ADVERTISEMENT

മാന്നാർ, എടത്വ ∙ അപ്പർകുട്ടനാടൻ പാടശേഖരങ്ങളിൽ നെല്ലുസംഭരണം മുടങ്ങി, ഇന്നലത്തെ മഴ പാടത്തെ മുക്കിയതോടെ കർഷകർ വീണ്ടും കണ്ണീരിലായി.ചെന്നിത്തല, മാന്നാർ പഞ്ചായത്തുകളിലെ പാടശേഖരങ്ങളിൽ നിന്ന് ഒരാഴ്ച മുൻപ് കൊയ്ത നെല്ലാണ് കിഴിവ് കൂടുതൽ വേണമെന്നാവശ്യമുന്നയിച്ചു മില്ലുകാർ എടുക്കാതിരിക്കുന്നത്. ഇനി കൂടുതലും കൊയ്ത്തു നടക്കേണ്ടതും നെല്ല് സംഭരിക്കേണ്ടതും ചെന്നിത്തല പ്രദേശത്താണ്.നെല്ലിൽ 3% വരെ പതിരിന്റെ അളവ് അനുവദനീയമാണ്. എന്നാൽ ചെന്നിത്തല പ്രദേശത്ത് കൊയ്തിട്ടിരിക്കുന്ന നെല്ലിൽ 12.83% വരെ പതിര് ആണെന്നാണ് സപ്ലൈകോ അധികൃതർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്.

ഇതു കാരണം മില്ലുകാർ എല്ലാവരും സംഭരണത്തിൽ നിന്നും പിന്മാറിയതായി കത്തു നൽകി.ഇവിടെ 13 ലോഡ് നെല്ലാണ് പല സ്ഥലങ്ങളിലായി കെട്ടിക്കിടക്കുന്നത്. ഇതിനോടകം ജില്ലയിൽ 1,05,897.78 ടൺ നെല്ല് സംഭരിച്ചു. 59 മില്ലുകാർ ആദ്യം സംഭരണ രംഗത്തുണ്ടായിരുന്നു. പാലക്കാട്ടു നിന്നുള്ള മിക്ക മില്ലുകാരും സംഭരണത്തിൽ നിന്നു പിന്മാറിയിരിക്കുകയാണ്. പതിരു കൂടുതലുള്ള നെല്ല് സംഭരിച്ചാൽ സപ്ലൈകോയുടെ നിർദേശപ്രകാരം ഉള്ള അരി നൽകാൻ കഴിയില്ല എന്ന കാരണം പറഞ്ഞാണ് മാറിയത്.

ഒരു ക്വിന്റൽ നെല്ല് സംഭരിച്ചാൽ 68 കിലോ അരി തിരികെ കൊടുക്കണം എന്നാണ് വ്യവസ്ഥ.കർഷകരുടെയും പാടശേഖര സമിതിയുടെയും പരാതിയെ തുടർന്നു ജില്ലാ പാ‍ഡി ഓഫിസറും മറ്റു ഉദ്യോഗസ്ഥരും പാടശേഖരത്തിലെത്തി മില്ലുകാരും കർഷകരുമായി ധരണയിലെത്തിയിട്ടു പോലും മില്ലുകാർ വാക്കു പാലിക്കുന്നില്ലെന്നാണു കർഷകരുടെ പരാതി. സർക്കാർ നിശ്ചയിച്ചിട്ടുള്ള ന്യായമായ കിഴിവ് നൽകാമെന്നു കർഷകർ പറഞ്ഞിട്ടും 10 മുതൽ 15% വരെ കിഴിവ് വേണമെന്നാണ് മില്ലുകാരുടെ ആവശ്യം. 

ഇന്നലെ പതിവിലും വ്യത്യസ്തമായി ഒന്നര മണിക്കൂറുകളോളം നിന്നു പെയ്ത മഴ കർഷകരുടെ ആശങ്ക വർധിപ്പിക്കുന്നു. പുഞ്ചക്കൃഷി വിളവെടുപ്പ് അവസാനഘട്ടത്തിലാണ്. ഇതിനോടകം 93.88% (26961.32 ഹെക്ടർ) പാടത്തും കൊയ്ത്ത് കഴിഞ്ഞു. ഇതുവരെ 27,505 കർഷകരിൽ നിന്ന് 314.57 കോടി രൂപയുടെ നെല്ലാണ് സംഭരിച്ചത്. 203.28 കോടി രൂപയുടെ ലിസ്റ്റ് ബാങ്കുകൾക്ക് നൽകി. കനറാ ബാങ്കിൽ 9564 കർഷകർക്കുള്ള 127.14 കോടിയുടെയും എസ്ബിഐയിൽ 6776 കർഷകർക്കായി 76.14 കോടി രൂപയുടെയും ലിസ്റ്റാണ് നൽകിയിട്ടുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com