ADVERTISEMENT

ആലപ്പുഴ∙ വേമ്പനാട്ടു കായലിൽ കഴിഞ്ഞ ദിവസം അപകടത്തിൽപെട്ട ഹൗസ് ബോട്ട് സർവീസ് നടത്തിയിരുന്നത് ലൈസൻസ് അടക്കമുള്ള രേഖകൾ ഇല്ലാതെ. 2019 മേയ് 13ന് ഈ ബോട്ടിന്റെ ലൈസൻസ് കാലാവധിയും 2021 ജനുവരി 18ന് റജിസ്ട്രേഷൻ കാലാവധിയും അവസാനിച്ചു.തുറമുഖ വകുപ്പ് സർവേയർ ക്യാപ്റ്റൻ അലക്സ് ആന്റണി ഇന്നലെ ആര്യാട് ഡോക്കിലെത്തി നടത്തിയ പരിശോധനയിലാണ് ഗുരുതര ചട്ടലംഘനം കണ്ടെത്തിയത്. ഓരോ 3 വർഷം കൂടുമ്പോഴും ബോട്ട് ഡ്രൈ ഡോക്കിൽ കയറ്റണമെന്ന ചട്ടവും ഓരോ വർഷം കൂടുമ്പോൾ നടത്തേണ്ട വാർഷിക പരിശോധനയും നടത്തിയിട്ടില്ലെന്നും പരിശോധനയിൽ വ്യക്തമായി. എൻജിൻ റൂമിൽ വെള്ളം കയറുമ്പോൾ ഓട്ടമാറ്റിക് ആയി പ്രവർത്തിക്കേണ്ട ബിൽജി അലാം ബോട്ടിൽ ഉണ്ടായിരുന്നില്ല. ഇതാണ് വെള്ളം കയറിയത് അറിയാൻ വൈകിയത്.

ബോട്ടിന്റെ അടിവശം തകർന്നല്ല വെള്ളം കയറിയതെന്നും സൈഡ് വശത്തെ പലക തകർന്നാണ് വെള്ളം കയറിയതെന്നും കണ്ടെത്തി. ബോട്ടിന്റെ മുൻഭാഗത്ത് അടിപ്പലകയിൽ ഉണ്ടായ ചോർച്ച ടാർ ഉപയോഗിച്ച് അടച്ചിരുന്നതായും കണ്ടെത്തി. അപകടത്തെ കുറിച്ച് പഠിക്കാൻ താനൂർ ബോട്ട് ദുരന്തത്തിന്റെ അന്വേഷണ കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് വി.കെ.മോഹനനും ഇന്നലെ ഡോക്കിൽ എത്തിയിരുന്നു. അടിക്കടി ഉണ്ടാകുന്ന അപകടങ്ങൾ കേരളത്തിന്റെ ടൂറിസം മേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സുരക്ഷയ്ക്ക് പ്രാധാന്യം നൽകി ആർട്ടിഫിഷൽ ഇന്റലിജൻസ് സംവിധാനം പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.നെഹ്റു ട്രോഫി കൊച്ചുപറമ്പിൽ പി.പ്രദീപിന്റെ ഉടമസ്ഥതയിലുള്ള ‘ആര്യമോൾ’ എന്ന ഹൗസ് ബോട്ടാണ് തിങ്കളാഴ്ച വൈകിട്ട് നാലിന് വേമ്പനാട്ടു കായലിൽ തോട്ടാത്തോട് ഭാഗത്ത് മണൽത്തിട്ടയിൽ ഇടിച്ചു കയറിയത്. ആന്ധ്ര സ്വദേശികളായ ദമ്പതികളും കുഞ്ഞും ഹൗസ് ബോട്ടിൽ ഉണ്ടായിരുന്നെങ്കിലും അവരെ ജീവനക്കാർ സുരക്ഷിതരായി കരയിൽ എത്തിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com