ADVERTISEMENT

തൊടുപുഴ∙ കരിങ്കുന്നം, മുട്ടം പഞ്ചായത്തുകളിലും തൊടുപുഴ നഗരസഭയിലും ഭീതി വിതയ്ക്കുന്ന പുലിയെ പിടികൂടാൻ പ്രത്യേക ആർആർടി സംഘത്തെ നിയോഗിക്കണമെന്ന് സർവകക്ഷി യോഗത്തിൽ ആവശ്യം. രണ്ടു മാസത്തോളമായി ജനങ്ങളിൽ ഭീതി പരത്തി വിഹരിക്കുന്ന പുലിയെ പിടികൂടാൻ കഴിയാത്ത സാഹചര്യത്തിലാണ് ഡീൻ കുര്യാക്കോസ് എംപി, പി.ജെ.ജോസഫ് എംഎൽഎ എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ കരിങ്കുന്നം പഞ്ചായത്ത് ഓഫിസിൽ യോഗം ചേർന്നത്.  ജനപ്രതിനിധികൾക്കു പുറമേ വനംവകുപ്പ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. പുലിയെ പിടികൂടുന്ന കാര്യത്തിൽ വനംവകുപ്പിന്റെ ഭാഗത്തുനിന്നു കാര്യക്ഷമമായ ഇടപെടൽ ഉണ്ടാകുന്നില്ലെന്ന് യോഗത്തിൽ വിമർശനമുയർന്നു.

പുലി വിഹരിക്കുന്ന മേഖലകളിൽ കൂടുതൽ ക്യാമറകൾ സ്ഥാപിക്കണമെന്നും ആർആർടി സംഘത്തെ നിയോഗിക്കണമെന്നും ഡീൻ കുര്യാക്കോസ് എംപി വനംവകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്ന് വനംമന്ത്രിയോടും സിസിഎഫിനോടും ആവശ്യപ്പെടുമെന്ന് പി.ജെ.ജോസഫ് എംഎൽഎ യോഗത്തിൽ അറിയിച്ചു.  കരിങ്കുന്നം പഞ്ചായത്തിലെ ഇല്ലിചാരിയിൽ ഒട്ടേറെ വളർത്തുമൃഗങ്ങൾ പുലിയുടെ ആക്രമണത്തിനിരയാകുകയും പലരും പുലിയെ കാണുകയും ചെയ്‌തെങ്കിലും ദിവസങ്ങൾക്കു ശേഷമാണ് പ്രദേശത്ത് ക്യാമറ സ്ഥാപിക്കാൻ വനംവകുപ്പ് തയാറായതെന്ന് കരിങ്കുന്നം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.തോമസ് ആരോപിച്ചു. 

ക്യാമറ സ്ഥാപിച്ച് അഞ്ചു ദിവസങ്ങൾക്കു ശേഷം ഇതു പരിശോധിച്ചപ്പോഴാണ് പുലിയുടെ ദൃശ്യം ലഭിച്ചത്. ചിത്രം ലഭിച്ചെങ്കിലും പിന്നെയും ദിവസങ്ങൾ കഴിഞ്ഞാണ് കൂടു സ്ഥാപിച്ചതെന്നും നടപടികളിൽ  വനംവകുപ്പിന് ഏകോപനമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുട്ടം പഞ്ചായത്തിലെ വിവിധ മേഖലകളിൽ പുലിയെ കണ്ടതായി ഇതിനോടകം വിവരം ലഭിച്ചെന്നും ഇതിനെ പിടികൂടാൻ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും മുട്ടം പഞ്ചായത്ത് പ്രസിഡന്റ് ഷേർളി അഗസ്റ്റിൻ പറഞ്ഞു.  തൊടുപുഴ ബ്ലോക്ക് പഞ്ചായത്തംഗം ട്രീസ ജോസ് കാവാലത്ത്, കരിങ്കുന്നം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടിന്റു ജോസ്, സ്ഥിരസമിതി അധ്യക്ഷരായ സ്വപ്ന ജോയൽ, ബേബിച്ചൻ കൊച്ചുകരൂർ, മുട്ടം പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷൻ അരുൺ പൂച്ചക്കുഴി, റേഞ്ച് ഓഫിസർ ടോമിൻ ജെ.അരഞ്ഞാണി, ഫോറസ്റ്റ് ഓഫിസർ എ.ജി.സുനിൽ കുമാർ എന്നിവർ യോഗത്തിൽ പ്രസംഗിച്ചു. 

ആർആർടിയെ  നിയോഗിക്കാമെന്ന് വനംമന്ത്രി
പുലിയെ പിടികൂടാൻ ആർആർടി സംഘത്തെ നിയോഗിക്കാമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞതായി പി.ജെ.ജോസഫ് എംഎൽഎ പിന്നീട് അറിയിച്ചു. കോതമംഗലം ഡിഎഫ്ഒയ്ക്ക് ആവശ്യമായ നിർദേശം നൽകാമെന്ന് മന്ത്രി അറിയിച്ചതായും അദ്ദേഹം പറഞ്ഞു. ഇന്നലെ ചേർന്ന യോഗത്തിനു ശേഷമാണ് മന്ത്രിയുമായി പി.ജെ.ജോസഫ് സംസാരിച്ചത്. കഴിഞ്ഞദിവസം സിസിഎഫിനെ വിളിച്ചും പ്രശ്‌നത്തിന്റെ ഗൗരവം അറിയിച്ചിരുന്നതായി എംഎൽഎ പറഞ്ഞു.

പുതിയ തീരുമാനങ്ങൾ
∙ പുലിയെ പിടികൂടാനുള്ള ശ്രമത്തിന്റെ ഭാഗമായി കൂടുതൽ ക്യാമറകളും കൂടും സ്ഥാപിക്കും. നിലവിൽ കരിങ്കുന്നം പൊട്ടൻപ്ലാവിലാണ് കൂട് സ്ഥാപിച്ചിരിക്കുന്നത്. ഇതിനു പുറമേ ഇല്ലിചാരി മലയുടെ മുകളിലായി ഒരു കൂടുകൂടി സ്ഥാപിക്കും. 
∙ 3 ക്യാമറകളാണ് വനംവകുപ്പ് പ്രദേശത്ത് സ്ഥാപിച്ചിരിക്കുന്നത്. ഇതിനു പുറമേ തൊടുപുഴ റേഞ്ച് ഓഫിസിലുള്ള രണ്ടു ക്യാമറകൾ കൂടി വിവിധ മേഖലകളിൽ സ്ഥാപിക്കും. കൂടുതൽ ക്യാമറകൾ തേക്കടി, തട്ടേക്കാട് എന്നിവിടങ്ങളിൽനിന്ന് എത്തിക്കും. 
∙ വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് നടത്തി വരുന്ന പട്രോളിങ് വിപുലീകരിക്കും. 
∙ ആർആർടി സംഘത്തെ നിയോഗിക്കാൻ ശുപാർശ നൽകും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com