ADVERTISEMENT

മാവേലിക്കര ∙ കനത്ത ചൂടിനൊപ്പം രാത്രി മണിക്കൂറുകളോളം വൈദ്യുതി മുടങ്ങുന്നതു നഗരവാസികളെ ദുരിതത്തിലാക്കുന്നു. കഴിഞ്ഞദിവസം രാത്രിയിലുണ്ടായ മഴയെ തുടർന്നു വിഛേദിക്കപ്പെട്ട വൈദ്യുതി പുനഃസ്ഥാപിക്കുന്നതു വൈകിയതോടെ പ്രതിഷേധവുമായി ജനപ്രതിനിധികളും നാട്ടുകാരും കെഎസ്ഇബി ഓഫിസിലെത്തി. കുഞ്ഞുങ്ങളുമായെത്തി പ്രതിഷേധം ഉയർത്തിയ നാട്ടുകാർ 4 മണിക്കൂറിനു ശേഷം വൈദ്യുതി വിതരണം പുനഃസ്ഥാപിച്ച ശേഷമാണു മടങ്ങിയത്.

ശനി രാത്രി എട്ടോടെ ശക്തമായ മഴയും കാറ്റും ഉണ്ടായതിനെ തുടർന്നാണു മാവേലിക്കരയുടെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങിയത്. ഏറെ നേരെ കഴിഞ്ഞിട്ടും വൈദ്യുതി പുനഃസ്ഥാപിക്കാത്തതിനെ തുടർന്നു പലരും കെഎസ്ഇബി മാവേലിക്കര ഓഫിസിലെ ലാൻഡ് ഫോൺ, മൊബൈൽ ഫോൺ എന്നിവയിലേക്കു വിളിച്ചെങ്കിലും ആരും ഫോണെടുത്തില്ല.  നഗരസഭ സ്ഥിരസമിതി അധ്യക്ഷരായ അനി വർഗീസ്, സജീവ് പ്രായിക്കര, കൗൺസിലർ മനസ്സ് രാജൻ എന്നിവരും കെഎസ്ഇബി ഓഫിസിലെത്തി.രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന 2 പേർ ആദ്യം പരാതി വന്ന സ്ഥലത്തു പ്രശ്നം  പരിഹരിക്കാൻ പോയതിനാൽ ഓഫിസിൽ ഒരാൾ മാത്രമാണ് ഉണ്ടായിരുന്നത്.

രാത്രി കെഎസ്ഇബി ഓഫിസിൽ സമരം നടക്കുന്നതറിഞ്ഞു പൊലീസും സ്ഥലത്തെത്തി. ഔദ്യോഗിക ഫോൺ സ്വിച്ച് ഓഫ് ചെയ്ത അസി.എൻജിനീയറുടെ  നടപടിയിൽ നാട്ടുകാർ പ്രതിഷേധിച്ചു.  വൈദ്യുതി വിതരണം പുനഃസ്ഥാപിച്ച ശേഷം രാത്രി പന്ത്രണ്ടരയോടെയാണു കൗൺസിലർമാരും നാട്ടുകാരും മടങ്ങിയത്.  മറ്റു പ്രദേശങ്ങളെ അപേക്ഷിച്ചു മാവേലിക്കര നഗരസഭ പ്രദേശത്തു മുന്നറിയിപ്പില്ലാതെയുള്ള വൈദ്യുതിമുടക്കം ഏറെയാണ്. ടച്ചിങ് വെട്ട് പോലും പലപ്പോഴും പ്രഹസനമാണെന്നു  നഗരസഭ സ്ഥിരസമിതി അധ്യക്ഷൻ അനി വർഗീസ് ആരോപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com