ADVERTISEMENT

രാജകുമാരി∙ മനുഷ്യരും കാട്ടാനകളുമായുള്ള സംഘർഷം ലഘൂകരിക്കുന്നതിനുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതി കഴിഞ്ഞ മാസം ആദ്യം സമർപ്പിച്ച ഇടക്കാല റിപ്പോർട്ട് വേനലവധി കഴിഞ്ഞാലുടൻ കോടതി പരിഗണിച്ചേക്കും. 17 വരെയാണ് കോടതിയുടെ വേനലവധി. അരിക്കൊമ്പൻ വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാർച്ചിലാണ് ഹൈക്കോടതി വിദഗ്ധ സമിതിയെ നിയോഗിച്ചത്.

കാെളുക്കുമലയിലേക്കുള്ള ജീപ്പ് സവാരി നിയന്ത്രണം അല്ലെങ്കിൽ നിരോധനം, വിനോദസഞ്ചാരികളുടെ രാത്രിയാത്രാ നിയന്ത്രണം എന്നിവയുൾപ്പെടെ വിനോദ സഞ്ചാര മേഖലയെ പ്രതികൂലമായി ബാധിക്കുന്ന ഒട്ടേറെ നിർദേശങ്ങളുൾപ്പെടുന്ന റിപ്പോർട്ടാണ് സമിതി ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുള്ളത്. കോടതിയിൽ നിന്ന് പ്രതികൂല ഉത്തരവുണ്ടായാൽ ഇടുക്കിയിലെ വിനോദസഞ്ചാര മേഖല മുൻപെങ്ങുമില്ലാത്ത വിധം പ്രതിസന്ധിയിലാകും. 2 വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ കൂടിയുൾപ്പെട്ട വിദഗ്ധ സമിതി ഇത്തരമാെരു റിപ്പോർട്ട് സമർപ്പിച്ചതിൽ മലയോരത്ത് പ്രതിഷേധം ശക്തമാണ്.

ഹൈഡൽ ടൂറിസം  സെന്ററുകൾ ഹൗസ്ഫുൾ; ആനയിറങ്കൽ വിജനം
വേനൽക്കാലത്ത് ജില്ലയിലെ ഹൈഡൽ ടൂറിസം സെന്ററുകളായ ചെങ്കുളം, മാട്ടുപ്പെട്ടി, കുണ്ടള എന്നിവിടങ്ങളിൽ ജല വിനോദങ്ങളിലേർപ്പെടുന്നതിന് ഒട്ടേറെ സഞ്ചാരികളാണ് എത്തുന്നത്. എന്നാൽ ബോട്ടിങ് നിരോധിച്ച ആനയിറങ്കൽ ഹൈഡൽ ടൂറിസം സെന്റർ വിജനമാണ്.

വിദഗ്ധ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ജൂലൈ 14ന് ആനയിറങ്കൽ ജലാശയത്തിലെ ബോട്ടിങ് നിരോധിച്ച് ഹൈക്കോടതിയുടെ ഉത്തരവിറങ്ങിയത്. ആനയിറങ്കൽ ജലാശയത്തിലെ ബോട്ടിങ് കാട്ടാനകൾക്കു ശല്യമാകുന്നു എന്നായിരുന്നു വിദഗ്ധ സമിതിയുടെ കണ്ടെത്തൽ. 

എന്നാൽ അതിനു ശേഷം ആനയിറങ്കൽ ജലാശയത്തിന്റെ ചുറ്റുവട്ടത്ത് കഴിഞ്ഞ ജനുവരിയിൽ മാത്രം 2 പേരാണ് കാട്ടാനയാക്രമണത്തിൽ മരിച്ചത്. ഏക്കർ കണക്കിനു കൃഷിഭൂമിയും കാട്ടാനകൾ നശിപ്പിച്ചു. ബോട്ടിങ് നിരോധിച്ചതിനു ശേഷം കാട്ടാനശല്യം കുറഞ്ഞില്ലെന്നു മാത്രമല്ല ഇരട്ടിയായെന്ന് നാട്ടുകാർ പറയുന്നു. 

ആനയിറങ്കൽ ജലാശയത്തിൽ ബോട്ടിങ് നിരോധിച്ചതോടെ ഹൈഡൽ ടൂറിസം വിഭാഗത്തിന് പ്രതിദിനം ഒരു ലക്ഷം രൂപ നഷ്ടമുണ്ടെന്നാണ് അധികൃതർ പറയുന്നത്. അങ്ങനെ കണക്കാക്കിയാൽ ഇതുവരെ ഒന്നര കോടിയിലധികം രൂപയുടെ നഷ്ടമാണ് ഹൈഡൽ ടൂറിസം വിഭാഗത്തിന് മാത്രമുണ്ടായത്. സമീപത്തെ വ്യാപാര സ്ഥാപനങ്ങളും അടച്ചുപൂട്ടേണ്ട അവസ്ഥയായി.

ആനയിറങ്കൽ ബോട്ടിങ്  ഇനിയോർമ മാത്രം
ആനയിറങ്കലിലെ ബോട്ടിങ് പുനരാരംഭിക്കുന്നതിന് കോടതിയിൽ നിന്ന് അനുകൂലമായ തീരുമാനം ഹൈഡൽ ടൂറിസം വിഭാഗം പ്രതീക്ഷിച്ചിരുന്നു. വനമേഖലയിൽ നിന്ന് അകലെയുള്ള ജലാശയത്തിലെ ബോട്ടിങ് കാട്ടാനകളെ ഒരു തരത്തിലും ബാധിക്കുന്നില്ലെന്ന് ഉൾപ്പെടെയുള്ള വാദങ്ങൾ ഹൈഡൽ ടൂറിസം വിഭാഗം കാെണ്ടുവന്നു. ഇ–ബോട്ടുൾപ്പെടെയുള്ള സാധ്യതകളും ഹൈഡൽ ടൂറിസം വിഭാഗത്തിന്റെ മുന്നിലുണ്ടായിരുന്നു.

എന്നാൽ 10 മാസമായിട്ടും ബോട്ടിങ് പുനരാരംഭിക്കുന്നതിൽ കോടതിയിൽ നിന്ന് അനുകൂലമായ തീരുമാനം ഉണ്ടായിട്ടില്ല. സമാനമായ വിഷയങ്ങളുൾപ്പെടുന്ന മുപ്പതിലധികം ഹർജികളും ഇൗ കേസിനോട് കൂട്ടിച്ചേർത്തതിനാൽ ഇനി ആനയിറങ്കലിലെ ബോട്ടിങ് ഓർമ മാത്രമായി അവശേഷിക്കാനാണ് സാധ്യതയെന്ന് നിയമ വിദഗ്ധർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com