ADVERTISEMENT

ചെന്നൈ ∙ കോർപറേഷൻ പരിപാലിക്കുന്ന പാർക്കുകളിൽ വളർത്തു നായകളെ പ്രവേശിപ്പിക്കുന്നതിന് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. നുങ്കംപാക്കത്തെ പാർക്കിൽ ഞായറാഴ്ച റോട്ട്‌വൈലർ ഇനത്തിൽപ്പെട്ട രണ്ട് വളർത്തുനായ്ക്കൾ 5 വയസ്സുള്ള കുട്ടിയെ കടിച്ച് ഗുരുതരമായി പരുക്കേൽപ്പിച്ച പശ്ചാത്തലത്തിലാണ് നടപടി.  ചികിത്സയിലുള്ള കുട്ടിയുടെ നില മെച്ചപ്പെട്ടതായി അധികൃതർ പറഞ്ഞു. 

നിയന്ത്രണങ്ങൾ ശക്തമാക്കി
ഇനി ഒരു സമയം ഒരു നായയെ മാത്രമേ പാർക്കിൽ കൊണ്ടുവരാൻ അനുവാദമുള്ളൂ. തുടലിൽ ബന്ധിക്കുകയും മാസ്ക് ധരിപ്പിക്കുകയും വേണം. കോർപറേഷൻ പാർക്കുകളിലെ സുരക്ഷ വർധിപ്പിക്കുമെന്നും അധികൃതർ പറഞ്ഞു.എല്ലാ വളർത്തു നായ്ക്കൾക്കും വാക്സീൻ എടുത്തിരിക്കണമെന്നതാണ് പ്രധാനപ്പെട്ട മറ്റൊരു നിർദേശം. കോർപറേഷൻ നൽകുന്ന ലൈസൻസ് ഉള്ളവർക്കു മാത്രമേ നായ വളർത്തലിന് അനുവാദമുള്ളൂ. തെരുവു നായ്ക്കളും തുടലിൽ പൂട്ടാത്ത നായ്ക്കളും പാർക്കുകളിൽ പ്രവേശിക്കുന്നത് പൂർണമായും തടയും. പാർക്കിൽ കൊണ്ടുവരുന്നവയെ കുട്ടികളുടെ കളിയിടങ്ങൾക്കു സമീപം പോകാൻ അനുവദിക്കരുത്.

റോട്ട്‌വൈലർ അടക്കം 23 ഇനം നായകളുടെ പ്രജനനവും ഇറക്കുമതിയും വിൽപനയും ഈയിടെ കേന്ദ്രസർക്കാർ നിരോധിച്ചെങ്കിലും ഈ ഉത്തരവ് ഏപ്രിലിൽ മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. അപകടകാരികളായ നായകളെ വളർത്തുന്നവർ എല്ലാ നിയമങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ കോർപറേഷന്റെ വിവിധ സോണുകളിൽ പരിശോധനകൾ നടത്തുമെന്നും കമ്മിഷണർ പറഞ്ഞു. നിബന്ധനകൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും  മുന്നറിയിപ്പു നൽകി.  


റോട്ട്‌വൈലർ ഉടമകൾക്ക് നോട്ടിസ്
ഞായറാഴ്ച നുങ്കംപാക്കത്തെ പാർക്കിൽ 5 വയസ്സുകാരിയെ കടിച്ച റോട്ട്‌വൈലർ നായകളുടെ ഉടമയ്ക്ക് കോർപറേഷൻ നോട്ടിസയച്ചു. കുട്ടിയെ കടിച്ച 2 നായ്ക്കളെയും 7 ദിവസത്തിനുള്ളിൽ പ്രദേശത്ത് നിന്ന് നീക്കണമെന്നാണ് നിർദേശം. നായ്ക്കളെ മാറ്റിയില്ലെങ്കിൽ ഇവയെ കോർപറേഷൻ പിടികൂടുമെന്നും നിയമ നടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പും നൽകിയിട്ടുണ്ട്. മതിയായ ലൈസൻസ് ഇല്ലാതെയാണ് ഇവയെ വളർത്തുന്നതെന്ന് കോർപറേഷൻ കണ്ടെത്തിയിരുന്നു.  

കുട്ടിക്കു കടിയേറ്റതിനെ തുടർന്ന് നായകളുടെ ഉടമ പുകഴേന്തിയെ ഞായറാഴ്ചയും ഇയാളുടെ ഭാര്യ ധനലക്ഷ്മി, മകൻ വെങ്കടേശ്വരൻ എന്നിവരെ തിങ്കളാഴ്ചയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു.

‌പണമല്ല, മകളുടെ ആരോഗ്യമാണ് വലുതെന്ന് പിതാവ്
പണത്തേക്കാൾ പ്രധാനം മകളുടെ ആരോഗ്യമാണെന്ന് കടിയേറ്റ 5 വയസ്സുകാരി സുദക്ഷയുടെ പിതാവ് രഘു പറഞ്ഞു. നുങ്കംപാക്കത്തെ കോർപറേഷൻ പാർക്കിൽ സുരക്ഷാ ജീവനക്കാരനാണ് രഘു. കുടുംബത്തോടൊപ്പം പാർക്കിൽ തന്നെയുള്ള മുറിയിൽ താമസിക്കുന്ന രഘുവിന്റെ മകളെ ഞായറാഴ്ച വൈകിട്ടാണ് വളർത്തു നായ കടിച്ചത്. തനിക്ക് പണം വേണ്ടെന്നും മകൾ ആരോഗ്യവതിയായി വീട്ടിൽ തിരിച്ചെത്താനാണു കുടുംബാംഗങ്ങൾ കാത്തിരിക്കുന്നതെന്നും രഘു പറഞ്ഞു.

ചികിത്സാ ചെലവുകൾ കോർപറേഷൻ വഹിക്കും
റോട്ട്‌വൈലർ നായകളുടെ കടിയേറ്റ കുട്ടിയുടെ ചികിത്സാ ചെലവുകൾ കോർപറേഷൻ വഹിക്കുമെന്ന് ചെന്നൈ കോർപറേഷൻ കമ്മിഷണർ ജെ.രാധാക‍ൃഷ്ണൻ പറഞ്ഞു. റോയപ്പേട്ട ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കുട്ടിക്ക് കടിയേറ്റ ഭാഗങ്ങളിൽ പ്ലാസ്റ്റിക് സർജറി നടത്താനുള്ള തയാറെടുപ്പിലാണ് ഡോക്ടർമാർ. നാളെ സർജറി നടത്താനാകുമെന്ന് ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. 

നിയന്ത്രണങ്ങൾ സ്വാഗതം ചെയ്ത് മൃഗസ്നേഹികൾ
അരുമ മൃഗങ്ങളെ വളർത്തുന്നതിന് നിയന്ത്രണങ്ങളും ചട്ടങ്ങളും ഏർപ്പെടുത്തുന്നതിനെ സ്വാഗതം ചെയ്യുകയാണ് നഗരത്തിലെ മൃഗസ്നേഹികൾ. കോർപറേഷന്റെ മാർഗനിർദേശങ്ങൾ നല്ലതാണെന്ന് ട്രിപ്ലിക്കേനിൽ താമസിക്കുന്ന എ.കൃഷ്ണൻ പറഞ്ഞു. ഗോൾഡൻ റിട്രീവർ ഇനത്തിൽപ്പെടുന്ന നായയെ വളർത്തുന്ന കൃഷ്ണൻ ഇവയ്ക്ക് കൃത്യമായി വാക്സീനെടുക്കുകയും ആരോഗ്യ പരിശോധനകൾ നടത്തുകയും ചെയ്യുന്നുണ്ട്. ലൈസൻസ് നിബന്ധനയടക്കം പ്രഖ്യാപനത്തിൽ ഒതുങ്ങാതെ കൃത്യമായി നടപ്പിലാക്കണമെന്നും പറഞ്ഞു. നിരത്തുകളിൽ അലഞ്ഞു തിരിയുന്ന കന്നുകാലികളെ പിടിച്ചെടുക്കുമെന്ന കോർപറേഷൻ മുന്നറിയിപ്പ് നടപ്പിലാകാത്തതുപോലെ നായ്ക്കളെ സംബന്ധിച്ച നിർദേശങ്ങളും കാലക്രമേണ അവഗണിക്കപ്പെടരുതെന്നാണു നഗരവാസികളുടെ പ്രതികരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com