ADVERTISEMENT

കളമശേരി ∙ പെരിയാർ മലിനീകരണം തടയുന്നതിനു മലിനീകരണ നിയന്ത്രണ ബോർഡിനെയും പൊലീസിനെയും ഇറിഗേഷൻ, റവന്യു വകുപ്പുകളെയും സഹായിക്കാൻ ജനജാഗ്രതയുടെ നേതൃത്വത്തിൽ പെരിയാർ മലിനീകരണ വിരുദ്ധ സംയുക്ത സമരസമിതി നിരീക്ഷണ ബോട്ട് സംവിധാനം ഏർപ്പെടുത്തുന്നു. നിരീക്ഷണ ബോട്ടിന്റെ ഉദ്ഘാടനം പാതാളം റഗുലേറ്റർ പാലത്തിനു സമീപം 7ന് 10.30ന് ഏലൂർ നഗരസഭാധ്യക്ഷൻ എ.ഡി.സുജിലും കടുങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിലും സംയുക്തമായി നിർവഹിക്കും.

ഏലൂർ, എടയാർ മേഖലയിൽ പുഴയിലേക്കു മാലിന്യം ഒഴുക്കുന്നതു കണ്ടെത്തുന്നതിനും മലിനീകരണ സ്ഥലത്തെ വെള്ളത്തിന്റെ സാംപിൾ തത്സമയം ശേഖരിക്കുന്നതിനും വേണ്ടിയാണ് ഈ മിനി ബോട്ട് സംവിധാനം ഒരുക്കുന്നത്. മലിനീകരണ നിയന്ത്രണ ബോർഡ് ഏലൂരിൽ സർവീലൻസ് സെന്റർ ഒരുക്കിയിട്ടുണ്ടെങ്കിലും സൗകര്യങ്ങൾ തീരെയില്ല. സർവീലൻസ് വാൻ കട്ടപ്പുറത്താണ്. ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവയുടെ പ്രവർത്തനത്തിലും പോരായ്മകളുണ്ട്. പെരിയാറിൽ പട്രോളിങ് നടത്താൻ നാളിതുവരെ സ്പീഡ്ബോട്ടോ വഞ്ചിയൊ ഒന്നും തന്നെയില്ല.

ഗ്രീൻപീസ് എന്ന സംഘടന 2004ൽ ‘റിവർ കീപ്പർ’ എന്ന പേരിൽ പുഴയെ നിരീക്ഷിക്കുന്നതിനു സ്പീഡ്ബോട്ട് സംവിധാനം ഒരുക്കിയിരുന്നു. പിന്നീട് അതും പ്രവർത്തിക്കാതായി. പെരിയാറിന്റെ മലിനീകരണം തടയുന്നതിനു പൊതുജന പങ്കാളിത്തം അനിവാര്യമാണെന്നും കൃത്യമായ നിരീക്ഷണത്തിനും കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കുന്നതിനും മലിനീകരണ നിയന്ത്രണ ബോർഡ‍് തയാറാവാത്തതിനാലാണു ജനങ്ങളുടെ ഇടപെടലെന്നും പെരിയാർ മലിനീകരണ വിരുദ്ധ സംയുക്ത സമിതി ഭാരവാഹികൾ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com