദ്യ വൈമാനിക ആയപ്പോൾ ചരിത്രം യു ഷുവിനു മുന്നിൽ വഴിമാറി. പുരുഷാധിപത്യത്തിന്റെ, സ്ത്രീകൾക്ക് അപ്രാപ്യമെന്നു കരുതിയ ആകാശം പോലും തലകുനിച്ചു.

എനിക്കു സന്തോഷം തോന്നുന്നു. എന്നോടുതന്നെ സ്നേഹം തോന്നുന്നു. ഇതാ ഒരു നാഴികക്കല്ല് താണ്ടിയിരിക്കുന്നു. ഞാൻ ഇപ്പോൾ ഒരു യഥാർഥ യുദ്ധവിമാന പൈലറ്റായിരിക്കുന്നു. ചരിത്രനേട്ടത്തിനുശേഷം യു ഷു പറഞ്ഞ വാക്കുകൾ ഇന്നും പലരും ഓർത്തിരിക്കുന്നു. അത്രപെട്ടെന്നു മറക്കാനാവുമോ ആ അസാധാരണ വിജയിയുടെ ആത്മവിശ്വസത്തിന്റെ വാക്കുകൾ. അന്നു മാധ്യമങ്ങൾ യു ഷുവിനെ വാഴ്ത്തി: ചൈനയുടെ സുവർണമയൂരം. ആധുനിക കാലഘട്ടത്തിന്റെ ആകാശത്തിൽ ധൈര്യത്തിന്റെയും സാഹസികതയുടെയും പീലികൾ വിരിച്ച്, ഒരു തലമുറയ്ക്കു പ്രചോദനത്തിന്റെ മന്ത്രങ്ങളോതിയ അപൂർവ വ്യക്തിത്വം.

Yu Xu Yu Xu

ചൈനീസ് വ്യോമസേനയുടെ ഓഗസ്റ്റ് 1 വൈമാനിക സംഘത്തിലെ അംഗമായിരുന്നു യു ഷു. ഹൈബേയുടെ വടക്കൻ പ്രവിശ്യയിൽ നടന്ന അപകടത്തിൽ യു ഷു നിയന്ത്രിച്ചിരുന്ന വിമാനം മറ്റൊരു വിമാനത്തിന്റെ ചിറകിലിടിച്ചായിരുന്നു അപകടം. വിമാനത്തിൽനിന്നു പുറത്തേക്കു തെറിച്ചുവീണു യു ഷു. രാജ്യത്തു യുദ്ധവിമാനങ്ങൾ പറപ്പിക്കാൻ വൈദഗ്ധ്യമുള്ള നാലു വനിതാ പൈലറ്റുമാരിൽ ഒരാൾ എന്നെന്നേക്കുമായി വിടപറഞ്ഞിരിക്കുന്നു.

യുദ്ധവിമാനം പറത്തിയ ആദ്യവനിതയായയതിനുശേഷം വ്യോമാഭ്യാസങ്ങളിലെ സ്ഥിരം സാന്നിധ്യവുമായിരുന്നു യു ഷു. ഈ മാസമാദ്യം നവംബർ –4 നു നടന്ന ചൈന എയർഷോയിലും യുഷുവിന്റെ സാന്നിധ്യമുണ്ടായിരുന്നു.അന്നത്തെ വ്യോമാഭ്യാസ പ്രകടനം ചൈനയുടെ പുതിയ കാലഘട്ടത്തിലെ സ്ത്രീകൾ വീരനായികയായി കണ്ട യുഷുവിന്റെ അവസാനത്തെ പ്രകടനം.

യു ഷുവിന്റെ അകാലമരണം ഒരു വിവാദത്തിനും തിരികൊളുത്തിയിരിക്കുന്നു ചൈനയിൽ. യുദ്ധവിമാനങ്ങൾ പറപ്പിക്കാൻ സ്ത്രകളെ നിയോഗിക്കുന്നതു വേണ്ടത്ര പരീശീലനം നൽകിയതിനുശേഷമാണോ എന്നാണു ചിലർ സാമൂഹിക മാധ്യമങ്ങളിൽ സംശയം പ്രകടിപ്പിക്കുന്നത്. യഥാർഥത്തിൽ എന്താണു സംഭവിച്ചതെന്ന് ഞങ്ങൾക്ക് അറിയണം.മരണത്തിന്റെ യഥാർഥ കാരണം. കാര്യങ്ങൾ വ്യക്തമാകേണ്ടതുണ്ട്...ഒരാൾ എഴുതിയ കുറിപ്പിങ്ങനെ.

യുദ്ധവിമാനം പറത്തിയ ആദ്യവനിതയായയതിനുഷേഷം സംസാരിക്കുമ്പോൾ സന്തോഷവതിയായിരുന്നു യുഷു. ചൈനയിലെ ഈ മേഖലയിൽ കാര്യങ്ങൾ സംതൃപ്തികരമാണെന്നും അന്നവർ പറഞ്ഞിരുന്നു. പക്ഷേ കാര്യങ്ങൾ മെച്ചപ്പെടേണ്ടതുണ്ട്. ഇനിയും ഏറെദൂരം പോകേണ്ടതുണ്ട്. അതിനു കൂടുതൽ പരിശീലനം വേണം എന്നും കൂട്ടിച്ചേർത്തു.

ഐതിഹ്യകഥകളിലെ വീരനായികമാരുമായാണ് യു ഷു ഇപ്പോൾ താരതമ്യം ചെയ്യപ്പെടുന്നത്. അനുശോചന സന്ദേശങ്ങൾ നവ സാമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നു. യു ഷു എന്ന സുവർണമയൂരം ഇനി ഇല്ല. പക്ഷേ അപകടസാധ്യതയേറെയുള്ള മേഖലയിൽ കടന്നുവരുകയും സമാനതകളില്ലാത്ത നേട്ടങ്ങൾ സ്വന്തം പേരിൽ എഴുതിച്ചേർത്ത് ഒരു കാലഘട്ടത്തെ പ്രചോദിപ്പിക്കുകയും ചെയ്ത ധീരവനിതയായി ഇനിയുമേറെനാൾ ഓർമകളിൽ സാഹസികതയുടെ നടനമാടും യു ഷു എന്ന അപൂർവമയൂരം.  

Your Rating: