ADVERTISEMENT

ചെറുതോണി ∙ ജില്ലാ പൊലീസിലെ കുറ്റാന്വേഷണ വിദഗ്ധൻ സജിമോൻ ജോസഫ് സർവീസിൽ നിന്നും പടിയിറങ്ങി. നീണ്ട 31 വർഷത്തെ ഔദ്യോഗിക ജീവിതത്തിനൊടുവിൽ വിരമിക്കാൻ ഒരു വർഷം മാത്രം ബാക്കിയുള്ളപ്പോൾ ശാരീരിക ബുദ്ധിമുട്ടുകൾ മൂലം സ്വയം വിരമിക്കുകയായിരുന്നു. 

ക്രിമിനൽ കേസുകൾ തെളിയിക്കാൻ മിടുക്കനായ ഇദ്ദേഹം അന്വേഷിച്ചു തുമ്പുണ്ടാക്കിയ കേസുകൾ എണ്ണിയാൽ തീരില്ല. ജില്ലയിൽ സമീപ കാലത്ത് ഉണ്ടായ പ്രമാദമായ എല്ലാ കൊലപാതക കേസുകളിലും പ്രതികളെ കണ്ടെത്തുന്നതിനു നിർണായക പങ്ക് വഹിച്ചു. 1993 ഫെബ്രുവരി ഒന്നിനു കോൺസ്റ്റബിൾ ആയിട്ടായിരുന്നു ഇടുക്കി അണക്കര സ്വദേശിയായ സജിമോൻ ജോസഫ് (54) ഔദ്യോഗിക ജീവിതത്തിനു തുടക്കം കുറിച്ചത്. 31 വർഷം പിന്നിടുമ്പോൾ കമ്പംമെട്ട് പൊലീസ് സ്റ്റേഷനിലെ എസ്‌ഐ ആയിട്ടാണ് സേവനം അവസാനിപ്പിച്ചത്.

കുറ്റാന്വേഷണത്തിന് വ്യത്യസ്തമായ രീതി
2011ൽ ശാസ്താംമല മേപ്പാറയിൽ മൂന്നു വയസ്സുകാരിയെ കൊലപ്പെടുത്തി മരപ്പൊത്തിൽ ഒളിപ്പിച്ച കേസ് വളരെ തന്ത്രപൂർവമാണു സജിമോൻ അടങ്ങിയ സംഘം തെളിയിച്ചത്. ആരോടും ഇടപെടാത്ത ഒരു കൊച്ചു കുട്ടിയിൽ നിന്നാണ് സജിമോൻ പ്രതിയെ കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്തിയത്. വണ്ടൻമേട്ടിൽ പതിനാറുകാരിയെ സഹോദരിയുടെ ഭർത്താവ് കടത്തിക്കൊണ്ടു പോയി പീഡിപ്പിച്ച്‌ ഗർഭിണിയാക്കിയ കേസിൽ പുരോഹിതന്റെ വേഷമണിഞ്ഞായിരുന്നു സജിമോൻ പ്രതിയെ പിടികൂടിയത്. 

2010ൽ വണ്ടിപ്പെരിയാറിൽ നടന്ന മോഷണ പരമ്പര കേസിൽ സജിമോനും സംഘവുമായിരുന്നു പ്രതിയെ പിടികൂടിയത്. മൊബൈൽ കടയിൽ നിന്നു മോഷണം പോയ ഫോണിലെ സിഗ്‌നൽ പിന്തുടർന്നാണ് ഇവർ പ്രതികൾ സേലത്തുണ്ടെന്നു തിരിച്ചറിഞ്ഞത്. തുടർന്നുള്ള അന്വേഷണത്തിൽ പട്ടുമലയിലെ എസ്റ്റേറ്റ് വീട്ടിലെത്തി കേന്ദ്ര ഉദ്യോഗസ്ഥർ ചമഞ്ഞ് വളരെ തന്ത്രപൂർവമാണു പ്രതികളെ പിടികൂടിയത്. ഇരട്ടക്കൊലപാതക കേസിൽ ജാമ്യത്തിലിറങ്ങി

30 വർഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെയും ഇത്തരത്തിൽ തന്ത്രപൂർവമായാണു സജിയും സംഘവും പിടികൂടിയത്. 2017 ൽ നോട്ട് നിരോധനത്തിനു ശേഷം ഇടുക്കിയിൽ പിടികൂടിയ ഏറ്റവും വലിയ കള്ളനോട്ട് കേസിൽ തുമ്പുണ്ടാക്കിയതും സജിമോനും സംഘവുമായിരുന്നു.  2017 ൽ നടന്ന ഏറ്റവും വലിയ ഹഷീഷ് ഓയിൽ വേട്ടയിൽ സമൂഹത്തിലെ ഉന്നതർ പ്രതി പട്ടികയിൽ വന്നിട്ടും പതറാതെ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവന്നതിലും സജിമോൻ എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ നിശ്ചയദാർഢ്യം എടുത്ത് പറയേണ്ടതാണ്. 

സ്പെഷൽ ടീമിലെ സാന്നിധ്യം
സ്പെഷൽ ഇൻവെസ്റ്റിഗേഷൻ സപ്പോർട്ട് ടീമിലെ അംഗമായിരുന്ന സജി മോഷണ കേസുകളായിരുന്നു കൂടുതലായും കൈകാര്യം ചെയ്തിരുന്നത്. സംസ്ഥാനത്തു നടന്ന പ്രമാദമായ പല കേസുകൾക്കും തുമ്പുണ്ടാക്കുകയും കുപ്രസിദ്ധമായ ഒട്ടേറെ കേസുകൾ തെളിയിക്കുകയും പ്രതികൾക്ക് അർഹമായ ശിക്ഷ വാങ്ങി നൽകുന്നതിൽ പ്രധാന പങ്ക് വഹിക്കുകയും ചെയ്തതിനു 2014 ൽ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിനു അർഹനായി. ഇതിനു പുറമേ ബാഡ്ജ് ഓഫ് ഓണർ ബഹുമതിയും സ്വന്തമാക്കി. ഭാര്യ അജിയും മക്കളായ അലീന, അഖിൽ എന്നിവരടങ്ങുന്നതാണു സജിയുടെ കുടുംബം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com